ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ഗൂഗിള്‍ വീണ്ടും വലിയ ശുദ്ധീകരണത്തിന് ഇറങ്ങി. പ്ലേ സ്റ്റോറില്‍ നിന്ന് 77 അപകടകരമായ ആപ്പുകള്‍ കൂടി നീക്കം ചെയ്തതായി കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതക്കും ഡാറ്റാ സുരക്ഷയ്ക്കും ഭീഷണിയുള്ളവയാണ് ഇത്തവണ നീക്കം ചെയ്ത ആപ്പുകള്‍.
ഗൂഗിള്‍ വ്യക്തമാക്കുന്നത്, ഇത് വലിയൊരു ശുദ്ധീകരണ നടപടിയുടെ ഭാഗമാണെന്നും, ഇത്തരം നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും. കഴിഞ്ഞ വര്‍ഷം മാത്രം 40 ലക്ഷം ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് ശരാശരി ദിവസേന 11,000 ആപ്പുകള്‍! ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതാണ് നീക്കം ചെയ്തവയില്‍ പകുതിയിലധികത്തിനും കാരണം.
2024-ന്റെ തുടക്കത്തോടെ പ്ലേ സ്റ്റോറില്‍ ഉണ്ടായിരുന്ന ആപ്പുകളുടെ വലിയൊരു വിഭാഗം നീക്കം ചെയ്തിരുന്നു. ഇതിനൊപ്പം, ഏകദേശം 1.55 ലക്ഷം ഡെവലപ്പര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൈഡ്‌ലോഡഡ് ആപ്പുകള്‍ക്കെതിരെയും ഗൂഗിള്‍ കര്‍ശന നടപടികളുമായി എത്തിയിട്ടുണ്ട്. ഇനി മുതല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഡെവലപ്പര്‍മാര്‍ക്ക് മാത്രമേ പുതിയ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ.
ഗൂഗിള്‍ ഉപയോക്താക്കളോട് മുന്നറിയിപ്പ് നല്‍കുന്നതും ശ്രദ്ധേയമാണ് ഒരു ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായാല്‍, അത് ഡെവലപ്പര്‍ തന്നെ നീക്കം ചെയ്തു എന്നല്ല അര്‍ത്ഥമാക്കേണ്ടത്, പലപ്പോഴും അത് നിയമലംഘനത്തിന്റെ ഫലമായിരിക്കും. ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തനം തുടരുമെങ്കിലും ഇനി അപ്‌ഡേറ്റുകള്‍ ലഭിക്കില്ല.
പ്ലേ പ്രൊട്ടക്റ്റ് അപകടകരമായ ആപ്പുകള്‍ കണ്ടെത്തിയാല്‍ ഉപയോക്താവിനെ അറിയിക്കുകയും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യും. സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ശീലം വളര്‍ത്തണമെന്ന് വിദഗ്ധര്‍ പറയുന്നു അനുമതികള്‍ പരിശോധിക്കുക, റിവ്യൂസ് വായിക്കുക, വിശ്വസനീയമായ ഡെവലപ്പര്‍മാരില്‍ നിന്നുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.
അതേസമയം, പ്ലേ സ്റ്റോറില്‍ തന്നെ നേരിട്ട് കാണുന്ന പുതിയ 'അണ്‍ഇന്‍സ്റ്റാള്‍' ബട്ടണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഇനി ഏത് ആപ്പും കണ്ടെത്തി ഒരൊറ്റ ക്ലിക്കില്‍ തന്നെ നീക്കം ചെയ്യാം.