ഇന്ത്യന്‍ ടെലിക്കോം വിപണിയില്‍ ആധിപത്യം ശക്തമാക്കാന്‍ അടുത്ത നീക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. രണ്ടുവര്‍ഷത്തിനുള്ളില്‍ 20 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി, കമ്പനിയുടെ നീക്കങ്ങള്‍ അറിയുന്ന കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള വമ്പന്മാര്‍ക്ക് ഇത് വെല്ലുവിളിയാകും.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള ഫോണുകള്‍ നിര്‍മിക്കാന്‍ രാജ്യത്തെ മൊബൈല്‍ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റുകളുമായി റിലയന്‍സ് കൈകോര്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ സ്മാര്‍ട്ട്‌ഫോണിന്റെ വിലയാണ് ഏറ്റവും ആകര്‍ഷകം. 4000 രൂപയെന്നാണ് ക്വിന്റിലെ റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്. ചെലവ് കുറഞ്ഞ വയര്‍ലെസ് നെറ്റ് വര്‍ക്കിനൊപ്പം ചെലവ് കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ കൂട്ടി ചേര്‍ത്ത് രാജ്യത്തെ ടെലിക്കോം മേഖല റിലയന്‍സ് കീഴടക്കും.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പിന്‍ബലത്തില്‍ രാജ്യത്തിലെ പ്രധാന മൊബൈല്‍ ഫോണ്‍ അസംബ്ലിംഗ് കമ്പനികളെ പങ്കാളികളാക്കി മുകേഷ് അംബാനി ചെലവ് കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ഇറങ്ങിയാല്‍ അത് പുതിയ വിപ്ലവം തന്നെയാകും സൃഷ്ടിക്കുക. എന്നാല്‍ ഇതിനോട് റിലയന്‍സ് കേന്ദ്രങ്ങള്‍ പ്രതികരിച്ചിട്ടില്ലെന്നും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടുവര്‍ഷം കൊണ്ട് 15-20 കോടി സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 16.5 കോടി സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യയില്‍ അസംബ്ലി ചെയ്തത്. അത്രയും തന്നെ ബേസിക് ഫീച്ചര്‍ ഫോണുകളും അസംബ്ലി ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം ഭാരതി എയര്‍ടെലും 4ജി ഫോണുകള്‍ നിര്‍മിക്കാന്‍ മാര്‍ഗം തേടുന്നുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണില്ല. അവരിലേക്ക് സ്മാര്‍ട്ട്‌ഫോണുമായി കടന്നുചെല്ലാന്‍ റിലയന്‍സിന് സാധിച്ചാല്‍ ജിയോ പ്ലാറ്റ്‌ഫോമിലൂടെ കമ്പനി നടപ്പാക്കുന്ന വന്‍ പദ്ധതികള്‍ അതിവേഗം രാജ്യത്തെ സാധാരണക്കാരിലേക്ക് വരെ എത്തും.