രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയിലെ ചില രംഗങ്ങള്‍ കുഞ്ചാക്കോ ബോബന്റെ തിരക്കുകാരണം താനാണ് ചെയ്തതെന്ന മിമിക്രി ആര്‍ട്ടിസ്‌റ് സുനില്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
സിനിമയില്‍ കുഞ്ചാക്കോ ബോബന് തിരക്ക് കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് ചില ഷോട്ടുകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പായി അഭിനയിക്കുന്ന സുനില്‍ രാജ് പറഞ്ഞത്.
സുനില്‍ രാജിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കുകയും, 'കുഞ്ചാക്കോ ബോബന്‍ അഭിനയിക്കേണ്ട സീനുകള്‍ മുഴുവന്‍ ഡ്യൂപ്പ് ചെയ്തു', 'നടന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല' എന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ താരത്തിന്റെ ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്. ഒരു മുന്‍നിര നടന്‍ പ്രധാന സീനുകളില്‍ നിന്ന് വിട്ടുനിന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കുഞ്ചാക്കോ ബോബന്റെ താരമൂല്യത്തിന് പോലും കോട്ടം വരുത്തുന്നതായിരുന്നു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെ സുനില്‍ രാജ് എടപ്പാള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വിശദീകരണവുമായി രംഗത്തെത്തി
താന്‍ പറഞ്ഞ കാര്യങ്ങള്‍ ആരും വളച്ചൊടിച്ച് ചാക്കോച്ചനെ വിഷമിപ്പിക്കുന്ന രീതിയിലേക്ക് എത്തിക്കരുത് എന്ന് അദ്ദേഹം അപേക്ഷിച്ചു. 'ചാക്കോച്ചന്‍ എനിക്ക് ഉപകാരം അല്ലാതെ ഒരു ഉപദ്രവവും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. അദ്ദേഹം ഒരു മനുഷ്യനോടും ദ്രോഹം ചെയ്യാത്ത ആളാണ്. തിരക്കുകള്‍ കാരണം അദ്ദേഹം അഭിനയിക്കേണ്ട ചില ഭാഗങ്ങള്‍, അതായത് 'സജഷന്‍ ഷോട്ട്', 'പാച്ച് ഷോട്ട്', 'ചീറ്റിങ് ഷോട്ട്' എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വന്‍സുകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. സിനിമയിലേക്ക് എന്നെ നിര്‍ദ്ദേശിച്ചത് പോലും അദ്ദേഹം തന്നെയാണ്. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ്,' സുനില്‍ രാജ് വ്യക്തമാക്കി.
സുനില്‍ രാജ് ആദ്യം പങ്ക് വച്ച കുറിപ്പ് ഇങ്ങനെയായിരുന്നു
'പുറത്തു വിടാന്‍ പാടില്ലായിരുന്നു, പക്ഷെ വേറെ നിവൃത്തി ഇല്ലാത്തോണ്ടാ. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, 'നീ അയാളെ അവതരിപ്പിച്ചു എന്ത് നേടി?' എന്ന്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്,' എന്നായിരുന്നു സുനില്‍ രാജിന്റെ ആദ്യത്തെ പോസ്റ്റ്. സിനിമയുടെ ലൊക്കേഷനില്‍ കുഞ്ചാക്കോ ബോബന്റെ അതേ ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു.
നടന്‍ തിരക്കിലായിരുന്ന സമയത്ത് താന്‍ ചിത്രത്തിലെ അതിഥി കഥാപാത്രത്തിനായി പ്രവര്‍ത്തിച്ചു എന്ന സുനില്‍ രാജിന്റെ വാക്കുകള്‍ സിനിമ വ്യവസായത്തില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ നിര്‍മ്മാതാവ് അജിത് തലപ്പിള്ളി രംഗത്തെത്തിയിരിക്കുകയാണ്. സുനില്‍ രാജിന്റെ ആദ്യ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്നും അത് തിരുത്തപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'സുനില്‍ രാജ് ഞങ്ങളുടെ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എന്നാല്‍ അത് കുഞ്ചാക്കോ ബോബന് പകരമായിട്ടല്ല. എല്ലാ സിനിമകളിലും പ്രധാന താരങ്ങള്‍ക്ക് ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുപോലെ, ചാക്കോച്ചന്റെ ഡ്യൂപ്പ് മാത്രമായിട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്. കുഞ്ചാക്കോ ബോബന്‍ ഞങ്ങള്‍ക്ക് നല്‍കിയ ഏഴു ദിവസത്തെ ഡേറ്റുകളിലും അദ്ദേഹം കൃത്യമായി എത്തി അഭിനയിച്ചിരുന്നു. പ്രധാന സീനുകളെല്ലാം ചാക്കോച്ചന്‍ തന്നെയാണ് ചെയ്തത്. സുനില്‍ രാജ് പ്രവര്‍ത്തിച്ചത്, ചാക്കോച്ചന്‍ അവിടെ ഇരിക്കുന്നതുപോലെ തോന്നിക്കുന്ന 'സജഷന്‍ സീനുകളില്‍' മാത്രമാണ്. അദ്ദേഹത്തിന് അതിനുള്ള വേതനവും നല്‍കിയിട്ടുണ്ട്. ചാക്കോച്ചനായി താന്‍ അഭിനയിച്ചു എന്ന് ഒരാള്‍ പുറത്തുപറയുന്നത് അദ്ദേഹത്തെ കളിയാക്കുന്നതിന് തുല്യമാണ്. സാമ്പത്തികമായി ഞങ്ങളെ സഹായിച്ച ഒരു നടനോട് ചെയ്യുന്ന അനീതിയാകും ഇത്,' നിര്‍മ്മാതാവ് അജിത് തലപ്പിള്ളി പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ ശബ്ദവും രൂപവുമായി അവിശ്വസനീയമായ സാമ്യം പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ രാജ് എടപ്പാള്‍. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും 'ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. താന്‍ എന്തിനാണ് ചാക്കോച്ചനെ അനുകരിക്കുന്നത് എന്ന് പലരും ചോദിച്ചു തുടങ്ങിയപ്പോഴാണ്, തനിക്ക് നടന്‍ ചെയ്തു തന്ന വലിയ ഉപകാരം വെളിപ്പെടുത്തേണ്ടി വന്നതെന്നാണ് സുനില്‍ രാജ് തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ ആദ്യം സൂചിപ്പിച്ചത്.