എയര്‍ടെലിന് പുറകേ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ കോളിങ്, സന്ദേശമയയ്ക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത കോളിങ് സര്‍വീസ് നല്‍കുന്നതിനായി ജിയോ ഏപ്രില്‍ 17 വരെ 100 മിനിറ്റ് സൗജന്യ കോളിങും എസ്എംഎസും നല്‍കും. വാലിഡിറ്റി തീര്‍ന്നുപോയാലും വരിക്കാര്‍ക്ക് ഇന്‍കമിങ് കോളുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
100 മിനിറ്റ് സൗജന്യ കോളിങ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. നേരത്തെ, ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് സൗകര്യം ഒരുക്കിയിരുന്നു.
ഫോണ്‍ വാലറ്റുകള്‍, യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മുന്‍പ് ഫോണുകള്‍ റീചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജിയോ വരിക്കാര്‍ക്ക് മറ്റൊരു ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ്.
ലോക്ഡൗണ്‍ സമയത്ത് വരിക്കാര്‍ക്ക് സൗജന്യ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരേയൊരു ടെലികോം കമ്പനിയല്ല ജിയോ. എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയും ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ 17 വരെ സൗജന്യ പ്ലാനുകള്‍ നല്‍കിയിട്ടുണ്ട്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കി. കൂടാതെ ഏപ്രില്‍ 20 വരെ ബിഎസ്എന്‍എല്‍ സിമ്മുകളൊന്നും നിര്‍ത്തലാക്കില്ലെന്ന് ഇലക്ട്രോണിക്‌സ്, ഐടി, കമ്മ്യൂണിക്കേഷന്‍സ്, ലോ & ജസ്റ്റിസ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് പാക്കുകളുടെ കാലാവധി വര്‍ധിപ്പിക്കുമെന്ന് വോഡഫോണും പ്രഖ്യാപിച്ചിരുന്നു.