സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം വീണ്ടും ഒരു പ്രധാന അപ്ഡേറ്റ് അവതരിപ്പിച്ചു. കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഇപ്പോള്‍ റീലുകള്‍ പരമ്പരയായി ബന്ധിപ്പിച്ച് അവതരിപ്പിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കുന്നു. 'സീരീസ്' എന്ന പേരിലാണ് ഈ പുതിയ സംവിധാനം എത്തിച്ചിരിക്കുന്നത്.
റീലുകള്‍ നിരന്തരം ചെയ്യുന്നവര്‍ക്ക് തമ്മില്‍ ബന്ധമുള്ള വീഡിയോകള്‍ കണ്ടെത്താന്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് വലിയ പ്രയാസമുണ്ടായിരുന്നു. പുതിയ ഫീച്ചര്‍ വഴി, ഒരു വിഷയവുമായി ബന്ധപ്പെട്ട റീലുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു സീരീസ് രൂപത്തില്‍ അവതരിപ്പിക്കാനാകും. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ഉള്ളടക്കം എളുപ്പത്തില്‍ പിന്തുടരാനും തുടര്‍ച്ചയായി കാണാനും കഴിയും. പ്ലാറ്റ്ഫോമില്‍ പ്രേക്ഷകരെ കൂടുതല്‍ സമയം സജീവമാക്കുക എന്നതും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതുമാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്.
സീരീസ് ഫീച്ചറിന്റെ സഹായത്തോടെ, ക്രിയേറ്റേഴ്‌സ് റീലുകള്‍ക്ക് വിഷയം, പശ്ചാത്തലം തുടങ്ങിയവയെ അടിസ്ഥാനമാക്കി മറ്റൊരു റീലുമായി ലിങ്ക് ചെയ്യാം. പഴയ റീലുകളിലേക്കും പുതിയ റീലുകളിലേക്കും ഇതേ സംവിധാനം ഉപയോഗിക്കാം. എന്നാല്‍, സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി മാത്രം പോസ്റ്റ് ചെയ്ത റീലുകള്‍ ലിങ്ക് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
എങ്ങനെ റീല്‍ ലിങ്ക് ചെയ്യാം?
റീലിന്റെ ക്യാപ്ഷന്‍ ബോക്‌സിന് താഴെ 'ലിങ്ക് എ റീല്‍' എന്നൊരു ഓപ്ഷന്‍ പ്രത്യക്ഷപ്പെടും.
അവിടെ ടാപ്പ് ചെയ്ത് താങ്കള്‍ ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന റീല്‍ തിരഞ്ഞെടുക്കുക. (ഒരു സമയം ഒരു റീല്‍ മാത്രം).
ലിങ്ക് ചെയ്ത റീലിന് ഒരു ടൈറ്റില്‍ നല്‍കുക. (15 വാക്കുകള്‍ക്കുള്ളില്‍).
ഒടുവില്‍ ''ഓക്കെ'' അമര്‍ത്തി റീല്‍ ഷെയര്‍ ചെയ്യുക.
ലിങ്ക് ചെയ്ത ശേഷം, വീഡിയോയുടെ താഴെ ഇടതു ഭാഗത്ത് ഒരു പ്രത്യേക ബട്ടണ്‍ കാണാനാകും. അതിലൂടെ പ്രേക്ഷകര്‍ക്ക് ആ സീരീസിലെ തുടര്‍ റീലുകള്‍ ക്രമമായി കാണാന്‍ കഴിയും.