അലോസരപ്പെടുത്തുന്ന മാർക്കറ്റിങ് കോളുകളെ തടയാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. അതിന് വേണ്ടി ഒരു പുതിയ ഫീച്ചറും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഗൂഗിളിന്റെ ഫോൺ ആപ്ലിക്കേഷനിലേക്കാണ് ഈ പുതിയ സൗകര്യം എത്തുക. ഇതുവഴി വാണിജ്യ ആവശ്യങ്ങൾക്കായുള്ള കോളുകൾ സംബന്ധിച്ച സ്ഥിരീകരിച്ച വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
'വെരിഫൈഡ് കോൾസ്' എന്ന് വിളിക്കുന്ന ഈ പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ വിലാസം വെരിഫൈ ചെയ്യാം. ഫോൺ കോൾ ലഭിക്കുന്നവർക്ക് കമ്പനിയുടെ പേര് കാണാം അവരെ വിളിക്കാനുള്ള കാരണവും കാണിക്കാം. ലളിതമായി പറഞ്ഞാൽ വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ ഔദ്യോഗിക ഫോൺ വിളിയാണെന്ന് ഉപയോക്താക്കളെ അറിയിക്കാനും ഫോൺ വിളിക്കുന്നതിന്റെ കാരണം മുൻകൂട്ടി വ്യക്തമാക്കാനും ഇതുവഴി സാധിക്കും.
ഈ വെരിഫൈഡ് കോളുകൾക്ക് വാണിജ്യ സ്ഥാപനത്തിന്റെ ലോഗോയും ഉണ്ടായിരിക്കും. ഉപയോക്താക്കളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും വാണിജ്യ പങ്കാളികളുമായി പങ്കുവെക്കില്ലെന്ന് ഗൂഗിൾ പറഞ്ഞു. ഈ പുതിയ ഫീച്ചറിനെ കുറിച്ച് ആൻഡ്രോയിഡ് പൊലീസ് എന്ന വെബ്സൈറ്റാണ് ആദ്യം റിപ്പോർട്ട് ചെയ്ത്. ഈ സംവിധാനത്തിൽ വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഫോൺ വിളി സംബന്ധിച്ച വിവരങ്ങൾ ആദ്യം ഗൂഗിൾ സെർവറിലേക്ക് അയക്കണം. ഈ വിവരങ്ങളാണ് ഗൂഗിൾ ഫോൺ ആപ്പിലൂടെ ഉപയോക്താക്കളെ അറിയിക്കുക.
ഗൂഗിളിന്റെ വെരിഫൈഡ് കോളുകൾ ഫോൺ അപ്ലിക്കേഷനിൽ പ്രവർത്തനക്ഷമമായിരിക്കും. ഇത് ഉപയോക്താക്കൾക്ക് ഒഴിവാക്കാനുള്ള ഓപ്ഷൻ ഉണ്ടാവും.നിയമാനുസൃതമായ വാണിജ്യ കോളുകളോട് മാത്രം പ്രതികരിക്കാൻ ഗൂഗിളിന്റെ വെരിഫൈഡ് കോൾ സംവിധാനം ഉപയോക്താക്കളെ സഹായിക്കും. ടെലിമാർക്കറ്റിങ് തട്ടിപ്പുകൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇന്ത്യയിൽ, സമാന സവിശേഷതകളുമായി ട്രൂകോളർ ആപ്ലിക്കേഷൻ ഇതിനോടകം വലിയ പ്രചാരം നേടിയിട്ടുണ്ട്. സ്പാം കോളുകൾ റിപ്പോർട്ടുചെയ്യാനും ലേബൽ ചെയ്യാനും ട്രൂകോളർ ആപ്ലിക്കേഷൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്.