ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിനായി വാട്‌സ്ആപ്പ് ഒരുങ്ങുന്ന പുതിയ സവിശേഷതയാണ് 'ഗസ്റ്റ് ചാറ്റ്‌സ്'. ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായി സന്ദേശം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ. വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ നിരീക്ഷിക്കുന്ന വാബീറ്റഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ആന്‍ഡ്രോയ്ഡ് 2.25.22.13 ബീറ്റ പതിപ്പിലാണ് 'ഗസ്റ്റ് ചാറ്റ്‌സ്' എന്ന പേരില്‍ ഈ സവിശേഷതയിലേക്കുള്ള സൂചനകള്‍ പുറത്തുവന്നത്. താല്‍ക്കാലിക ആശയവിനിമയത്തിന് സഹായിക്കുന്ന ഈ സംവിധാനം ഇപ്പോള്‍ വികസനഘട്ടത്തിലാണ്. വാട്‌സ്ആപ്പ് ഇക്കോസിസ്റ്റത്തിനകത്തായിട്ടാകും ഗസ്റ്റ് ചാറ്റുകള്‍ പ്രവര്‍ത്തിക്കുക എന്നതും ശ്രദ്ധേയമാണ്.
ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കോണ്‍ടാക്റ്റിലുള്ള ഒരാള്‍ക്ക് ഇന്‍വൈറ്റ് ലിങ്ക് അയയ്ക്കണം. ആ ലിങ്ക് ലഭിക്കുന്നവര്‍ക്ക് വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെയും അക്കൗണ്ട് സൃഷ്ടിക്കാതെയും തല്‍ക്കാലികമായി ചാറ്റ് ആരംഭിക്കാനാകും.
എന്നാല്‍ ഈ സംവിധാനം ചില നിയന്ത്രണങ്ങള്‍ക്കിടയിലാകും പ്രവര്‍ത്തിക്കുക. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമേ കൈമാറ്റം ചെയ്യാന്‍ കഴിയൂ. ഫോട്ടോ, വീഡിയോ, ജിഫ്, വോയ്സ്, വീഡിയോ മെസ്സേജ് എന്നിവയും കോളുകള്‍ പോലും ഇതിലുടെ പിന്തുണയ്ക്കില്ല.
വാട്ട്സ്ആപ്പിന്റെ സ്വന്തം സുരക്ഷാ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ഈ പുതിയ സംവിധാനം. ഔദ്യോഗിക അപ്ഡേറ്റ് പുറത്തുവരുന്നത് കൂടി കാത്തിരിക്കുകയാണ് നിലവിലെ സ്ഥിതി. അതേസമയം, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വ്യാപകവുമായ ആശയവിനിമയ അനുഭവം ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.