ഗൂഗിള്‍ മാപ്പ് ആശ്രയിച്ച് സഞ്ചരിക്കുന്നതിനിടെ പലപ്പോഴും അപകടങ്ങള്‍ സംഭവിച്ചുവരുന്ന സാഹചര്യത്തില്‍, ഇനി യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭ്യമാകും. യാത്രാമാര്‍ഗത്തില്‍ അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ മാപ്പില്‍ തന്നെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ആരംഭിച്ചു.
പദ്ധതി ആദ്യം നടപ്പിലാക്കിയത് ദില്ലി ട്രാഫിക് പൊലീസ് ആണ്. രാജ്യതലസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ് ലക്ഷ്യം. 2024-ല്‍ മാത്രം 1,132 അപകടങ്ങള്‍ സംഭവിച്ച 111 സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ടുകളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ 500-ലധികം പേര്‍ ജീവന്‍ നഷ്ടപ്പെടുത്തി. യാത്രക്കാര്‍ ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ 100 മുതല്‍ 200 മീറ്റര്‍ മുമ്പ് തന്നെ ഗൂഗിള്‍ മാപ്പ് ജാഗ്രതാ അലേര്‍ട്ട് നല്‍കും.
ദേശീയപാത ശൃംഖലയില്‍ 5,800-ലധികം ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടങ്ങളുടെ തോത് കുറഞ്ഞത് 10 ശതമാനം കുറയ്ക്കുക എന്നതാണ് ബന്ധപ്പെട്ട അധികാരികളുടെ പ്രധാന ലക്ഷ്യം. പുതിയ സംവിധാനത്തോടെ വാഹനയാത്ര കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷ.