Latest News

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഭാഗ്യരാജ് പിടിയിലായത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍; പിന്നില്‍ സുരേഷ് ഗോപിയുടെ കരുതല്‍; നടി പങ്ക് വക്കുന്നത്

Malayalilife
 പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഭാഗ്യരാജ് പിടിയിലായത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍; പിന്നില്‍ സുരേഷ് ഗോപിയുടെ കരുതല്‍; നടി പങ്ക് വക്കുന്നത്

നടി പ്രവീണയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ പ്രതി തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് (26) ഡല്‍ഹിയില്‍ നിന്നും പിടിയിലായതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നുള്ള അതിവേഗ ഇടപെടല്‍. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടന്‍ സുരേഷ് ഗോപി ഇടപെട്ട് പ്രവീണയുടെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതോടെയാണ് അതിവേഗം പ്രതി പിടിയിലായത്. ലൊക്കേഷനില്‍ വച്ചാണ് പ്രതി പിടിയിലായ വിവരം അറിഞ്ഞതെന്നും വിവരം അറിഞ്ഞ് ആദ്യം പൊട്ടിക്കരഞ്ഞെന്നും നടി പ്രവീണ പറഞ്ഞു.

നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നേരിട്ട് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായതോടെ പരാതി നേരിട്ട് നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപി നേരിട്ട് പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. പി എം ഓഫീസില്‍നിന്നുമുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാന്‍ വഴിയൊരുക്കിയതെന്നും പ്രവീണ പറഞ്ഞു.

കേരള സൈബര്‍ പൊലീസില്‍ പരാതി അഞ്ച് വര്‍ഷമായി നിരന്തരം നല്‍കുന്നുണ്ട്. സഹോദരന്റെ പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെപ്പോലും പ്രതി വെറുതെവിട്ടില്ല. ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വളരെ വികൃതമാക്കിയാണ് പ്രചരിപ്പിച്ചിരുന്നത്. തന്റെയും മകളുടെയും മാത്രമല്ല, കുടുംബത്തിലുള്ള മറ്റ് അംഗങ്ങളുടെ ചിത്രങ്ങളടക്കം മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചു. ആരാധകനെന്ന വ്യാജേനയാണ് ആദ്യം സൈബര്‍ ആക്രമണം തുടങ്ങിയത്. ക്രിമിനല്‍ മാനസികവസ്ഥയുള്ളയാളാണ്. കുഞ്ഞുങ്ങളെപ്പോലും ആക്രമിക്കുകയായിരുന്നുവെന്നും പ്രവീണ പറഞ്ഞു.

ആരോടും വ്യക്തിബന്ധം പുലര്‍ത്തിയിരുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സുഹൃത്തക്കളൊന്നുമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണെന്നും അറിഞ്ഞിരുന്നു. ദിനംപ്രതി ഉച്ചയ്ക്ക് ഒരുമണിക്ക് ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഇത് നിരന്തരം തുടരുകയാണ്. ഈ അശ്ലീല ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവീണയുമായി ബന്ധമുള്ളവരെ ടാഗ് ചെയ്ത് അയച്ചു നല്‍കുകയായിരുന്നു. നഗ്‌നമായ ഫോട്ടോകളായി മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചിരുന്നത്.

തന്റെ വിദ്യാര്‍ത്ഥിയായ മകളുടെയും അമ്മയുടേയും സഹോദരന്റെ ഭാര്യയുടെയുമടക്കം ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പ്രവീണ മരിച്ചെന്ന പേരില്‍ ഫോട്ടോകള്‍ മാലയിട്ട് ആദരാഞ്ജലികള്‍ എന്നെഴുതി പ്രചരിപ്പിച്ചു.

ഇന്നലെ വരെയും അശ്ലീല ഫോട്ടോ അയച്ചിരുന്നു. താന്‍ എതെങ്കിലും ആളുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താല്‍ അവര്‍ക്ക് ഇത്തരം അശ്ലീല ഫോട്ടോ അയച്ച് നല്‍കുന്നതടക്കം നിരന്തരം തന്നെ ഫോളോ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നും പ്രവീണ പറഞ്ഞു.

മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ സുരേഷ് ഗോപിയെ ഈ വിവരം അറിയിച്ചിരുന്നു. അദ്ദേഹം പരാതി പ്രധാനമന്ത്രി നേരിട്ട് നല്‍കാമെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാമെന്ന് അറിയിച്ചെങ്കിലും തൃപ്രയാറിലെ പരിപാടി ഷെഡ്യൂളില്‍ വന്നതോടെ അതിന് സാധിച്ചില്ല. പരാതി നേരിട്ട് നല്‍കാന്‍ കഴിയാതെ വന്നതോടെ സുരേഷ് ഗോപി പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച് നല്‍കുകയായിരുന്നു.

വളരെ വേഗേത്തിലാണ് നടപടിയുണ്ടായത്. പ്രതിയെ പിടികൂടിയെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് വിവരം അറിഞ്ഞത്. സുരേഷ് ഗോപി വിളിച്ചിരുന്നു. വിവരങ്ങള്‍ പറഞ്ഞിരുന്നു. സന്തോഷമായില്ലെ, നടപടിയായില്ലെ എന്ന് ചോദിച്ചു.

താനും മകളും ഭര്‍ത്താവും സഹോദരനുമെല്ലാം നിരന്തരം പരാതി നല്‍കിയിട്ടും സൈബര്‍ പൊലീസ് വേണ്ടത്ര കാര്യക്ഷമമായി നടപടി എടുത്തിരുന്നില്ലെന്നും പ്രവീണ പറഞ്ഞു. സംസാരിക്കുമ്പോള്‍ നടപടി സ്വീകരിക്കാമെന്ന് പറയുമെങ്കിലും വേണ്ടത്ര ഓഫീസേഴ്സ് ഇല്ല. ഒരുപാട് കേസുകളുണ്ട് എന്നിങ്ങനെ മറുപടി പറയുമായിരുന്നു.

ഭാഗ്യരാജ് ഒരു വര്‍ഷത്തിലെ 365 ദിവസവും അശ്ലീല ചിത്രം പ്രചരിപ്പിച്ചിരുന്നു. ആദ്യം അറസ്റ്റ് ചെയ്തത് ലിങ്ക് വച്ചിട്ടായിരുന്നു. അതിനാല്‍ അശ്ലീല ചിത്രം എല്ലാവര്‍ക്കും ടാഗ് ചെയ്ത് അയച്ചു നല്‍കുകയായിരുന്നു. എല്ലാവരും കണ്ടുവെന്ന് മനസിലായാല്‍ ആ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്താലും വേറെ അക്കൗണ്ട് തുടങ്ങി അതിലൂടെ പ്രചരിപ്പിക്കുന്നതായിരുന്നു രീതി. എത്രയോ ഫോണ്‍ നമ്പര്‍ വച്ചിട്ടായിരുന്നു ക്രൂരത തുടര്‍ന്നത്.

പ്രവീണയുടെ കുടുംബം നശിപ്പിക്കണം എന്നിങ്ങനെ ശാപവാക്കുകള്‍ പറഞ്ഞും കമന്റുകള്‍ ഇടുമായിരുന്നു. സൈബര്‍ പൊലീസില്‍ നിന്നും വിളിച്ചാണ് അറസ്റ്റ് വിവരം അറിയിച്ചത്. സുരേഷ് ചേട്ടനെ വിളിച്ച് ചോദിച്ചപ്പോളാണ് കൂടുതല്‍ വിവരം അറിഞ്ഞതെന്നും പ്രവീണ പറഞ്ഞു, നേരത്തെ കൊടുത്ത പരാതിയിലെ വിവരങ്ങളടക്കം സുരേഷ് ഗോപിക്ക് കൈമാറിയിരുന്നു.

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇതിനെതിരെ പ്രവീണ രംഗത്തെത്തിയതെടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു പരാതി.

തുടര്‍ന്നാണ് നാലംഗ പൊലീസ് ടീം ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്നു കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി മൂന്ന് മാസം റിമാന്‍ഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതല്‍ ദ്രോഹിക്കുകയാണെന്നു പ്രവീണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

''ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മ്മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അദ്ധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു.'' നടി പ്രവീണ പറഞ്ഞു.


 

Read more topics: # പ്രവീണ
actress praveena case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES