സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ഇലോണ്‍ മസ്‌കിനെതിരെ 'പോയ്സണ്‍ പില്‍ പ്രതിരോധം' അഥവാ ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍ സ്വീകരിച്ച് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ്. മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ പൂര്‍ണമായും സ്വന്തമാക്കാതിരിക്കാനാണ്, മുന്‍കരുതല്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ നീക്കം. വെള്ളിയാഴ്ചയാണ് ട്വിറ്റര്‍ ബോര്‍ഡ് പുതിയ നയം വ്യക്തമാക്കിയത്.
പോയ്സണ്‍ പില്‍ പദ്ധതി പ്രകാരം ട്വിറ്ററിന്റെ 15 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ആരെങ്കിലും വാങ്ങിയാല്‍, ആ ഇടപാടിന് ഒരു വര്‍ഷം മാത്രമേ കാലവധി ഉണ്ടാവു. കൂടാതെ ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനം ഓഹരികള്‍ സ്വന്തമാക്കിയാല്‍ , നിലവിലെ മറ്റ് ഓഹരി ഉടമകള്‍ക്ക് വിലക്കിഴിവില്‍ കൂടുതല്‍ ഓഹരികള്‍ നല്‍കുകയും ചെയ്യും. വലിയ തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ഒരു സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പോയ്സണ്‍ പില്‍.
1980കളില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎല്‍ആര്‍കെ എന്ന സ്ഥാപനമാണ് ഈ തന്ത്രം വികസിപ്പിച്ചത്. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഓഹരി വിപണിയിലൂടെ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യത ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍ തടയുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങളൊന്നും ട്വിറ്ററിനെ സ്വന്തമാക്കാനുള്ള മസ്‌കിന്റെ നീക്കത്തെ തടയുന്നതല്ല. ഡയറക്ടര്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തിയും കൂടുതല്‍ ആകര്‍ഷകമായ തുക വാഗ്ദാനം ചെയ്തും മസ്‌കിന് ശ്രമം തുടരാവുന്നതാണ്. കൂടാതെ ട്വിറ്റര്‍ ബോര്‍ഡിന്റെ നടപടിയെ ഓഹരി ഉടമകള്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതുമാണ്.
3.27 ലക്ഷം കോടി രൂപയ്ക്ക് (4300 കോടി ഡോളര്‍) ട്വിറ്ററിനെ പൂര്‍ണമായും ഏറ്റെടുക്കാമെന്നായിരുന്നു ഇലോണ്‍ മസ്‌ക് അറിയിച്ചത്. ഒരു ഓഹരിക്ക് 25.20 ഡോളര്‍ വീതമാണ് മസ്‌ക് ട്വിറ്ററിന് വിലയിട്ടത്. നിലവില്‍ ട്വിറ്ററിന്റ 9.2 ശതമാനം ഓഹരികളാണ് മസ്‌കിനുള്ളത്. കമ്പനിയുടെ ഉടമസ്ഥാവകാശം സ്വയം ഏറ്റെടുക്കുന്നതിന് പകരം 'നിയമം അനുവദിക്കുന്നത്ര ഓഹരി ഉടമകളെ നിലനിര്‍ത്തുമെന്നും മസ്‌ക് അറിയിച്ചിരുന്നു. ഓഫര്‍ സ്വീകരിച്ചില്ലെങ്കില്‍ ഓഹരി ഉടമ എന്ന നിലയിലുള്ള തന്റെ സ്ഥാനം പുനപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക് ട്വിറ്ററിനെ അറിയിച്ചിട്ടുണ്ട്.