മലയാളികള്‍ക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാ രോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം വിഡിയോകള്‍ താരം പങ്ക് വക്കാറുണ്ട്. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ അശ്വതി ശ്രീകാന്ത് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്.പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചു മൊക്കെ നിരന്തരം സംസാരിക്കുന്ന അശ്വതി പുതിയ വീഡിയോയിലൂടെ പങ്ക് വച്ച മുന്നറിയിപ്പ് ആ്ണ് പുതിയ ചര്‍ച്ക്ക് കാരണം.
കുട്ടികളുടെ സ്വകാര്യതയെ മാനിക്കാതെ, അവരുടെ കരച്ചിലോ വാശിയോ നിറഞ്ഞ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെയാണ് വീഡിയോ. ഇത്തരം വീഡിയോകള്‍ കുട്ടികള്‍ക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 'ക്യൂട്ട് അല്ല, തമാശയുമല്ല' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അശ്വതി തന്റെ നിലപാട് വ്യക്തമാക്കിയത്.
താനും സമാനമായ തെറ്റ് മുന്‍കാലങ്ങളില്‍ ചെയ്തിട്ടുണ്ടെന്ന് അശ്വതി സമ്മതിച്ചു. മകള്‍ സ്‌കൂളില്‍ പോകാന്‍ മടിച്ച് കരഞ്ഞ ഒരു നിമിഷം തമാശരൂപേണ വീഡിയോ എടുത്ത് പങ്കുവെച്ചെന്നും, എന്നാല്‍ പിന്നീട് അത് വലിയ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞെന്നും അവര്‍ വ്യക്തമാക്കി. ആ വീഡിയോ കണ്ട പലരും തന്റെ മകളോട് അക്കാര്യം ചോദിച്ചപ്പോള്‍ അവള്‍ വല്ലാതെ വേദനിച്ച് തന്നെ നോക്കിയെന്നും, അപ്പോഴാണ് താന്‍ ചെയ്തതിന്റെ ഗൗരവം തിരിച്ചറിഞ്ഞതെന്നും അശ്വതി പറഞ്ഞു. കുട്ടികള്‍ക്ക് വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ അവരോടൊപ്പം സമയം ചെലവഴിച്ച് അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടതെന്നും, അല്ലാതെ ക്യാമറയുമായി രംഗപ്രവേശം ചെയ്യുകയല്ല വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
ദയവ് ചെയ്ത് നിങ്ങളുടെ കുട്ടികളുടെ ഏറ്റവും വള്‍നറബിള്‍ ആയ മൊമന്റ്‌സ്, അവര്‍ കരയുന്നത്, വാശി കാണിക്കുന്നത് ഇതൊന്നും ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടരുത്. ഞാന്‍ ഇതേ തെറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തതാണ്. അത് അഡ്മിറ്റ് ചെയ്തു കൊണ്ടു തന്നെ പറയുകയാണ്. എന്റെ മകള്‍ സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ മാെമന്റുണ്ട്. അന്ന് ഒരു തമാശയായാണ് ഇത് ഷെയര്‍ ചെയ്യാമെന്ന് വിചാരിച്ചത്. പക്ഷെ ഇന്ന് ഞാനതില്‍ പശ്ചാത്തപിക്കുന്നു. സ്‌കൂളില്‍ പോകാന്‍ മടിയാണല്ലേ, കരയുന്നത് കണ്ടല്ലോ എന്ന് ആ വീഡിയോ കണ്ട് മോളോട് പലരും ചോദിച്ചു. അമ്മയുടെ മുന്നില്‍ വെച്ച് ഞാന്‍ ചെയ്ത കാര്യമാണ്, ഇതെങ്ങനെയാണ് ലോകം മുഴുവന്‍ അറിഞ്ഞത് എന്ന് ചിന്തിച്ച് അവള്‍ അന്തം വിട്ട് എന്നെ നോക്കി. ആ മൊമന്റിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്., ഞാന്‍ ചെയ്തത് വലിയ തെറ്റാണെന്ന്.
ഇമോഷന്‍ പ്രോസസ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് അവര്‍ അങ്ങനെ പ്രതികരിക്കുന്നത്. ആ സമയത്ത് ക്യാമറ എടുക്കാതെ അവരുടെ കൂടെ ഇമോഷന്‍ റെഗുലേറ്റ് ചെയ്യാന്‍ ഇരുന്ന് കൊടുക്കുക എന്നതാണ് ഒരു പേരന്റ് എന്ന നിലയില്‍ ചെയ്യേണ്ടത്'', ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വതി പറഞ്ഞു. 'ക്യൂട്ട് അല്ല, തമാശയുമല്ല' എന്ന തലക്കെട്ടോടെയാണ് അശ്വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പലരും അശ്വതിയുടെ വാക്കുകളോട് യോജിച്ചു. അതേസമയം കമന്റ് ബോക്‌സില്‍ മറ്റൊരു അഭിപ്രായവും വന്നു. നിങ്ങള്‍ക്ക് സ്വന്തം മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ കമന്റിന് അശ്വതി ശ്രീകാന്ത് മറുപടി നല്‍കി.
കുട്ടികള്‍ കരയുന്നതോ വൈകാരികമായി ദുര്‍ബലമായ നിമിഷമോ പോസ്റ്റ് ചെയ്യരുതെന്നാണ് ഞാനുദ്ദേശിച്ച സന്ദേശം. അവര്‍ക്ക് ആ സമയക്ക് വേണ്ടത് സപ്പോര്‍ട്ട് ആണ്. ക്യാമറ അല്ല. അതിനര്‍ത്ഥം ഒന്നും ഷെയര്‍ ചെയ്യരുതെന്നല്ലെന്നാണ് അശ്വതി നല്‍കിയ മറുപടി. റെഡിറ്റില്‍ അശ്വതി ശ്രീകാന്തിന്റെ വാക്കുകളെക്കുറിച്ച് മറ്റ് ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ദിയ കൃഷ്ണ, പേളി മാണി എന്നിവരെയാണ് ഇവിടെ നെറ്റിസണ്‍സ് പരാമര്‍ശിക്കുന്നത്.