കുഞ്ഞിക്കരച്ചില്‍ കേട്ട് ഇനി ടെന്‍ഷനാവേണ്ട..കുഞ്ഞുങ്ങളുടെ കരച്ചിലിന് കാരണം കണ്ടെത്തി പരിഹാരം കണ്ടെത്താം..
അമ്മമാരുടെ ഉറക്കം കെടുത്തലിനെപ്പറ്റി പറയുന്ന ഒന്നാണല്ലോ കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്‍. കാര്യവും കാരണവുമറിയാതെയുള്ള കരച്ചിലുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അമ്മമാര്‍ പാടുപെടാറാണ് പതിവ്.
വിശക്കുമ്പോള്‍ മാത്രമോ,വാശിക്കാരായതു കൊണ്ടോ മാത്രമാണ് കുഞ്ഞുങ്ങള്‍ കരയുന്നതെന്ന തെറ്റിദ്ധാരണ പല അമ്മമാര്‍ക്കിടയിലും ഉണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ പല കാരണങ്ങള്‍ കൊണ്ടാവാം. അതു മനസ്സിലാക്കുന്ന കാര്യത്തിലും അമ്മമാര്‍ മിടുക്കികളാവണം.
കരച്ചില്‍
കരയാത്ത കുഞ്ഞുങ്ങളില്ലല്ലോ. ജനിച്ചയുടന്‍ തന്നെ കുഞ്ഞു കരയും. ശ്വാസോച്ഛ്വാസം കരച്ചിലൂടെയാണ് തുടങ്ങുക. കുഞ്ഞു കരയുമ്പോള്‍ അമ്മയ്ക്ക് വിഷമമാകും. എന്നാല്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് കഴിയണം.
കുഞ്ഞ് കരയുമ്പോള്‍
ഓരോ കുഞ്ഞിനും ഓരോ രീതിയാണ്. കുഞ്ഞ് കരയുന്നത് എപ്പോഴും എന്തെങ്കിലും സഹായത്തിനായിരിക്കും. അല്ലെങ്കില്‍ അസ്വാസ്ഥ്യം മൂലമായിരിക്കും.
അത് വിശപ്പാകാം, ദേഹത്തുള്ള തുണി നനഞ്ഞിട്ടാകാം, ശരീരത്തിലെ മറ്റ് അസുഖാനുഭവം ആകാം, അസ്വാസ്ഥ്യം കുഞ്ഞ് കരഞ്ഞ് മാറ്റുന്നതാവാം.
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് അമ്മയ്ക്കു എളുപ്പം മനസ്സിലാകും. കരച്ചിലിന്റെ രീതിയില്‍ നിന്നു തന്നെ കാരണം മിക്കവാറും മനസ്സിലാകും. വിശന്നുള്ള കരച്ചില്‍ ഹ്രസ്വവും ശബ്ദം കുറഞ്ഞതുമായിരിക്കും.
ദേഷ്യത്തിലുള്ള കരച്ചിലിന് ശബ്ദം കൂടും. വേദനിച്ചുള്ള കരച്ചില്‍ പെട്ടെന്നും ഉച്ചത്തിലുമായിരിക്കും. ഉറങ്ങിയുണരുമ്പോള്‍ കുട്ടികള്‍ കരയുന്നത് മിക്കപ്പോഴും വിശന്നിട്ടാകും.
എങ്ങനെ കരച്ചിലകറ്റാം?
1. ഏറ്റവും എളുപ്പവഴി എത്രയും പെട്ടെന്ന് കുഞ്ഞിനെ എടുത്ത് ശരീരത്തോട് ചേര്‍ത്തുപിടിക്കാവുന്നതാണ്.
2. കുഞ്ഞിനെ കയ്യിലെടുത്ത് താരാട്ടണം
3. തോളില്‍ കിടത്തി തലയിലും മുതുകിലും മൃദുവായി തട്ടിയാല്‍ നന്ന്.
4. കമ്പിളിയിലോ ബ്ളാങ്കറ്റിലോ പൊതിഞ്ഞു കിടത്താം.
5. പാട്ടുപാടി കേള്‍പ്പിക്കാം.
6. സന്തോഷത്തോടെ കുഞ്ഞിനോട് സംസാരിക്കണം.
7. ശബ്ദം കുറച്ച് പാട്ട് കേള്‍പ്പിക്കുന്നതും കൊള്ളാം.
8. കൈയില്‍ എടുത്തു കൊണ്ട് നടക്കാം.
9. തോളില്‍ കിടത്തി മുതുകില്‍ തട്ടി വയറ്റിലെ ഗ്യാസ് കളയുന്നതും നന്ന്.
10. ഇളം ചുടുവെള്ളത്തില്‍ നനച്ചു തുടയ്ക്കാം.
ചില കുഞ്ഞുങ്ങള്‍ കരഞ്ഞിട്ടേ ഉറങ്ങൂ. അല്പനേരം കരയാന്‍ വിട്ടാല്‍ കരഞ്ഞ് ക്ഷീണിച്ച ശേഷം മെല്ലെ ഉറങ്ങിക്കൊള്ളും. എന്തു ചെയ്തിട്ടും ഉറങ്ങുന്നില്ലെങ്കില്‍ കുഞ്ഞിന് എന്തെങ്കിലും അസുഖമായിരിക്കുമെന്നൂഹിക്കാം.
പനിയാകാം, ചെവി വേദനയാകാം, കണ്ണുവേദനയാകാം, വയറുവേദനയാകാം. ഇതിനു ഡോക്ടറെ കണ്ടേ മതിയാകൂ. കുഞ്ഞിനും ടെന്‍ഷന്‍ ഉണ്ടാകാമെന്നു പറഞ്ഞല്ലോ. കുഞ്ഞ് കരയുമ്പോള്‍ അമ്മയ്ക്കു ടെന്‍ഷന്‍ കൂടരുത്. ശാന്തമായി സമചിത്തതയോടെ കുഞ്ഞിനെ സാന്ത്വനിപ്പിക്കുക.
കുട്ടി എത്ര കരഞ്ഞാലും അമ്മ ദേഷ്യം പിടിക്കരുത്. അമ്മ എത്ര ശാന്തമായിരിക്കുന്നോ അത്രയും വേഗം കുഞ്ഞിന്റെ കരച്ചിലകറ്റാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കുഞ്ഞുങ്ങള്‍ കരയും. നവജാതശിശുക്കള്‍ ഒന്നു മുതല്‍ നാലു മണിക്കൂര്‍ വരെ വെറുതേ ഒരു ദിവസം കരയാറുണ്ട്.
അമ്മയുടെ ഗര്‍ഭാശയത്തിനു പുറത്തെ വ്യത്യസ്തമായ ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായും കുഞ്ഞു കരയാം. കുഞ്ഞ് കരയുമ്പോഴെല്ലാം കരച്ചിലകറ്റാന്‍ ഒരമ്മയ്ക്കും കഴിഞ്ഞെന്നു വരില്ല. അതോര്‍ത്തു വിഷമിക്കുകയും വേണ്ട.