പ്രിയ സ്‌കൂൾക്കുട്ടീ,
മഴ, യൂണിഫോമിന്റെ പുതുമണം, വിദ്യാർത്ഥിരാഷ്ട്രീയം, പിടിഏ, കൊടിതോരണങ്ങൾ, സ്‌കൂളിനവധിയാണെന്ന പ്രഖ്യാപനം തരുന്ന സന്തോഷം എന്നിങ്ങനെ പലതരം നൊസ്റ്റാൾജിയകളാൽ സമൃദ്ധമായിരുന്നു, ജൂൺ ഒന്നാം തീയതിയുടെ ഫേസ്‌ബുക്ക് സ്ട്രീം. നിന്റെ അനുഭവവും മറിച്ചാണെന്ന് കരുതുന്നില്ല
എന്റെ സ്‌കൂൾകാലവും നിന്റെ സ്‌കൂൾകാലവും താരതമ്യം ചെയ്ത് മഹത്വം എക്‌സ്‌ചേയ്ഞ്ച് ചെയ്യാന്മാത്രം പഴക്കമെനിക്കില്ല. പക്ഷേ ഇത്രയും പറയാം. പരീക്ഷവരുമ്പോൾ ഓർമ്മയിൽ നിന്ന് ഛർദ്ദിക്കാൻ പാകത്തിനുള്ള സാധനമേ എന്റെ സ്‌കൂൾ എന്നെ ഏറിയകൂറും പഠിപ്പിച്ചുള്ളൂ. അത് എത്രത്തോളം ദഹിക്കാത്ത പരുവത്തിൽ ഛർദ്ദിക്കാമോ അത്രത്തോളം മാർക്ക് കൂട്ടിയിട്ട് തന്ന് എന്റെ അദ്ധ്യാപകർ എന്നെ വാനോളം പൊക്കി. കൊളച്ചൽ യുദ്ധം ഏത് കാലത്ത് നടന്നു എന്ന ഭാഗം അടിവരയിട്ട് തരുമ്പോൾ എന്റെ അദ്ധ്യാപകർ പറഞ്ഞത് 'ഇത് ളശഹഹ ശി വേല യഹമിസ ആയി കഴിഞ്ഞതിന്റെ മുന്നത്തെ വർഷം ഫൈനൽ എക്‌സാമിനു ചോദിച്ചിരുന്നു' എന്നാണ്. അല്ലാതെ മാർത്താണ്ഡവർമ്മയുടെ കാലത്തെ ചരിത്ര സംഭവങ്ങളോ സാമൂഹ്യ ജീവിതമോ എന്താണെന്ന് ചർച്ച ചെയ്യാൻ ആരും മുതിർന്നില്ല.
മഴയത്ത് ഇത്ര വേഗത്തിൽ നടക്കുമ്പോൾ നയാതിരിക്കണേൽ കുടപിടിക്കേണ്ടുന്ന ആംഗിൾ ഇന്നതാണെന്ന് വെക്റ്റർ ദിശയുപയോഗിച്ച് കണ്ട് പിടിക്കുന്ന ഫോർമുലയടക്കം ഫോർമുലകളുടെ മന്നായിരുന്ന ഞങ്ങടെ ഫിസിക്‌സ് മാഷ് എന്നെ എന്തൊക്കെയോ പഠിപ്പിച്ചു വിട്ടു. ഫിസിക്‌സിനെനിക്ക് 98% മാർക്കുണ്ടായിരുന്നു, പക്ഷേ എന്റെ ഗവേഷണാവശ്യത്തിനും ഇപ്പോൾ വൈദ്യാവശ്യത്തിനും ചില ലളിത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടി വരുമ്പോൾ പട്ടിക്ക് ലാപ് ടോപ്പ് കിട്ടിയ പോലാണ്! 56% വാങ്ങി പാസായി വേറേ പണിക്ക് പോയ സുഹൃത്ത് മജീദ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ആശാനായിരുന്നു. അവനെ ഒരു എഞ്ചിനിയറിങ് കോളെജും എടുത്തില്ല. എൻട്രൻസിന്റെ റാങ്ക് 'കനം' പോരായിരുന്നത് കൊണ്ട്.
പത്തിലോ ഒൻപതിലോ, ഇ.ആർ ബ്രെയ്‌ത്വെയ്റ്റിന്റെ (ഋറംമൃറ ഞ ആൃമശവേംമശലേ) അതിമനോഹരമായ 'ഠീ ടശൃ ണശവേ ഘീ്‌ല'ൽ നിന്നുമൊരു ഭാഗം പഠിപ്പിച്ചപ്പോൾ കറുത്തവർഗക്കാരന്റെ സാമൂഹ്യാവസ്ഥയെപ്പറ്റി എന്നോടാരും മിണ്ടിയത് പോലുമില്ല. ബ്രെയ്‌ത്വെയ്റ്റിന്റെ പുസ്തകങ്ങൾ സൗത്താഫ്രിക്കൻ വംശവിരോധി സർക്കാർ ഏറെക്കാലം നിരോധിച്ചിരുന്നുവെന്നും ഞാൻ അറിഞ്ഞത് ഇന്റർനെറ്റ് കണക്ഷൻ വീട്ടിൽ വന്നതിനു ശേഷം ചുമ്മാ ചിലത് തപ്പുമ്പോഴാണ്.
ബയോളജി ക്‌ളാസിൽ ആദ്യമായി ഡാർവീനിയൻ പരിണാമസിദ്ധാന്തം (സിദ്ധാന്തമല്ല, നിയമം) പഠിപ്പിച്ച അദ്ധ്യാപികയെ സ്റ്റാഫ് റൂമിൽ ചെന്ന് കണ്ട്, ഇതിലെവിടെയാ ദൈവം എന്ന് ചോദിച്ചപ്പോൾ കിട്ടിയ കണ്ണുരുട്ടൽ ഇനിയും മറന്നിട്ടില്ല. തോമസ് ഹക്സ്ലിയെയോ പീറ്റർ മെഡാവാറിനെയോ സ്റ്റീവൻ ജെ ഗൂൾഡിനെയോ വായിക്കൂ, കൂടുതൽ അറിവ് കിട്ടും, എന്ന് ഒറ്റ അദ്ധ്യാപഹയരും പറഞ്ഞു തന്നില്ല. ആ വഹ പുസ്തകങ്ങൾ യേശുക്രിസ്തുവിന്റെ വിരിഞ്ഞ കൈകൾക്കു കീഴിൽ നിൽക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ തന്നെ ഉണ്ടെന്ന് കണ്ടിട്ടില്ല. ന്യൂറോസയൻസിൽ പ്രാന്ത് കയറുന്ന ഹൈസ്‌കൂൾ കാലത്ത് വായിച്ച മൂന്ന് പേരേ (ഫ്രാൻസിസ് ക്രിക്ക്, റിച്ചാഡ് റെസ്റ്റാക്ക്, റീത്ത കാർട്ടർ) കണ്ട് കിട്ടിയത് ഏലൂർ ലൈബ്രറി എന്ന സ്വകാര്യ ലെൻഡിങ് ലൈബ്രറിയിൽ നിന്നാണ്.
'കേരളത്തിന്റെ സ്‌കോട്ട് എന്ന വിശേഷണത്തിനു എന്തുകൊണ്ടും അർഹനാണു സി വി രാമൻപിള്ള. 'ധർമ്മരാജ'യെ മുൻനിർത്തി സമർത്ഥിക്കുക' എന്നത് എസ്.എസ്.എൽസിക്ക് വരാവുന്ന ചോദ്യമാണെന്നും പലയാവർത്തി ഇത് മുൻവർഷങ്ങളിൽ ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞ് എന്റെ അദ്ധ്യാപകർ പ്രസ്തുത ചോദ്യത്തിനു പറ്റിയ 'സമർത്ഥനോത്തരം' വടിവൊത്ത കൈയക്ഷരത്തിലെഴുതിച്ച് ഫോട്ടോക്കോപ്പിയെടുത്ത് തരുകയാണുണ്ടായത്. സ്‌കോട്ടിഷ് ഇംഗ്‌ളിഷ് സാഹിത്യത്തിന്റെ തമ്പുരാന്മാരിലൊരാളായ വാൾടർ സ്‌കോട്ട് ആരാണെന്നോ എന്താണു സ്‌കോട്ടിന്റെ ശൈലിക്കും രാമൻപിള്ളയുടെ ശൈലിക്കും തമ്മിൽ താരതമ്യം എന്നോ ഒരു പിടിയും ഇല്ലാതെ എന്തൊക്കെയോ എഴുതിച്ചേർത്ത് ഞാൻ മലയാളം രണ്ടാം പേപ്പറിനും തൊണ്ണൂറ്റിയെട്ട് ശതമാനം വാങ്ങി. എന്നുവച്ചാൽ എന്റെ പേപ്പർ നോക്കിയ മഹാൻ മാർക്കിട്ടത് എനിക്കല്ല, എന്റെ അദ്ധ്യാപകന്റെ 'സമർത്ഥന' സാമർത്ഥ്യത്തിനാണ്, പുള്ളിയുടെ വാചകങ്ങൾക്കും വാക്കുകൾക്കുമാണ്; അക്ഷരാർത്ഥത്തിൽ.
അദ്ധ്യാപകരെയോ സ്‌കൂളിനെയോ കുറ്റം പറയാനല്ല ഇത്രയും എഴുതിയത്. ഞാനും എന്റെ കുടുംബവും ഒരു സബ് യൂണിറ്റായ നമ്മുടെ സമൂഹം നിശ്ചയിച്ചു വച്ച പാളത്തിലൂടെ എല്ലാരും ഓടുന്നു എന്നുറപ്പുവരുത്തുക എന്നത് മാത്രമായിരുന്നു ഒട്ടുമിക്ക സ്‌കൂളുകളെയുമെന്ന പോലെ എന്റെ സ്‌കൂളിന്റെയും ദൗത്യം. അതവർ ഭംഗിയായി നിർവഹിച്ചു. നിന്റെ തലയിലും ഇത്രയുമൊക്കെ ഓടാൻ സമയമെടുക്കുമെന്നറിയാം. കിണറ്റിലെ തവളയ്‌ക്കെന്ത് ആകാശഗംഗ? ബൈ ദ് വേ, പറഞ്ഞ് വന്നത് സ്‌കൂളൊരു പാഴ് സ്ഥലമാണെന്നല്ല. ഡിഗ്രി വാലില്ലാതെ മുകളിലോട്ട് പോകുക എന്നത് അസാധ്യമായ ഒരു സമൂഹത്തിലും കാലത്തിലും ജീവിക്കുമ്പോൾ അതിനൊത്ത് കളിക്കാതെ തരമില്ല. പക്ഷേ അക്‌ബറിന്റെ ഭരണ പരിഷ്‌കാരവും ലോകമഹായുദ്ധത്തിലെ ആർച് ഡ്യൂക്ക് ഫെർഡിനാന്റിന്റെ റോളും നേസ്റ്റ് ഇക്വേഷനും ആൽകഹോൾ ആൽഡിഹൈഡ് ആവാൻ എത്ര തവണ ഓക്‌സിഡൈസ് ചെയ്യണമെന്നും ഒക്കെ വാരിത്തിന്നു മടുക്കുമ്പോൾ ഒരു സ്വല്പം സമയം ഉള്ളിലേക്ക് നോക്കാനും, പറ്റിയാൽ പുറത്തേയ്ക്ക് നോക്കാനും മാറ്റി വയ്ക്കുക.
ഇടയ്ക്ക് എവിടെയെങ്കിലും വച്ച് 'ഇതിലെവിടെയാ ദൈവം?' എന്ന് തോന്നിയാൽ അതൊരു തെറ്റല്ല :)
എന്ന് സ്വന്തം
ഉപദേശി ബ്രദർ ജോൺ പകലണ്ണാൻ