കെഎസ്ആര്‍ടിസി പ്രൈവറ്റ് ബസുകളുടെ മത്സയോട്ടത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തന്റെ സഹോദരനെ തനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നെന്ന് താരം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ കുറിച്ചു. ഒന്നുകില്‍ കേരളസര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം എന്നും അല്ലെങ്കില്‍ ഇത്തരത്തില്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകര്‍ക്കാനുള്ള ലൈസന്‍സ് തനിക്ക് തരണം എന്നും മാധവ് സുരേഷ് കുറിച്ചു
രണ്ടു ബസുകള്‍ മത്സരിച്ച് ഓടി അപകടം ഉണ്ടാകുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്‌കൊണ്ടാണ് മാധവ് സുരേഷ് കുറിപ്പ് പങ്കുവച്ചത്.
മാധവ് സുരേഷിന്റെ കുറിപ്പ്
'കേരളത്തിലെ ജനങ്ങള്‍ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് ഞാന്‍ മുന്‍പ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരില്‍ ഒരു സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് എന്റെ സഹോദരന്‍ വിശാഖിനെ എനിക്ക് നഷ്ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്ഠന്‍ ഗോകുലും ഗുരുവായൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡില്‍, അര്‍ദ്ധരാത്രിയില്‍ രണ്ട് ബസുകള്‍ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തില്‍ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത്.
കെഎസ്ആര്‍ടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എന്റെ നിര്‍ദേശം. അല്ലാത്തപക്ഷം ഇത്തരത്തില്‍ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാല്‍ ആ വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറാനും വിന്‍ഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകര്‍ക്കാനും എനിക്ക് ക്ലീന്‍ പാസ് നല്‍കേണ്ടതാണ്.'' മാധവ് സുരേഷ് കുറിച്ചു.