കുട്ടികളെ സമ്പാദ്യ ശീലമുള്ളവരായി വളര്‍ത്തുക. അതിന് വേണ്ടി മാതാപിതാക്കള്‍ കുട്ടിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സ്‌കൂളിലും മറ്റും പോകുമ്പോള്‍ കൈയില്‍ പോക്കറ്റ് മണി കൊടുക്കുന്നത് പല മാതാപിതാക്കളും സാധാരണയായി ചെയ്യുന്ന കാര്യമാണല്ലോ. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പണം ഉപയോഗിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കുന്നത് നല്ലതായിരിക്കും. ഇത് കുട്ടികളില്‍ പണത്തിന്റെ വില മനസ്സിലാക്കാന്‍ സഹായിക്കും. പലപ്പോഴും ധാരാളം പണം കുട്ടികള്‍ക്ക് കിട്ടുമ്പോള്‍ അവര്‍ക്ക് പണത്തിന്റെ വില മനസ്സിലായിക്കൊള്ളണമെന്നില്ല. അത് കൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ നല്ല വണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികളുടെ കൈയില്‍ ധാരാളം പണം കിട്ടിത്തുടങ്ങുമ്പോള്‍ അവര് ധൂര്‍ത്തരായി മാറും എന്ന് പറഞ്ഞുവല്ലോ. ഇത് ഇല്ലാതാക്കാന്‍ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുക. കൂട്ടികള്‍ക്ക് പണം നല്‍കിത്തുടങ്ങുന്നതോടൊപ്പം തന്നെ പണം ശേഖരിക്കാനുള്ള കുടുക്ക പോലെയുള്ളതും വാങ്ങിക്കൊടുക്കുക. ഇത് കുട്ടികളില്‍ സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. മാത്രമല്ല കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കുള്ള പണം ഇതിലൂടെ കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ വളരെ ഉത്സാഹത്തോടെ തന്നെ പണം ശേഖരിച്ച് തുടങ്ങും എന്ന് പറയേണ്ടതില്ലാല്ലോ.
കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുകയും പണം കൈകാര്യം ചെയ്യാനുള്ള കഴിവിനെ വളര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രോത്സാഹനം മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനും കുട്ടികളെ സഹായിക്കും.
പണം സൂക്ഷിക്കുന്നത് കുട്ടികളാണെങ്കിലും അത് എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്ന കാര്യത്തില്‍ മാതാപിതാക്കളില്‍ ഒരു ശ്രദ്ധ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.മാത്രമല്ല പോക്കറ്റ് മണി കൂട്ടികള്‍ക്ക് അമിതമായി ലഭിക്കുന്നത് ഷോപ്പിംഗ് ഭ്രമം വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ വളരെ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.