തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന ഒരു രീതിയാണ് കുട്ടികളെ എണ്ണ തേച്ച് മസാജ് ചെയ്യല്‍. മാതാവും കുട്ടിയും തമ്മിലെ വൈകാരിക ബന്ധം മെച്ചപ്പെടുന്നതിന് സഹായിക്കുന്ന മികച്ച രീതിയാണിത്. മാത്രമല്ല, ഇതിന് പലവിധ ആരോഗ്യ ഗുണങ്ങളുമുണ്ട്. കുട്ടിയുടെ പേശികള്‍, സന്ധികള്‍ എന്നിവ ശക്തിപ്പെടുക, ദഹനം മെച്ചപ്പെടുക, വയറുവേദന, പല്ലുവേദന എന്നിവയില്‍നിന്ന് ആശ്വാസം ലഭിക്കുക, ഉറക്കം മെച്ചപ്പെടുക, രക്തപ്രവാഹം മെച്ചപ്പെടുക, അണുബാധകള്‍ക്കെതിരായ പ്രതിരോധശേഷി രൂപപ്പെടുക തുടങ്ങിയവ അവയില്‍ ചിലതാണ്. ശിശുക്കളെ എണ്ണ തേപ്പിക്കുന്ന രീതി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍നിന്ന് പഠിച്ചെടുക്കാം. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ നിരവധി വിഡിയോകള്‍ നോക്കി പഠിക്കുകയും ചെയ്യാം. സാധാരണ ചര്‍മമാണ് കുട്ടിയുടേതെങ്കില്‍ മിനറല്‍ ഓയില്‍ ഉപയോഗിക്കുക. വരണ്ട ചര്‍മമാണെങ്കില്‍ ഒലീവ് എണ്ണയോ ബദാം എണ്ണയോ ഉപയോഗിക്കാം. കുട്ടിയുടെ ചെവിയില്‍ എണ്ണ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എണ്ണതേപ്പിച്ചശേഷം കുട്ടിയെ കുളിപ്പിച്ച് അധികമുള്ള എണ്ണമയം നീക്കണം.