ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലപ്പോഴായി ഫാത്തിമ തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ അപസ്മാരത്തെക്കുറിച്ചുള്ള ഫാത്തിമയുടെ തുറന്നു പറച്ചില് നേരത്തെ വാര്‍ത്തയായിട്ടുണ്ട്. ഇതിന് പുറമെ തനിക്ക് മറ്റൊരു ആരോഗ്യ പ്രശ്നം കൂടിയുണ്ടെന്നാണ് ഫാത്തിമ പറയുന്നത്. ബുളീമിയ എന്ന ഈറ്റിങ് ഡിസോര്‍ഡര്‍ തനിക്കുണ്ടെന്നാണ് ഫാത്തിമ സന പറയുന്നത്.
തന്റെ അരങ്ങേറ്റ ചിത്രമായ ദംഗലിന് ശേഷാണ് താന്‍ ബുളീമിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതെന്നാണ് ഫാത്തിമ പറയുന്നത്. ദംഗലിനായി ഫാത്തിമയ്ക്ക് ഭാരം കൂട്ടേണ്ടി വന്നിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയം നേടുകയും ഫാത്തിമയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഫാത്തിമയ്ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഈ സമയം നേരിടേണ്ടി വന്നത്.
എനിക്ക് എന്റെ ശരീരവുമായി എല്ലായിപ്പോഴും ലവ്-ഹേറ്റ് ബന്ധമാണുണ്ടായിരുന്നത്. എന്റെ ഇമേജിനോട് എനിക്ക് അഡിക്ഷനായിരുന്നു. ഭക്ഷണവുമായി ടോക്സിക് റിലേഷന്‍ഷിപ്പാണ് എനിക്കുണ്ടായിരുന്നു. ദംഗലിന്റെ സമയത്ത് ഒരുപാട് വണ്ണം വച്ചിരുന്നു. ഒരു ഗോള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്തും ചെയ്യും. ദിവസവും മൂന്ന് മണിക്കൂര്‍ ട്രെയ്നിങ് ചെയ്തു. ദിവസം 2500-3000 കലോറി നേടാന്‍ ഭക്ഷണം കഴിച്ചു. സിനിമ കഴിഞ്ഞപ്പോഴേക്കും ട്രെയ്നിങ് നിര്‍ത്തിയെങ്കിലും കലോറി ശീലമായി മാറിയിരുന്നു ഫാത്തിമ പറയുന്നു.
ഭക്ഷണം എന്റെ കംഫര്‍ട്ട് സോണായി മാറി. മണിക്കൂറുകളോളം നിര്‍ത്താതെ ഭക്ഷണം കഴിക്കും. എനിക്ക് എന്നിലൊരു നിയന്ത്രണവുമില്ലെന്നതില് ഞാന്‍ സ്വയം വെറുത്തു. രണ്ട് മണിക്കൂര്‍ ഭക്ഷണം കഴിക്കും. പിന്നീട് നേരെ പട്ടിണിയിലേക്ക് കടക്കും. ഒരു ഘട്ടത്തില്‍ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തി. എനിക്ക് എപ്പോഴും വിശപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ബോധവതിയാണ്. അനാരാഗ്യകരമായ ആ റിലേഷന്‍ഷിപ്പ് ഞാന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നും ഫാത്തിമ സന പറയുന്നു.
ദംഗലില്‍ തനിക്കൊപ്പം അഭിനയിച്ചിരുന്ന സാന്യ മല്‍ഹോത്രയാണ് ഭക്ഷണവുമായുള്ള തന്റെ അനാരോഗ്യകരമായ ബന്ധം ചൂണ്ടിക്കാണിക്കുന്നതെന്നും ഫാത്തിമ പറയുന്നു