തമിഴ് നടന്‍ ധനുഷിന്റെ മാനോജര്‍ക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ ആനന്ദ്. തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് മന്യ ആനന്ദ്. ധനുഷിന്റെ മാനേജര്‍ ശ്രേയസിനെതിരെയാണ് മന്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ധനുഷിന്റെ സിനിമയിലേക്ക് എന്ന് പറഞ്ഞാണ് അയാള്‍ തന്നെ ബന്ധപ്പെട്ടതെന്നും മന്യ പറയുന്നു.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്യയുടെ ആരോപണം. ധനുഷിന്റെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ്, ധനുഷിന്റെ മാനജേര്‍ ശ്രേയസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ തന്നെ വിളിച്ചതെന്നാണ് മന്യ പറയുന്നത്. ഗ്ലാമറസ് വേഷമാണെങ്കില്‍ താന്‍ ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞു. നല്ല കഥാപാത്രമാണെങ്കില്‍ മാത്രം ചെയ്യാം എന്നായിരുന്നു തന്റെ പ്രതികരണമെന്നും നടി പറയുന്നു.
നല്ല വേഷമാണെന്നും പക്ഷെ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അതിനൊന്നും വഴങ്ങില്ലെന്ന് വ്യക്തമാക്കി. ഇതിന് അയാള്‍ നല്‍കിയ മറുപടി ധനുഷിന്റെ സിനിമയാണെങ്കിലും വഴങ്ങില്ലേ എന്നായിരുന്നുവെന്നും മന്യ പറയുന്നു. അയാള്‍ തനിക്ക് തിരക്കഥ അയച്ചു തന്നുവെങ്കിലും താനത് വായിച്ചില്ലെന്നാണ് മന്യ പറയുന്നത്.
''ഞാന്‍ അത് വായിച്ചില്ല. ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളാണ്. വേറേയും ജോലികള്‍ ചെയ്യുന്നുണ്ട്. ഞങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചോളൂ. അതല്ലാതെ മറ്റൊന്നും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പിന്നെ ഞങ്ങളെ വിളിക്കുക വേറെ പേരാകും. ആളുകള്‍ ഈ പാറ്റേണ്‍ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്താല്‍ നന്നാകുമെന്ന് തോന്നുന്നു'' എന്നും മന്യ പറയുന്നു.
താരത്തിന്റെ ആരോപണത്തോട് ധനുഷോ അദ്ദേഹത്തിന്റെ മാനേജര്‍ ശ്രേയസോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. തന്റെ പുതിയ ചിത്രം തേരെ ഇഷ്ഖ് മേമിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. ആനന്ദ് എല്‍ റായ് ഒരുക്കുന്ന സിനിമയുടെ സംഗീതം എആര്‍ റഹ്മാന്‍ ആണ്. രാഞ്ജനയ്ക്ക് ശേഷം ആനന്ദും ധനുഷും ഒരുമിക്കുന്ന സിനിമയാണിത്. നവംബര്‍ 28നാണ് സിനിമയുടെ റിലീസ്