കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക് കഴിയണം. മാത്രമല്ല കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. കൂടാതെ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ഭക്ഷണം തയാറാക്കുമ്പോഴും ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധയും പരിഗണനയും ഉണ്ടാകണം.
1. ഭക്ഷണകാര്യത്തില്‍ റോള്‍മോഡല്‍ ആവുക. എല്ലാത്തരം ഭക്ഷണവും കഴിക്കുകയും അവ കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക.
2. ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്കു ചെറുപ്പം മുതലേ കൂട്ടുനില്‍ക്കാതിരിക്കുക. (കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവ ആരോഗ്യപരമാണെങ്കില്‍ പരിഗണിക്കുന്നതു നല്ലതാണ്).
3. കഴിവതും കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
4. കുട്ടികളുടെ ഭക്ഷണം കഴിക്കാനുള്ള കപ്പാസിറ്റിയെക്കുറിച്ചു മാതാപിതാക്കള്‍ക്ക് ഒരു ധാരണ ഉണ്ടായിരിക്കണം. അതില്‍ കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്.
5. ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കഴിച്ചെന്നു കരുതി അവര്‍ സ്പോര്‍ട്സ് താരങ്ങളൊന്നും ആവില്ലെന്നു മാത്രമല്ല ഇതു വിപരീത ഫലമാണു ചെയ്യുക എന്നും ഓര്‍മിക്കുക.
6. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. അനുനയത്തിന്റെ ഭാഷയാണ് എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്തിയുടെ കാരണമാണ് ആദ്യം കണ്ടുപിടിക്കേണ്ടത്.
7. കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
8. ഭക്ഷണത്തില്‍ എല്ലായ്പ്പോഴും വൈവിധ്യം വരുത്താന്‍ ശ്രദ്ധിക്കുക.
9. എന്നും കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ ഭക്ഷണം ശരിയായി ചവച്ചരച്ചു കഴിക്കാനാവശ്യമായ സമയം ഉണ്ടെന്ന് ഉറപ്പാക്കണം (പ്രത്യേകിച്ചും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍).
10. സ്‌കൂള്‍ ബസ് വരുന്നതിനു തൊട്ടുമുമ്പു നിന്നും നടന്നും ഭക്ഷണം വെട്ടിവിഴുങ്ങുന്ന രീതി ഉപേക്ഷിക്കണം.