മിക്ക മാതാപിതാക്കളും ജോലിയുള്ളവരാണ്. നീണ്ട ജോലിയൊക്കെ കഴിഞ്ഞ് കുട്ടികളെ പഠിപ്പിക്കാൻ കൂടെ ഇരിക്കുക എന്നൊക്കെ പറഞ്ഞാൽ ഇവർക്ക് ചിന്തിക്കാൻ പോലുമാകില്ല. അതുകൊണ്ട് തന്നെയാണ് കുട്ടികളെ പഠനത്തിൽ സഹായിക്കാൻ മിക്കവരും ട്യൂഷൻ ടീച്ചറുടെ സഹായം തേടുന്നതും. എന്നാൽ ജോലിത്തിരക്കൊന്നും വകവയ്ക്കാതെ അവർക്കൊപ്പം പഠനത്തിൽ സഹായിക്കുന്ന മാതാപിതാക്കളുമുണ്ട്. സ്വന്തം മക്കളെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ തന്നെ സഹായിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മൂലം അമ്മയ്ക്ക് കുട്ടികളുടെ പഠന സ്വഭാവത്തെ ശരിയായി രൂപീകരിക്കാനും ഭാവിയിൽ പഠനത്തിൽ അവരെ സ്വയം പര്യാപ്തരാക്കാനും സാധിക്കും.
1. ലക്ഷ്യം വെച്ച് തുടങ്ങാം
അവരെ സ്വന്തമായി പഠിക്കാൻ പര്യാപ്തരാക്കുക എന്ന ലക്ഷ്യമാണ് ആദ്യം വേണ്ടത്. അവർക്ക് സംശങ്ങൾ തീർത്തുകൊടുക്കുക, പഠനം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയുക ഇത്രയുമാണ് അടിസ്ഥാനമായി വേണ്ടത്. അല്ലാതെ പഠനസമയത്ത് സ്പൂൺ ഫീഡിങിൻറെ ആവശ്യമേയില്ല. ഇത് കുട്ടികളെ സ്വയം പര്യാപ്തരാകുക എന്ന ലക്ഷ്യത്തിലെത്താൻ സഹായിക്കും
2. പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കുക
നീണ്ട സ്കളൂൾ സമയത്തിന് ശേഷമാണ് അവർ ഹോം വർക്കു ചെയ്യാൻ ഇരിക്കുന്നതെന്ന ഓർമ വേണം. ക്ഷീണിതരായ ഇവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേയ്ക്ക് തിരിയാന്‍ എളുപ്പമാണ്. അതിനാൽ തന്നെ ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായൊരിടം പഠിക്കാൻ ഒരുക്കുക. ടി വി ആ സമയം ഓഫാക്കാൻ ശ്രദ്ധിക്കുക. ടെലിഫോണിന്റെ ശബ്ദവും നിങ്ങളുടെ അടുക്കളയിലെ ശബ്ദവും അവരെ ശല്യം ചെയ്യാതിരിക്കട്ടെ.
3. ഒരു ചിട്ടയുണ്ടാക്കുക
മറ്റ് കാര്യങ്ങളിലെന്ന പോലെ പഠനകാര്യത്തിലും ഒരു ചിട്ട അത്യാവശ്യമാണ്. സ്കൂളിൽ നിന്നു വന്ന ശേഷം അല്പം കളിയാകാം. കുളിയൊക്ക കഴിഞ്ഞ് ലഘു ഭക്ഷണവും കഴിഞ്ഞിട്ട് പഠനത്തിനായി സമയം മാറ്റിവയ്ക്കാം. ഇത്ര മണി മുതൽ ഇത്ര മണി വരെ എന്ന ടൈം ടേബിൾ ഉണ്ടാക്കാം. പിന്നീട് വിനോദത്തിനും ഭക്ഷണത്തിനും ശേഷം നേരെ ഉറങ്ങാം.