നാട്ടുകാരുടെ മുന്നില്‍ ഒരിക്കലും നമ്മുടെ കുട്ടികള്‍ താഴ്ന്ന് നില്‍ക്കുന്നത് കാണാന്‍ ഒരു മാതാപിതാക്കളും ആഗ്രഹിക്കാറില്ല. എന്നാല്‍, കുട്ടികള്‍ കാരണം മറ്റുള്ളവര്‍ക്ക് മുന്നില്‍ ചൂളി നില്‍ക്കുന്ന മാതാപിതാക്കള്‍ വേറിട്ട സംഭവമല്ല. കുരുത്തക്കേടുകളാകാം പലപ്പോഴും കാരണം. ഇതിന് കുട്ടികളെ പഴിച്ചിട്ട് കാര്യമില്ല. ചെറുപ്പം മുതലേ അവരെ നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. മര്യാദകള്‍, ശീലങ്ങള്‍, പ്രവൃത്തികള്‍ തുടങ്ങി പലകാര്യങ്ങളും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇത് കൃത്യമായി നിര്‍വഹിക്കുമ്പോഴാണ് അവര്‍ ഭാവിയിലെ നല്ല പൗരന്മാര്‍ ആകുന്നത്.
കുട്ടികള്‍ പഠിക്കേണ്ട, കുട്ടികളെ പഠിപ്പിക്കേണ്ട മര്യാദകളില്‍ പ്രധാനം തീന്‍മേശയിലെ മര്യാദയാണ്. കുട്ടികളെ എപ്പോഴും ടേബിള്‍ മാനേഴ്സ് ശീലിപ്പിച്ചിരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ആ ഒരു കാരണം കൊണ്ട് പല സാഹചര്യങ്ങളിലും നമ്മള്‍ നാണംകെടാന്‍ സാധ്യതയുണ്ട്. വലിയ വലിയ കാര്യമൊന്നുമല്ല ഇത്. എന്നാല്‍ ആണുതാനും. ഈ വലിയ കാര്യത്തെ വളരെ ചെറുതായി കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കെ സാധിക്കുകയുള്ളു. എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ടേബിള്‍ മാനേഴ്‌സ് എങ്ങനെ പഠിപ്പിക്കാമെന്ന് നോക്കാം.
* ഭക്ഷണം കഴിക്കാന്‍ വരുന്നതിന് മുന്‍പും ശേഷവും കൈ വൃത്തിയായി കഴുക്കാന്‍ ശീലിപ്പിക്കുക
* കളികള്‍ക്കിടയിലാണ് കുട്ടികളെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നതെങ്കില്‍, അവരുടെ കൈവശമുള്ള കളിപ്പാട്ട വസ്തുകള്‍ മാറ്റി വെച്ച് ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പഠിപ്പിക്കുക.
* കസേരക്ക് മുകളില്‍ കയറി ഇരിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കുക. ശബ്ദമുണ്ടാക്കാതെ വളരെ സാവധാനം കസേരയില്‍ ഇരിക്കാന്‍ പറയുക.
* എല്ലാവരും വിളമ്പിയതിനു ശേഷം ഒരുമിച്ച് കഴിക്കാന്‍ തുടങ്ങുക
* കഴിക്കുന്ന ഭക്ഷണത്തിന്റെ അംശം ദേഹത്ത് വീഴാതിരിക്കാന്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കില്‍ പറയാതിരിക്കുക. മറിച്ച് ഇഷ്ടമായാല്‍ അത് തുറന്ന് പറയുക
* ഭക്ഷണം വിളമ്പുന്നവരോടും അത് ഉണ്ടാക്കുന്നവരോടും നന്ദി പറയാന്‍ പഠിപ്പിക്കുക.
* ശബ്ദമുണ്ടാക്കാതെ കത്തിയും ഫോര്‍ക്കും ഉപയോഗിക്കാന്‍ പഠിപ്പിക്കുക
* കഴിച്ച് കഴിഞ്ഞാല്‍ അടുത്തിരുന്ന് കഴിക്കുന്നവരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം എഴുന്നേല്‍ക്കുക
* ഇതിനേക്കാള്‍ പ്രധാനപ്പെട്ട വസ്തുത, ഭക്ഷണം കഴിക്കുന്ന സമയത്തെ സംസാര രീതി നന്നാക്കാന്‍ ശ്രദ്ധിക്കുക.
ഇത്രയും കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ തന്നെ മര്യാദരാമനായി കുട്ടികള്‍ അടങ്ങിയിരുന്നോളും. മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാകുകയുമില്ല. ആദ്യ സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അവര്‍ പഠിച്ചെന്നോ, അംഗീകരിച്ചെന്നോ വരില്ല. എന്നാല്‍, രണ്ട് മൂന്ന് തവണ പറഞ്ഞ് കൊടുത്താല്‍ അതിലെ ഗൗരവം ആ കുഞ്ഞു മനസ്സിന് തിരിച്ചറിയാന്‍ സാധിക്കും.