ചെറിയ കുട്ടികള്‍ പലപ്പോഴും മനഃപൂര്‍വമല്ല നഖം കടിക്കുന്നത്. മറിച്ച് അതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. കുട്ടികള്‍ക്ക് ഏതെങ്കിലും കാര്യത്തിലുള്ള അമിത ആകാംക്ഷ, ബോറടി, മാനസ്സിക സമ്മര്‍ദ്ദം തുടങ്ങിയകൊണ്ടോ നഖം കടിച്ചേക്കാം. കൂടാതെ ഇത് ഒരു ശീലമാക്കുന്നത് മുതിര്‍ന്നവര്‍ ചെയ്യുന്നതിനെ അനുകരിക്കലുമാവാം.
ഒഴിവാക്കേണ്ടതെന്തുകൊണ്ട്..?
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് നഖം കടിക്കുന്നത് പല അസുഖങ്ങള്‍ക്കും കാരണമാവും. (ഉദാഹരണത്തിന് പൊടിയും വിയര്‍പ്പും, വളര്‍ത്തു മൃഗങ്ങളോടൊത്തുള്ള കളിയും കഴിഞ്ഞ് കൈവൃത്തിയായി കഴുകാത്തതു മൂലം നഖത്തിനിടയിലെ അണുക്കള്‍ നഖം കടിക്കുമ്പോള്‍ വയറ്റിലെത്തുന്നു.) മോണയ്ക്കും പല്ലിനും നഖത്തിനും കേടുപാടുകള്‍ സംഭവിക്കാനും ഇതു കാരണമാകും. നഖത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുക മാത്രമല്ല വളര്‍ച്ച മുരടിക്കാനും സാധ്യതയുണ്ട്. നഖത്തിനു ചുറ്റുമുള്ള ചര്‍മ്മം കടിക്കുന്നതു മൂലം ചോരവരാനും കുഴിനഖം വരുന്നതിനും സാധ്യതയുണ്ട്.
എങ്ങനെ ദുശ്ശീലം നിര്‍ത്താം…?
1. നഖം സ്ഥിരമായി വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക.
2. കുട്ടികളുടെ നഖത്തില്‍ കയ്പുള്ള എന്തെങ്കിലും പുരട്ടുക. (കയ്പക്ക നീരു പോലെ കുട്ടികളുടെ ശരീരത്തിന് ദോഷം വരാത്ത എന്തെങ്കിലും പാനീയങ്ങള്‍)
3. നെയില്‍ പോളീഷ് ഉപയോഗിക്കുക.
4. കുട്ടികളിലെ മാനസ്സിക സമ്മര്‍ദ്ദം കുറയ്ക്കുക.
5. ദോഷവശങ്ങളെപ്പറ്റി ബോധവാന്മാരാക്കുക.
6. നഖം കടിക്കുന്നതിന് തുടര്‍ച്ചയായി ചീത്ത പറഞ്ഞ് വെറുപ്പിക്കാതിരിക്കുക
7. നഖം കടിക്കുന്നത് നിര്‍ത്തിയാലുള്ള നല്ല വശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കുക.
കുട്ടികളുടെ നഖം വൃത്തിയായി
സൂക്ഷിക്കേണ്ടതെങ്ങിനെ…?
കുട്ടികള്‍ക്ക് സ്ഥിരമായി ഉണ്ടാകുന്ന ഒരസുഖമാണ് വിരശല്യവും വയറു വേദനയും. ഇതിന് പ്രധാനകാരണം വൃത്തിയില്ലാത്ത നഖങ്ങള്‍ സ്ഥിരമായി കടിക്കുന്നതും കൈവിരലുകള്‍ വൃത്തിയില്ലാതെ ഉപയോഗിക്കുന്നതുമാണ്. കുഞ്ഞുങ്ങളുടെ നഖങ്ങള്‍ അവരുടെ തന്നെ ശരീരത്തില്‍ കൊണ്ട് പോറലേല്‍ക്കാതിരിക്കാന്‍ അമ്മമാര്‍ മൃദുവായി കടിച്ചുകളയാറുണ്ട്. വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും വേണം ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍. കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിക്കുന്നത് അഭികാമ്യമില്ല. കുട്ടികളുടെ നഖം മുറിക്കുവാനുള്ള ചെറിയ നെയില്‍ കട്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന നെയില്‍ കട്ടറുകള്‍ ഉപയോഗിച്ചാല്‍ ചെറിയ കുട്ടികള്‍ക്ക് കൂടുതലായി വേദനിക്കുന്നതിനും അണുബാധയ്ക്കും സാധ്യതയുണ്ട്. നെയില്‍ പോളീഷുകള്‍ ഉപയോഗിക്കുമ്പോള്‍ കെമിക്കല്‍ ഫ്രീയായവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.