ശാസ്താംകോട്ട സിനിമാപറമ്പിലുണ്ടായ വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരിയും മമിക്രി താരവുമായ ലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നാടന്‍പാട്ട് സംഘം സഞ്ചരിച്ച വാന്‍ മരത്തിലിടിച്ചായിരുന്നു അപകടം. അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലക്ഷ്മി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇപ്പോള്‍ നോവായി മാറുകയാണ്.
പുലര്‍ച്ചെ രണ്ട് മണിക്ക് പരിപാടി കഴിഞ്ഞ് ട്രൂപ്പ് അംഗങ്ങള്‍ക്കൊപ്പം വിശ്രമിക്കുന്ന വീഡിയോയാണ് ലക്ഷ്മി അവസാനമായി പോസ്റ്റ് ചെയ്തത്. പരിപാടി കഴിഞ്ഞുവെന്നും വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളും ചിത്രങ്ങളും താരം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. മിമിക്രി വേദികളിലും റിയാലിറ്റി ഷോകളിലും സജീവമായിരുന്ന ലക്ഷ്മി, വാണി ജയറാം, എസ്. ജാനകി, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരുടെ ശബ്ദം അനുകരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ലക്ഷ്മി ഒന്നാമതെത്തിയിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗേറിയസ് കോളേജിലെ ബിഎ പൊളിറ്റിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട ലക്ഷ്മി, ചിതറ മാടന്‍കടവില്‍ അമ്മയോടൊപ്പമായിരുന്നു താമസം.
രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടന്‍പാട്ട് സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടമുണ്ടായത്. ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.