Latest News

നവജാത ശിശുവിന്റെ ചര്‍മ്മം സംരക്ഷിക്കേണ്ടത് എങ്ങനെ.? എണ്ണതേയ്പ്പിക്കുന്ന രീതി വളരെ ഉത്തമമാണ്;അമ്മമാര്‍ അറിയാന്‍ 

Malayalilife
 നവജാത ശിശുവിന്റെ ചര്‍മ്മം സംരക്ഷിക്കേണ്ടത് എങ്ങനെ.? എണ്ണതേയ്പ്പിക്കുന്ന രീതി വളരെ ഉത്തമമാണ്;അമ്മമാര്‍ അറിയാന്‍ 

വജാത ശിശുവിന്റെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ പ്രത്യേകമായി ശ്രദ്ധിക്കണം.വീര്യമേറിയ വസ്തുക്കള്‍ ഒന്നും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടരുത്. പ്രധാനമായും ശ്രദ്ധ വേണ്ടത് കുളിപ്പിക്കുമ്പോഴാണ്. എണ്ണതേയ്പ്പിച്ചു കുളിപ്പിക്കുന്ന രീതി ആണ് ഏറ്റവും നല്ലത്.   പലപ്പോഴും അമ്മമാര്‍ക്കുള്ള സംശയം ബേബി ഓയില്‍ ഉപയോഗിക്കണോ അല്ലെങ്കില്‍ ഏതെങ്കിലം പ്രത്യേക തരം എണ്ണവേണോയെന്നാണ്. എല്ലാത്തരം എണ്ണയും ഒരു പോലെ ഫലപ്രദമാണ്. കുറച്ച് കൂടി നല്ലത് നമ്മുക്ക് ലഭിക്കുന്ന മായം ചേര്‍ക്കാത്ത എണ്ണയാണ്. രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം സോപ്പിന്റെ ഉപയോഗമാണ്.  സോപ്പ് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും അത്ര നല്ലതല്ല. നമ്മുടെ ത്വക്കിന് പൊതുവേ ചെറിയ അമ്ലഗുണമാണുള്ളത്. ഈ അമ്ലാംശം രോഗാണുക്കളെ ചെറുക്കാന്‍ വേണ്ടി ശരീരം നിര്‍മ്മിച്ചിട്ടുള്ള പടച്ചട്ടയാണ്. പക്ഷേ നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതെന്ന് കരുതുന്ന പല സോപ്പുകളും ക്ഷാരാംശമുള്ളവ ആയതുകൊണ്ട് ത്വക്കിലെ അമ്ലഗുണത്തെ ഇല്ലായ്മ ചെയ്യുകയും തദ്വാര രോഗാണുക്കള്‍ ചര്‍മ്മത്തില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്യും. ഇതു കൂടാതെ പല ബേബി സോപ്പുകളും ത്വക്കിലെ സ്വാഭാവികമായ എണ്ണയെ കഴുകികളയും. ഇത്തരം എണ്ണ അണുനാശകമായ ഘടകങ്ങള്‍ അടങ്ങിയതാണ്. സ്വാഭാവിക എണ്ണമയം നഷ്ടമാകും എന്നു മാത്രമല്ല തൊലി വരണ്ടതാകുകയും ചെയ്യും.

അറ്റോപ്പിക് ഡര്‍മ്മറ്റൈറ്റിസ് എന്ന അലര്‍ജി രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരില്‍ ത്വക്കിന്റെ വരള്‍ച്ച കൂടുതല്‍ ദോഷകരമാണ്. അതുകൊണ്ട് കഴിവതും സാമാന്യേന അല്ലെങ്കില്‍ മിതമായി അസിഡിക് അംശം ഉള്ളതും ഗ്ലിസറിന്‍, മോയ്സ്ചറൈസിംഗ് ക്രീം തുടങ്ങിയവ അടങ്ങിയതുമായ സോപ്പുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇനി ഇപ്രകാരമുള്ള സോപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും എന്നും ശരീരം മുഴുവനും സോപ്പ് തേച്ച് കുളിപ്പിക്കണമെന്നു നിര്‍ബന്ധമില്ല. കുഞ്ഞുങ്ങള്‍ ഇഴഞ്ഞു തുടങ്ങുന്ന പ്രായമാകുംവരെ അവരുടെ ത്വക്കില്‍ അധികം അഴുക്കുപുരളാന്‍ ഇടയില്ല. അതുകൊണ്ട് ശരീരം മുഴുവന്‍ സോപ്പ് തേച്ച് കുളിപ്പിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ മതി. കഴുത്തും കക്ഷവും തുടയിടുക്കും എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇപ്രകാരം ചെയ്യുകയാണെങ്കില്‍ നേരത്തെ സൂചിപ്പിച്ച ത്വക്കിന്റെ സ്വാഭാവിക എണ്ണമയം നഷ്ടമാകുന്നത് ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും.

നവജാതശിശുക്കള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ നനഞ്ഞ തുണി മാറ്റേണ്ടതാണ്. സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അത്ര നല്ല ശീലമല്ല.. ശുദ്ധമായ വെള്ളം ഒഴിച്ച് കഴുകുകയും അതിനുശേഷം മൃദുവായ കോട്ടണ്‍ തുണി ഉപയോഗിച്ച് ഈര്‍പ്പം ഒപ്പി എടുക്കുകയും ചെയ്യേണ്ടതാണ്. ഒരിക്കലും മലദ്വാരത്തില്‍ വീഴുന്ന വെള്ളമോ അവിടെ തുടയ്ക്കുന്ന തുണിയോ മൂത്രനാളിയുമായി സമ്പര്‍ക്കത്തില്‍ വരരുത് എന്നതാണ്. അല്ലാത്തപക്ഷം ഇതു കാരണം മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ ഇളം ചൂടുവെള്ളമാകാം. കുളി കഴിഞ്ഞതിനുശേഷം ശരീരത്തിലെ ഇടുക്കുകളില്‍ നിന്ന് പ്രത്യേക ശ്രദ്ധ നല്‍കി വേണം വെള്ളം ഒപ്പിയെടുക്കാന്‍. അല്ലെങ്കില്‍ ക്രമേണ പൂപ്പല്‍ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളം ഒപ്പിയെടുത്തതിനുശേഷം ശരീരം മുഴുവനും ഏതെങ്കിലും മോയിസ്ചറൈസിംങ് ക്രീം പുരട്ടുന്നത് നല്ലതാണ്. നവജാതശിശുക്കളില്‍ കഴുത്തിന്റെ മടക്കിനിടയില്‍ പൂപ്പല്‍ബാധയുണ്ടാകാനുളള ഒരു കാരണം കവിട്ടുന്ന പാല്‍ കഴുത്തില്‍ പുരളുന്നതും വായു സഞ്ചാരമേല്‍ക്കാത്തതുമാണ്. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് കഴുത്തിന്റെ മടക്ക് വിടര്‍ത്തി ഈര്‍പ്പം ഒപ്പിയെടുക്കുകയും വായുസഞ്ചാരമേല്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. വൃത്തിയാക്കുമ്പോള്‍ അധികം മര്‍ദ്ദം നല്‍കി തുടയ്ക്കരുത്.

Read more topics: # how-to-protect -young-child-skin
how-to-protect -young-child-skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES