ചെറിയ വയസ്സു മുതലേ മൊബൈലും ടാബ്ലറ്റും കളിപ്പാട്ടമാക്കുന്ന കുട്ടികളില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓട്ടിസത്തിന്റെ വകഭേദമെന്നു പറയാമിതിനെ. ഓട്ടിസം ജനിതകവൈകല്യമാണ്, പക്ഷേ ഓട്ടിസം സ്‌പെക്ട്രം ഡിസോഡറിന് കാരണം സാഹചര്യങ്ങളും. ആശയവിനിമയശേഷി കുറയുന്നതും കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതിരിക്കുന്നതുമാണ് ലക്ഷണങ്ങള്‍.
അച്ഛനോ അമ്മയോ മറ്റുള്ളവരോട് ഇടപെടുന്നതും സംസാരിക്കുന്നതും എങ്ങനെയാണെന്നു ശ്രദ്ധിച്ചാണ് കുഞ്ഞും പഠിക്കുന്നത്. മറ്റൊരാളുടെ സ്പര്‍ശനത്തിനും ശബ്ദത്തിനും നോട്ടത്തിനു പോലും കുഞ്ഞില്‍ സ്വാധീനമുണ്ടാക്കാനാകും. മുതിര്‍ന്നവരുടെ പോലും സാമൂഹിക ഇടപെടലുകള്‍ നഷ്ടപ്പെടുത്തുന്നതാണ് ഗാഡ്ജറ്റസിന്റെ അമിത ഉപയോഗം. മൊബൈലില്‍ കളിക്കുമ്പോഴും ടിവി കാണുമ്പോഴും ചുറ്റുമുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്ന കുട്ടിക്ക് അതില്‍ മാത്രമേ ശ്രദ്ധിക്കാന്‍ പറ്റൂ. അതിഥികള്‍ വന്നാലും ടിവി പരിപാടിയിലോ മൊബൈല്‍ ഗെയിമിലോ മുഴുകിയിരിക്കുന്ന കുട്ടികള്‍ പതിവു കാഴ്ചയാകുന്നത് അങ്ങനെയാണ്.
കഥയിലൂടെ കാക്കയെക്കുറിച്ച് അറിയുന്ന കുട്ടി മനസ്സില്‍ കാക്കയെ ഭാവനയില്‍ കാണാന്‍ ശ്രമിക്കും. കാര്‍ട്ടൂണിലൂടെയും ഗെയിമിലൂടെയും 'റെഡിമെയ്ഡ്' കാക്കയെയാണ് കുഞ്ഞ് കാണുന്നത്. സ്‌ക്രീനില്‍ വരുന്നത് കാക്കയാണെന്നു പറഞ്ഞു കൊടുക്കാന്‍ കൂടെ ആരുമില്ലെങ്കില്‍ ആശയവിനിമയം തീരെ നടക്കാതെയും പോകും. കാറ്റു വീശുന്നതും പക്ഷികള്‍ പറക്കുന്നതും അനുഭവത്തിലൂടെ അറിയുന്നതിനു പകരം മൊബൈലിലും ടിവിയിലും കണ്ട് അറിയുമ്പോള്‍ ലോകം മുറിക്കുള്ളിലെ ചെറിയൊരു ചതുരസ്‌ക്രീനില്‍ ഒതുങ്ങിപ്പോകും.
മാതാപിതാക്കള്‍ ചേയ്യേണ്ടത്
പണ്ടു കാലത്ത് മൊബൈലോ ടിവിയോ അല്ല കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തിരുന്നത്. കഥകള്‍ അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ കേള്‍ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. കഥ പറയുമ്പോള്‍ കുഞ്ഞ് ഇടയ്ക്ക് സംശയങ്ങള്‍ ചോദിക്കും. കഥയ്ക്കു പുറമെയുള്ള മറ്റു കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കഥയോടു ബന്ധപ്പെടുത്തി പറയാം. കേട്ടിരിക്കാനുള്ള ക്ഷമ വളര്‍ത്താനും നല്ലതാണ്. കഥയിലൂടെ കിട്ടുന്ന ഗുണപാഠം അവരെ മറ്റു മാധ്യമങ്ങളേക്കാളേറെ സ്വാധീനിക്കുകയും ചെയ്യും. അച്ഛന്റെ ശ്രദ്ധ കിട്ടുന്നു അല്ലെങ്കില്‍ അമ്മയെന്നെ കെയര്‍ ചെയ്യുന്നു എന്ന തോന്നല്‍ കുഞ്ഞിന് പൊസിറ്റീവ് എനര്‍ജി നല്‍കും. കഥ പറയുന്നവരോടുള്ള സ്‌നേഹവും അടുപ്പവും ബന്ധവും കൂടുന്നു. നിലവാരമുള്ള കഥാപുസ്തകങ്ങളാണ് വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്കു നല്ലത്.