ഒഴിവാക്കാം അനാവശ്യ ഇടപെടലുകള്‍; കുട്ടികളില്‍ നല്ല ആഹാര ശീലം വളര്‍ത്തിയെടുക്കാന്‍ ചില കുറുക്കു വഴികള്‍

Malayalilife
ഒഴിവാക്കാം അനാവശ്യ ഇടപെടലുകള്‍; കുട്ടികളില്‍ നല്ല ആഹാര ശീലം വളര്‍ത്തിയെടുക്കാന്‍ ചില കുറുക്കു വഴികള്‍

കുട്ടികളില്‍ നല്ല ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഭൂരിഭാഗം മാതാപിതാക്കള്‍ക്കും കഴിയാറില്ല. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് സമയക്കുറവ് ആണ് പ്രധാന പ്രശ്‌നം. തുടക്കം തൊട്ടേ ഭക്ഷണം ചിട്ടയായി കൊടുത്ത് കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. സാധാരണയായി കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ മാതാപിതാക്കള്‍ വരുത്തുന്ന തെറ്റുകള്‍ ഇവയാണ്.

1. ഭക്ഷണത്തിനിടയ്ക്ക് അനാവശ്യ ഇടപെടലുകള്‍

കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അനാവശ്യമായി ഇടപെടല്‍ നടത്തുന്നവരാണ് 85 ശതമാനം മാതാപിതാക്കളും. കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. ഒന്നുകില്‍ അവരെ നിര്‍ബന്ധിച്ച് കൂടുതല്‍ ഭക്ഷണം കഴിപ്പിക്കുക അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുക. ഇക്കാരണം കൊണ്ട് കുട്ടികള്‍ക്ക് പൊണ്ണത്തടിയോ അല്ലെങ്കില്‍ നിശ്ചിത ഭാരം ഇല്ലാതിരിക്കുകയോ ചെയ്യാം. ആവശ്യമില്ലാത്ത സമ്മര്‍ദ്ദം കുട്ടിയില്‍ അടിച്ചേല്‍പ്പിക്കരുത്.

2. മാതാപിതാക്കള്‍ തീരുമാനിക്കും എന്ത്, എപ്പോള്‍, എങ്ങനെ കഴിക്കണമെന്ന്?

എല്ലാ മാതാപിതാക്കള്‍ക്കും ഉള്ള പൊതുവായ കുഴപ്പമാണിത്. അവര്‍ തീരുമാനിക്കും കുട്ടികള്‍ എന്ത്, എപ്പോള്‍, എങ്ങനെ കഴിക്കണമെന്ന്! ഭക്ഷണകാര്യത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ നോക്കുന്നവരാണ് കുട്ടികളുടെ കാര്യത്തില്‍ നേരെ മറിച്ച് ചിന്തിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടില്ലേ കുട്ടികളുമായി പുറത്തുപോകുമ്പോള്‍ അവിടെനിന്ന് എന്തെങ്കിലും അവര്‍ക്ക് കഴിക്കാന്‍ കൊടുത്താല്‍ ഞാനിതൊന്നും അവനു കൊടുക്കാറില്ല അല്ലെങ്കില്‍ എന്റെ കുട്ടി ഇതൊന്നും കഴിക്കില്ല എന്ന് പറഞ്ഞ് മാതാപിതാക്കള്‍ വിലക്കുന്നത്. കുട്ടിക്ക് ആ ആഹാരസാധനം കഴിക്കാന്‍ താല്പര്യമുണ്ടെങ്കിലും വീട്ടിലെത്തിയാല്‍ അമ്മയുടെ അടിയുടെ ചൂടോര്‍ത്ത് ഒരുപക്ഷെ അവന്‍ വേണ്ടെന്ന് പറയും. ഭക്ഷണകാര്യത്തില്‍ കുട്ടികള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുകയാണ് ഇവിടെ വേണ്ടത്.

3. യാതൊരു ചിട്ടയും നിയന്ത്രണങ്ങളുമില്ലാതെ

മുകളില്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് നേര്‍വിപരീതമാണിത്. യാതൊരു ചിട്ടയും നിയന്ത്രണങ്ങളുമില്ലാതെ കുട്ടികള്‍ക്ക് ഇടവിട്ട് ആഹാരം നല്‍കി ശീലിപ്പിക്കല്‍. മധുരം, ബേക്കറി വസ്തുക്കള്‍, ഫാസ്റ്റ് ഫൂഡ് എന്നിവയാകും കൂടുതലും വാങ്ങി നല്‍കുക. ഇത് കുട്ടികളില്‍ തെറ്റായ ആഹാരശീലം വളര്‍ത്തിയെടുക്കും. മൂന്നുനാല് മണിക്കൂര്‍ ഇടവിട്ട് കുട്ടികള്‍ക്ക് സ്‌നാക്‌സുകള്‍ കഴിക്കാന്‍ കൊടുത്ത് ശീലിപ്പിക്കുന്നത് ഭാവിയില്‍ പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും പിടിപെടാന്‍ കാരണമാകും.

4. കുടുംബത്തിന് വേണ്ടി മാത്രം ഭക്ഷണം

ഒട്ടുമിക്ക വീടുകളിലും മുതിര്‍ന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ഭക്ഷണം തയാറാക്കുന്നത്. കുഞ്ഞുങ്ങളെ പരിഗണിക്കാറില്ലെന്നതാണ് വസ്തുത. അതുമാത്രമല്ലാതെ കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമല്ലാത്ത പച്ചക്കറികള്‍ അവര്‍ കഴിക്കണമെന്ന് വാശി പിടിക്കുകയും ചെയ്യും. ചേന, കയ്പ്പയ്ക്ക, വെണ്ട, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ രുചി കുട്ടികള്‍ക്ക് പൊതുവെ ഇഷ്ടപ്പെടാറില്ല. എന്നാല്‍ ഇതെല്ലാം ഹെല്‍ത്തിയാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന അമ്മമാരുണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം കുട്ടികള്‍ക്ക് ഭക്ഷണത്തോട് വിരക്തിയുണ്ടാകും.
        

Read more topics: # healthy eating habit ,# in children
how to build healthy eating habit in children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES