കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇന്നും അമ്മമാര്‍ക്ക് ആശങ്കയാണ്. എപ്പോള്‍ എന്ത് നല്‍കണം എങ്ങിനെ നല്‍കണം അങ്ങിനെ എല്ലാം അമ്മമാരെ സംബന്ധിച്ച് ഒരു വലിയ കാര്യമാണ്. വീട്ടില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ ഇവരാകും വീട്ടിലെ താരം. കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല അവര്‍ ഉറങ്ങുന്ന രീതിയില്‍ വരെ അമ്മമാര്‍ ശ്രദ്ധിക്കും. കുഞ്ഞുങ്ങള്‍ വയറ്റിലുള്ളപ്പോള്‍ മുതല്‍ ഇവര്‍ ജനിച്ച് ഒരു പ്രായമാകുന്നതു വരെ പല അമ്മമാര്‍ക്കും ആധിയാണന്നു പറഞ്ഞാലും തെറ്റില്ല. ഇവര്‍ക്ക് ഇതു നല്‍കാമോ, ഏതു ഭക്ഷണമാണ് നല്ലത്, ഏതാണ് മോശം, എത്ര നല്‍കണം, എപ്പോള്‍ നല്‍കണം തുടങ്ങിയ പല കാര്യങ്ങളിലും ഇതുണ്ടാകും.
കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതു തന്നെയാണ്. ഇവര്‍ക്കു നല്‍കുന്ന ആഹാരത്തിലും അവ നല്‍ക്കുന്ന സമയത്തിലും കൊടുക്കുന്ന രീതിയിലും എല്ലാം ശ്രദ്ധ വേണം. വേണ്ട രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കും. ചെറുപ്പത്തില്‍ വയറിനും മററും വരുന്ന പ്രശ്നങ്ങള്‍ ഒരു പക്ഷേ ആജീവനാന്ത കാലം ഇവരെ ബാധി്ക്കാനും സാധ്യതയുണ്ട്.
നവജാത ശിശുവിന് ആറുമാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടു.കാരണം മുലപ്പാലില്‍ ഒരു കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ മുലപ്പാല്‍ ആറു മാസം വരെ നല്‍കിയാല്‍ കുഞ്ഞിന് സ്വാഭാവിക വളര്‍ച്ച ലഭിക്കും.എന്നാല്‍ മുലപ്പാല്‍ കുറവോ ഇല്ലാതെയോ വരുന്ന അവസരങ്ങളില്‍ കുഞ്ഞിന് കൃത്രിമ ഭക്ഷണം നല്‍കാറുണ്ട്. ഇത് കുഞ്ഞിന്റെ തൂക്കത്തിനനുസരിച്ച് ഡോക്ടറുടെ അഭിപ്രായം തേടി വേണം, നല്‍കാന്‍.തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ ദഹനം വളരെ മെല്ലെയേ നടക്കൂ. ഇവര്‍ക്ക് ഏറ്റവും ഉത്തമം മുലപ്പാലാണ്. ആവശ്യത്തിനു പാലുണ്ടെങ്കില്‍, കുഞ്ഞു കുടിയ്ക്കുന്നുണ്ടെങ്കില്‍ ശരിയായ തൂക്കത്തിന് മറ്റു ഭക്ഷണങ്ങള്‍ ഒന്നും തന്നെ കൊടുക്കേണ്ടതില്ല. ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടുക.
ആറു മാസത്തിനു ശേഷം കുട്ടികള്‍ക്ക് കുറുക്കു രൂപത്തില്‍ ഭക്ഷണം നല്‍കിത്തുടങ്ങാം. കായപ്പൊടി, റാഗിപ്പൊടി എന്നിവയെല്ലാമാണ് പൊതുവേ നല്‍കാവുന്നതാണ്.കഴിവതും ടിന്‍ ഫുഡ് ഒഴിവാക്കണം. കുഞ്ഞിന് കഴിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കുന്നവ കൂടുതല്‍ നല്ലത്. ഇവ കുറുക്കുന്നത് പശുവിന്‍ പാലിലാണെങ്കില്‍ കട്ടി കൂടിയ പാല്‍ ഉപയോഗിക്കരുത്. ഇത് കുഞ്ഞിന് ദഹിയ്ക്കുവാന്‍ പ്രയാസമുണ്ടാക്കും. പാലിനൊപ്പം അതിനിരട്ടി വെള്ളമൊഴിച്ചു വേണം, കുറുക്കു തയ്യാറാക്കുവാന്‍. ഇത് നല്ലപോലെ വേവിയ്ക്കുകയും വേണം. കൂവ പോലുള്ളവയും ഇടയ്ക്കു നല്‍കാം. ഇത് കുഞ്ഞിന്റെ വയറിനും നല്ലതാണ്.ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടുക.