കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് മിക്ക അമ്മമാര്‍ക്കും ഇപ്പോഴും അറിയില്ല. കുട്ടികള്‍ക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം നല്‍കുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലര്‍ത്താന്‍ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ പ്രഭാതഭക്ഷണത്തിന് കഴിയും. പ്രഭാതഭക്ഷണത്തില്‍ പാല്‍, മുട്ട, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
രാവിലെ നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത തടയുന്നു. ഇടനേരങ്ങളില്‍ ചെറിയ ഭക്ഷണം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. പഴവര്‍ഗങ്ങള്‍, പുഴുങ്ങിയ പയര്‍വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ (കശുവണ്ടി, ബദാം), അവല്‍ നനച്ചത് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതും (ചിപ്‌സ്, മുറുക്ക്, പലതരത്തിലുള്ള വടകള്‍) എന്നിവയ്ക്ക് പകരം ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികള്‍ക്ക് ഇലക്കറികള്‍ ധാരാളം നല്‍കാന്‍ ശ്രദ്ധിക്കണം. കടകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ഫുഡുകള്‍ പരമാവധി ഒഴിവാക്കുക. കുട്ടികള്‍ക്ക് രാത്രി ഭക്ഷണം എട്ട് മണിക്ക് മുന്‍പേ കൊടുക്കണം. അത്താഴം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍കിടക്കാവൂ. കുട്ടികള്‍ക്ക് കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കണം.
ചെറുചൂടുവെള്ളം, ജീരകവെള്ളം, മല്ലിവെള്ളം എന്നിവ ധാരാളം നല്‍കുക. പാക്കറ്റില്‍ കിട്ടുന്ന ജ്യൂസും, കോളപാനീയങ്ങള്‍, കളര്‍പാനീയങ്ങള്‍ എന്നിവയ്ക്ക് പകരം മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പച്ചക്കറിസൂപ്പുകള്‍, വീട്ടിലുണ്ടാക്കുന്ന ഫ്രൂട്ട് ജ്യൂസുകള്‍ എന്നിവ കൊടുക്കാം. കുട്ടികളെ അധികം ടി വി കാണാന്‍ അനുവദിക്കരുത്. കാരണം, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ശ്രദ്ധക്കുറവ്, പൊണ്ണത്തടി, ഉറക്കമില്ലായ്മ, കണ്ണിന്റെ കാഴ്ച്ചക്കുറവ് എന്നിവയ്ക്ക് ഇത് കാരണമാകും.