തീർച്ചയായും അതെ. എന്നാൽ ഒരു വാക്‌സിനും എന്തിനേറെ, ഒരു ചികിത്സാരീതിയും നൂറു ശതമാനം സുരക്ഷിതമല്ല. അതിനാൽ ഒരു വാക്‌സിൻ കൊണ്ടുള്ള ഗുണവുമായി താരതമ്യം ചെയ്തുവേണം അതിന്റെ സുരക്ഷയെ കുറിച്ചുള്ള നിഗമനത്തിലെത്താൻ.
കുത്തിവെപ്പുകൾ നിലവിൽ വന്നിട്ട് ഒരുനൂറ്റാണ്ടിലേറെയായി. ആദ്യമാദ്യം ഉണ്ടായിരുന്ന കുത്തിവെപ്പുകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. ആദ്യത്തെ കുത്തിവെപ്പായ വസൂരിക്കെതിരെയുള്ളത് തന്നെയെടുക്കാം. കുത്തിവെച്ച എല്ലാവർക്കും ആ സ്ഥാനത്ത് വലിയ വ്രണം രൂപപ്പെടുമായിരുന്നു. എന്നാൽ അന്നത്തെ കാലത്ത് വസൂരിക്കെതിരെ കുത്തിവെപ്പെടുക്കാൻ ആരെയും നിർബന്ധിക്കേണ്ടി വന്നില്ല. ആൾക്കാർ സ്വമേധയാ പോയി എടുക്കുകയായിരുന്നു. കാരണം വസൂരി മരണങ്ങളും, മരിക്കാത്തവരുടെ നരക യാതനയും അന്ന് എല്ലാവരും നേരിൽ കണ്ടിരുന്നു. തോളിൽ ഒരു വ്രണം എന്നത് ആർക്കും ഒരു പ്രശ്‌നമായി അന്ന് തോന്നാതിരുന്നത് അതുകൊണ്ടാണ്.
\
പേപ്പട്ടി കടിച്ചാൽ എടുക്കുന്ന വാക്‌സിൻ ആദ്യം കണ്ടുപിടിച്ചത് ലൂയി പാസ്ചർ ആണ്. അതിന് എത്ര മാത്രം പാർശ്വ ഫലങ്ങളുണ്ടാകാം എന്ന പഠനം പോലും പൂർത്തിയായിരുന്നില്ല. ജോസഫ് മീസ്ചർ എന്ന കുട്ടിയെ പേപ്പട്ടി കടിച്ചപ്പോൾ ആ കുട്ടിയുടെ അമ്മ അദ്ദേഹത്തിന്റെ കാലുപിടിച്ചപേക്ഷിക്കുകയായിരുന്നു, ആ കുത്തിവെപ്പ് തന്റെ കുഞ്ഞിനു നൽകാൻ. കുഞ്ഞിനു പേയിളകിയാലുള്ള അവസ്ഥ ആ അമ്മക്ക് നന്നായറിയാമായിരുന്നു. പാർശ്വ ഫലങ്ങൾ അതിനാൽ അവർക്കൊരു പ്രശ്‌നമേ ആയിരുന്നില്ല.
അതിനു ശേഷം അനേകമനേകം കുത്തിവെപ്പുകൾ നിലവിൽ വന്നു. പുതിയ പുതിയ ഗവേഷണങ്ങളുടെ ഫലമായിപാർശ്വ ഫലങ്ങൾ തീരെ കുറഞ്ഞ കുത്തിവെപ്പുകൾ ലഭ്യമായിത്തുടങ്ങി. അവയുടെ ചിട്ടയായ പ്രയോഗത്തിലൂടെ (കുത്തിവെപ്പുകൾ അല്ലാതെ മറ്റു കാരണങ്ങളുംഉണ്ടാകാം എന്നത് നിഷേധിക്കുന്നില്ല) പോളിയോ, തൊണ്ട മുള്ള്, ടെറ്റനസ്, അഞ്ചാംപനി, വില്ലൻ ചുമ എന്നീ രോഗങ്ങൾ തീരെ വിരളമായി. ഇന്നുള്ള പലരും ഇത്തരം രോഗങ്ങൾ കണ്ടിട്ടുപോലുമില്ല. അതുകൊണ്ട് തന്നെ ഈ രോഗങ്ങളെ ഭയമില്ലാതായി.
യാതൊരു കുഴപ്പവുമില്ലാതെ കളിച്ചും ചിരിച്ചും കഴിയുന്ന കുഞ്ഞിനെ കൊണ്ടുപോയി കുത്തിവെക്കുക എന്നത് ഒരു മെനക്കേടായി കരുതാൻ തുടങ്ങുന്നത് ഈ അവസരത്തിലാണ്. കുത്തിവച്ചാലുണ്ടാകുന്ന പനി, കാലുവേദന എന്നിവ വളരെ കാര്യമായ പാർശ്വഫലങ്ങളായി കാണുന്നതും ഈ കാരണം കൊണ്ട് തന്നെ. എന്നാൽ കുത്തിവെപ്പിനോട് കാണിക്കുന്ന അവഗണന കാരണം ഇടക്ക് ഈ രോഗങ്ങൾ തലപൊക്കുമ്പോൾ പലർക്കും വീണ്ടുവിചാരം ഉണ്ടാകുകയും ചെയ്യുന്നു. ഇത് ഇവിടെ മാത്രമല്ല, ലോകത്തെവിടെയുമുള്ള പ്രതിഭാസമാണ്. ഇന്ന് കേരളത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നതും അത് തന്നെ.
മുൻപ് കുത്തിവെപ്പ് മുടങ്ങിപ്പോയ പല കുട്ടികളെയും കൊണ്ട് അമ്മമാർ വരുന്നുണ്ട്, ഇനി ഏതൊക്കെ കുത്തിവെപ്പുകൾ എടുക്കാൻ പറ്റും എന്നന്വേഷിച്ചുകൊണ്ട്. കാരണം ആരോഗ്യപ്രവർത്തകരെപ്പോലെ (അതിലേറെ) രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ നന്മയും സുരക്ഷിതത്വവും ആരോഗ്യവും ആഗ്രഹിക്കുന്നുണ്ടല്ലോ. നമ്മുടെ നാട്ടിൽ നൂറു ശതമാനം സുരക്ഷിതമല്ലാത്ത പലതും ഉണ്ട്. ഉദാഹരണത്തിന് വാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. ഓരോ ദിവസവും എത്രയെത്ര അപകടങ്ങൾ, മരണങ്ങൾ! എന്നിട്ടും വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കൂടുന്നതേയുള്ളൂ. അതോടൊപ്പം യാത്ര എത്രമാത്രം സുരക്ഷിതമാക്കാം എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ്, സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, ഗതാഗത നിയമങ്ങൾ എന്നിവ കർശനമാകുന്നത്. അതുപോലെ തന്നെ വാക്‌സിൻ കൂടുതൽ സുരക്ഷിതമാക്കാനുള്ള ഗവേഷണങ്ങൾ അനുദിനം നടക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നുണ്ട്.
ഞാനും എന്റെ വീട്ടുകാരും ഇതുവരെ ഒരു കുത്തിവെപ്പും എടുത്തിട്ടില്ല; ഇതുവരെആർക്കും ഡിഫ്തീരിയ പോലുള്ള ഒരസുഖവുംവന്നിട്ടുമില്ല. വാക്‌സിനേഷൻ ആവശ്യമില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?
ഉത്തരം: തീർച്ചയായും അല്ല. ഇത് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം.
500 വീടുകളുള്ള ഒരു കോളനി. അവിടെ കള്ളന്മാരുടെ ഭയങ്കര ശല്യം. അത് തടയുവാൻ അവിടുത്തെ അഞ്ചോ പത്തോ വീട്ടുകാർ അവരവരുടെ വീട്ടിൽ കാവൽക്കാരെ നിയമിച്ചു എന്ന് കരുതുക. ആ വീടുകളിൽ കള്ളന്മാർകയറില്ല. ചിലപ്പോൾ കാവൽക്കാരൻ ഉറങ്ങിപ്പോയാൽ കയറി എന്നും വരാം. എന്നാൽ 75 ശതമാനം വീട്ടുകാരും കാവൽക്കാരെ വച്ചാലോ? ആ വീടുകളിൽ മാത്രമല്ല, അടുത്തുള്ള കാവൽക്കാരില്ലാത്ത വീടുകളിൽ പോലും കള്ളൻ കയറുകയില്ല. കാവൽക്കാർ ഉറങ്ങിപ്പോകുന്ന അപൂർവം വീടുകളും രക്ഷപ്പെടും. ഇതുപോലെയാണ് ചില അസുഖങ്ങൾക്ക് എതിരെയുള്ള കുത്തിവെപ്പുകൾ. നല്ലൊരു ശതമാനം പേർകുത്തിവെപ്പെടുത്താൽ ചുരുക്കം എടുക്കാത്തവരും ചുരുക്കം കുത്തിവെപ്പ് ഫലപ്രദമാകാത്തവരും അടക്കം എല്ലാവരും സംരക്ഷിക്കപ്പെടുന്നു. ഈ പ്രതിഭാസത്തെയാണ് Herd immunity എന്ന് പറയുന്നത്. അതായത് നിങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലെങ്കിലും ആ രോഗങ്ങളിൽ നിന്നും സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ അതിനു നിങ്ങൾ കുത്തിവെപ്പെടുത്ത ബഹുഭൂരിപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. അല്ലാതെ അത് നിങ്ങളുടെ സവിശേഷമായ പ്രതിരോധശക്തിയെയോ വാക്‌സിനുകളുടെ ആവശ്യമില്ലയ്മയെയോ അല്ല സൂചിപ്പിക്കുന്നത്. എവിടെയൊക്കെ വാക്‌സിൻ എടുത്ത ആൾക്കാരുടെ ശതമാനം വല്ലാതെ കുറഞ്ഞിട്ടുണ്ടോ. അവിടെയൊക്കെ ഇത്തരം രോഗങ്ങൾ തല പൊക്കിയിട്ടുമുണ്ട് .
സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് അവിടെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞപ്പോൾ 1990-കളിൽ അവിടെ ഡിഫ്തീരിയ പടർന്നുപിടിക്കുകയുണ്ടായി. നാലായിരത്തോളം പേരാണ് അന്ന് അവിടെ മരിച്ചത്.
കേരളത്തിലും ഇതൊക്കെ ആവർത്തിച്ചാൽ, ഡിഫ്തീരിയ രോഗാണുക്കളെ കൊണ്ടല്ല ഉണ്ടാകുന്നതെന്നും വാക്‌സിനേഷൻ ഇതിനൊന്നും പ്രതിവിധിയല്ല എന്നും പറയുന്നവരെ ആരെയും കാണില്ല അന്ന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുമ്പോൾ ആ കുഞ്ഞിനെ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള ഒരു ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റുന്നത്. ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കൂ
കുത്തിവെപ്പുകൾ കാൻസറിന് കാരണമാകുമോ?
തീർച്ചയായും ഇല്ല. മാത്രമല്ല ചിലകുത്തിവെപ്പുകൾ കാൻസറിനെതിരെസംരക്ഷണം നൽകുന്നു. ഉദാഹരണത്തിന് കരളിനെ ബാധിക്കുന്ന Hepatocellular carcenoma എന്ന കാൻസറിൽ 50% ലധികവും Hepatitis B ബാധിതരിലാണ്. Hepatitis B vaccine എടുത്തവർക്ക്ഇതിൽനിന്നും സംരക്ഷണം ലഭിക്കുന്നു. അതുപോലെ സ്ത്രീകളെ ബാധിക്കുന്ന ഒരുപ്രധാന കാൻസർ ആണ് Cervical cancer (ഗർഭാശയ ഗള കാൻസർ). HPV vaccine കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് നൽകുകയാണെങ്കിൽ ഇത് തടയാൻ പറ്റും.
കുത്തിവെപ്പുകൾ കുഞ്ഞുങ്ങളിൽ ബുദ്ധിമാന്ദ്യം, ഓട്ടിസം എന്നിവയ്ക്ക്കാരണമാകുമോ?
തീർച്ചയായും ഇല്ല. മാത്രമല്ല, ബുദ്ധിമാന്ദ്യം ഉണ്ടാക്കുന്ന പല അസുഖങ്ങളെയും തടയാൻ പറ്റുന്നു.
1. റുബെല്ല : ഗർഭിണികൾക്ക് റുബെല്ല എന്ന രോഗം വന്നാൽ പിറക്കുന്നകുഞ്ഞിനു Congenital rubella syndrome എന്ന രോഗം വരാൻ സാധ്യതയുണ്ട്. ആകുട്ടികൾക്ക് ബുദ്ധിമാന്ദ്യം, ബധിരത, അന്ധത, ഹൃദയ വൈകല്യങ്ങൾ, അപസ്മാരം എന്നിവ ഉണ്ടാകാം. റുബെല്ല കുത്തിവെപ്പിലൂടെ ഇവ തടയാം
2. മെനിഞ്ചൈറ്റിസ് എന്ന രോഗം മൂലം ബുദ്ധിമാന്ദ്യം ഉണ്ടാകാം. BCG vaccine TB മൂലവും, HiB vaccine ഹീമൊഫിലസ് ഇൻഫ്‌ലുവൻസെ ബി മൂലവും ഉള്ള മെനിഞ്ചൈറ്റിസ് തടയുകയും അതുവഴി ഉള്ള ബുദ്ധിമാന്ദ്യം തടയുകയുംചെയ്യുന്നു.
3. അഞ്ചാംപനി, മുണ്ടിനീര്, ചിക്കൻപോക്‌സ്, ജപ്പാൻ ജ്വരം എന്നീരോഗങ്ങളിൽ മസ്തിഷ്‌ക ജ്വരം (Encephalitis) ഉണ്ടാകാം. തന്മൂലംബുദ്ധിമാന്ദ്യം ഉണ്ടാകാം. അതാത് വാക്‌സിൻ എടുക്കുന്നതിലൂടെ ഇത് തടയാം.
MMR വാക്‌സിൻ എടുത്തവർക്ക് ഓട്ടിസം എന്ന അവസ്ഥ കൂടുതലായി കാണുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആൻഡ്രൂ വേക്ഫീൽഡ് എന്ന ബ്രിട്ടീഷ് ഗവേഷകൻ ലാൻസെറ്റ് എന്ന പ്രമുഖ മെഡിക്കൽ ജേർണലിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഓട്ടിസവും എം എം ആർ വാക്‌സിനും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നരീതിയിൽ. എന്നാൽ പിന്നീട് തെളിഞ്ഞത് അത് പ്രശസ്തിക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി ആയിരുന്നുവെന്നാണ്. ജേർണൽ ആ പഠന റിപ്പോർട്ട് പിൻവലിക്കുകയും വേക്ക്ഫീൽഡ് മാപ്പ് ചോദിക്കുകയും ചെയ്തു. ഇങ്ങനെയൊരു കള്ളത്തരം ചെയ്തതിനാൽ അദ്ദേഹത്തിനു ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവകാശം പോലും നഷ്ടപ്പെട്ടു. എന്നാൽ അതുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഇന്നും വാക്‌സിൻ വിരുദ്ധർക്ക് എടുത്തുപയോഗിക്കാൻ കഴിയുന്ന ഒരായുധമായി അവ നിലനിൽക്കുന്നു. അഭ്യസ്ത വിദ്യരുടെ നാടായ കേരളത്തിൽ പോലും ഇന്നും പലരും ഈ കഥ വിശ്വസിക്കുന്നുമുണ്ട്.
അഭിനവ വേക്ക്ഫീൽഡ്മാർ (മെഡിക്കൽ രംഗത്തുള്ളവർ) പ്രശസ്തിക്കും ബുദ്ധിജീവി പരിവേഷത്തിനും വേണ്ടി വാക്‌സിൻ വിരുദ്ധത എന്ന കുറുക്കു വഴിതേടുമ്പോൾ അവർ ജനങ്ങളിലുണ്ടാക്കുന്ന സംശയങ്ങളും അതുമൂലം പ്രതിരോധ ചികിൽസാപരിപാടിയിൽ ഉണ്ടാകുന്ന പാളിച്ചയും അതുവഴി പൊലിയുന്ന ജീവനുകളും.....ഇവക്കാര് സമാധാനംപറയും ?