ടെലിവിഷനിലെ ദൃശ്യങ്ങളും യഥാര്‍ത്ഥജീവിതവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചെറുപ്രായത്തിലേ രക്ഷിതാക്കള്‍ കുട്ടികളെ ബോധവാന്മാരാക്കേണ്ടതാണ്. തങ്ങളുടെ കുട്ടികള്‍ ടെലിവിഷനില്‍ എന്തൊക്കെയാണു കാണുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കുട്ടികള്‍ കാണുന്ന പരിപാടികളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ അവരോട് സംസാരിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ദൃശ്യങ്ങള്‍ കുട്ടികളില്‍ വിഷമം സൃഷ്ടിക്കുന്നുണ്ടോ, അക്രമങ്ങളോ മരണമോ കാണിക്കുന്ന ദൃശ്യങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ടോ എന്നെല്ലാം രക്ഷകര്‍ത്താക്കള്‍ ജാഗരൂകരായിരിക്കേണ്ടതാണ്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ അവരുടെ ചിന്താരീതികളെയും അഭിപ്രായങ്ങളെയും കുറിച്ച് അവരോട് തുറന്നു സംസാരിക്കേണ്ടതാണ്.
പ്രൈമറിതലം വരെയുള്ള കുട്ടികളെ കഴിയുന്നതും ഇത്തരം ദൃശ്യങ്ങളുള്ള പ്രോഗ്രാമുകള്‍ കാണുന്നതു തടയുന്നതു തന്നെയാണ് ഇവയുടെ ദുസ്സ്വാധീനം തടയാനുള്ള ഏറ്റവും നല്ല വഴി. ആക്രമണദൃശ്യങ്ങളുടെ പൊള്ളത്തരം കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതും ഉപകാരപ്രദമാണ്.
കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളോടാവട്ടെ, ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതും അവരുടെ തെറ്റിദ്ധാരണകള്‍ രക്ഷിതാക്കള്‍ തന്നെ തിരുത്തുന്നതുമാണ് ഏറ്റവും നല്ലത്. കൌമാരപ്രായക്കാരോട് ടെലിവിഷന്‍പ്രോഗ്രാമുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായുന്നതും അവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അവ അകറ്റിക്കൊടുക്കുന്നതും നല്ലതാണ്. ഇതുവഴി കുട്ടികളെ ടെലിവിഷന്‍പ്രോഗ്രാമികളുടെയും മറ്റു മാധ്യമങ്ങളുടെയും ഉള്ളടക്കങ്ങളെ വിലയിരുത്തുവാനുള്ള കഴിവുള്ളവരായും അങ്ങനെ ഇത്തരം ദൃശ്യങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റാത്തവരായും വളര്‍ത്തിയെടുക്കാന്‍ കഴിയും.