തെറ്റ് ചെയ്യാത്തവരായി ഈ ഭൂമിയില്‍ ആരുമുണ്ടാകില്ല. എന്നാല്‍ ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോഴാണ് അതൊരു വലിയ കുറ്റമായി മാറുന്നത്. കുട്ടികള്‍ തെറ്റ് ചെയ്താല്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്നാല്‍ അതൊരിക്കലും മൂടിവയ്ക്കാന്‍ ശ്രമിക്കരുത്. ഈ സമൂഹത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങളുണ്ടെന്നും അവ കുറ്റകരമാണെന്നും അവനെ പറഞ്ഞു മനസ്സിലാക്കണം. അതുപോലെ ഈ ഭൂമിയില്‍ ആരും പെര്‍ഫെക്റ്റ് അല്ലെന്നും, തെറ്റു ചെയ്യുന്ന കാര്യത്തില്‍ എല്ലാവരും ഒരുപോലെയാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക.
കുട്ടിയുടെ അപകര്‍ഷതാബോധം മാറ്റിയെടുക്കാന്‍ അവന്‍ മറ്റുള്ളവരില്‍ നിന്ന് സ്‌പെഷ്യലാണെന്ന് ബോധ്യപ്പെടുത്തണം. അവന്റെ കഴിവുകള്‍ എന്തുതന്നെയായാലും അത് പുറത്തുകൊണ്ടുവരുക. കൂടുതല്‍ പ്രോത്സാഹനം നല്‍കുക. മറ്റു കുട്ടികളുമായി ഒരിക്കലും അവനെ താരതമ്യം ചെയ്യാതിരിക്കുക.
പ്രത്യേകിച്ച് ഒന്നിനോടും താല്പര്യം പ്രകടിപ്പിക്കാത്ത കുഞ്ഞുങ്ങള്‍ ഉണ്ടാകും. എന്നാല്‍ കുട്ടികള്‍ തിരിച്ചറിയാത്ത ചില പ്രത്യേക കഴിവുകള്‍ അവര്‍ക്കുണ്ടാകും. അത് കണ്ടെത്തി കൊടുക്കലാണ് മാതാപിതാക്കളുടെ പ്രധാന കര്‍ത്തവ്യം. അവന്റെ ഇഷ്ടങ്ങള്‍, കഴിവുകള്‍ മനസ്സിലാക്കി മുന്നോട്ടു നയിക്കുക.
മാതാപിതാക്കള്‍ അവരുടെ തീരുമാനങ്ങള്‍ കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. കുട്ടിയെ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും അവനോട് ഇഷ്ടങ്ങള്‍ ചോദിക്കണം. തിരഞ്ഞെടുക്കേണ്ട വസ്ത്രം, ഭക്ഷണം, ഗെയിമുകള്‍ എന്നിങ്ങനെ എല്ലാ കാര്യത്തിലും അവന് സ്വന്തം തീരുമാനങ്ങള്‍ ഉണ്ടായിരിക്കണം.