മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ചതിലൂടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. അമേരിക്കയിലെ ക്ലീവ്‍ലാന്‍റിലെ ക്ലിനിക്കിലാണ് അപൂര്‍വ്വ സംഭവം ഉണ്ടായത്. ക്ലിനിക്കിന്‍റെ വെബ്സൈറ്റിലൂടെ ട്രാന്‍സ്പാന്‍റ് സര്‍ജന്‍ ആന്‍ഡ്രിയാസാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.
ജൂണ്‍ 18-നായിരുന്നു കുഞ്ഞിന്‍റെ ജനനം. പതിനഞ്ചുമാസം നീണ്ട പ്രക്രിയയിലൂടെയാണ് മരണമടഞ്ഞ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിന് ജന്മം നല്‍കിയത്. ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന 30-കാരിക്കാണ് മരണമടഞ്ഞ യുവതിയുടെ ഗര്‍ഭപാത്രം നല്‍കിയത്. ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ട്രാന്‍സ്പ്ലാന്‍റ് സര്‍ജനായ ഡോ. തോമസ് ഫാല്‍ക്കാനോയാണ് ശസ്ത്രകക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഉടന്‍ തന്നെ ഇവര്‍ക്ക് ആശുപത്രി വിടാമെന്നും ഡോക്ടര്‍ അറിയിച്ചു. ലോകത്തില്‍ തന്നെ ഇത് രണ്ടാം തവണയാണ് മരണമടഞ്ഞ സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിക്കുന്നതിലൂടെ കുഞ്ഞ് ജനിക്കുന്നത്. 2017-ല്‍ ബ്രസീലിലാണ് 32-കാരിയായ സ്ത്രീയ്ക്ക് മരണമടഞ്ഞ 45-കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് ജനിച്ചത്.