ഗര്‍ഭകാലത്തിന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കും തോറും പ്രതീക്ഷയും അതുപോലെ ആശങ്കയും നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുക. ആദ്യ ഘട്ടത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഉണ്ടാകില്ല. എന്നാല്‍ കഠിനമായ ക്ഷീണവും പല തരത്തിലുള്ള വേദനകളും ഈ ഘട്ടത്തിലുണ്ടാകാറുണ്ട്.
34ാം ആഴ്ചയിലെ പ്രത്യേകതകള്‍
കുഞ്ഞിന്റെ അനക്കം ധാരാളമായി ലഭിക്കുന്ന സമയമാണിത്. കൃത്യമായി അനക്കം എണ്ണാനും അതുപോലെ അനക്കം കിട്ടിയില്ലെങ്കില്‍ വൈദ്യ സഹായം തേടാനും മറക്കരുത്. പ്രസവത്തിന്റെ മുന്നോടിയായി കുഞ്ഞിന്റെ തല താഴേക്ക് വരികയാണ്. ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഈ ഘട്ടത്തില്‍ തയാറാക്കി വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. കുഞ്ഞിനും അമ്മയ്ക്കും വേണ്ട സാധനങ്ങളെല്ലാം കൃത്യമായി നേരത്തെ പായ്ക്ക് ചെയ്ത് വയ്ക്കാവുന്നതാണ്. കുഞ്ഞ് ഇനി ഏത് നിമിഷവും പുറത്തേക്ക് വന്നേക്കാം. യഥാര്‍ത്ഥ പ്രസവ വേദനയും ബ്രാക്സ്റ്റണ്‍ ഹിക്‌സുകളും തമ്മിലുള്ള വ്യത്യാസവും മനസിലാക്കേണ്ടത് ഏറെ പ്രധാനമാണ്.
കുഞ്ഞിന്റെ വളര്‍ച്ച
കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ വളര്‍ച്ച എത്തിയിരിക്കുകയാണ്. ഗര്‍ഭപാത്രത്തിലെ സ്ഥലപരിമിതി കുറവാണെങ്കില്‍ പലപ്പോഴും കുഞ്ഞിന് ചില സമയത്ത് അനക്കം കിട്ടാന്‍ ഏറെ പ്രയാസമാണെന്ന് തന്നെ പറയാം. രണ്ട് മണിക്കൂറില്‍ ഏകദേശം 10 അനക്കമെങ്കിലും ലഭിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന് ശരീരഭാരം കൂടുകയും അതുപോലെ തൊലിയ്ക്ക് അടിയില്‍ ഈ ഘട്ടത്തില്‍ കൊഴുപ്പ് ഉണ്ടാകുകയും ചെയ്യാറുണ്ട്.
കണ്ണിന്റെ നിറം മെലാനിന്‍ എന്ന പിഗ്മെന്റിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. പിഗ്മെന്റുകള്‍ കുറവോ പിഗ്മെന്റോ ഇല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നീലക്കണ്ണുകളുണ്ടാകും. എന്നാല്‍ ആദ്യ വര്‍ഷങ്ങളില്‍ ആ നിറം മാറിയേക്കാം. കുഞ്ഞിന് ജനനസമയത്ത് ഇരുണ്ട കണ്ണുകള്‍ ഉണ്ടെങ്കില്‍, നിറം മാറാനുള്ള സാധ്യത കുറവാണ്. 34ാം ആഴ്ച എന്ന് പറയുന്നത് എട്ടാം മാസമാണ്. കുഞ്ഞ് വരാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി.
അമ്മമാര്‍ നേരിടുന്ന പ്രധാന ലക്ഷണങ്ങള്‍
ബ്രാക്സ്റ്റണ്‍ ഹിക്‌സ് - പ്രസവ വേദന പോലെ തോന്നിപ്പിക്കുന്ന ബ്രാക്സ്റ്റണ്‍ ഹിക്‌സുകളാണ് പ്രധാനമായും ഈ ഘട്ടത്തിലുള്ള ഒരു ലക്ഷണം. പ്രസവ വേദനയും ഇതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ശ്രമിക്കുക. ഇടയ്ക്കിടെ വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. മാത്രമല്ല വിശ്രമിക്കുമ്പോള്‍ ഇത് മാറുകയാണെങ്കില്‍ പേടിക്കേണ്ട ആവശ്യമില്ല. കൃത്യമായ ഇടവേളകളില്‍ വേദന തുടരുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. അത് ഒരുപക്ഷെ പ്രസവ വേദന ആയിരിക്കാം.
സ്തനങ്ങളുടെ വലിപ്പം - അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കൂടുന്നത് സ്വാഭാവികമാണ്. തൊലി വലിയുന്നത് കാരണം ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകുമെങ്കിലും അത് സ്വാഭാവികമാണ്. ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൃത്യമായി മോയ്ചറൈസര്‍ ഉപയോഗിക്കുന്നത് ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
പെല്‍വിക്ക് വേദന - പ്രസവത്തിനോട് അടുക്കുന്ന സമയത്ത് പെല്‍വിക്ക് ഭാഗത്ത് വേദന ഉണ്ടാകാം. കാരണം കുഞ്ഞിന്റെ തല താഴേക്ക് വരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മാത്രമല്ല നടുവേദനയും അതുപോലെ മൂത്രസഞ്ചി എപ്പോഴും നിറയുന്നത് പ്രധാന പ്രശ്‌നമാണ്. കുഞ്ഞ് താഴേക്ക് വരുന്നത് കൊണ്ട് തന്നെ ആദ്യ ഘട്ടങ്ങളില്‍ നേരിട്ടിരുന്ന ശ്വാസം തടസം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കുറഞ്ഞേക്കാം. ചെറു ചൂടുവെള്ളത്തിലുള്ള കുളി ഈ വേദന കുറയ്ക്കാന്‍ ഏറെ സഹായിക്കും.
കാലിലെ നീര് - ഗര്‍ഭിണികള്‍ എപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കാലിലെ നീര്. ഒരുപാട് നേരം നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ ഈ നീര് വരുന്നത് കുറയ്ക്കാന്‍ കഴിയും. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകള്‍ അല്‍പ്പം ഉയര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നതും ഗുണം ചെയ്യും.
മലബന്ധം - പല കാരണങ്ങള്‍ കൊണ്ട് ഗര്‍ഭിണികള്‍ക്ക് ഈ ഘട്ടത്തില്‍ മലബന്ധമുണ്ടാകാം. കാരണം ഗര്‍ഭാവസ്ഥയില്‍ മലബന്ധം ഉണ്ടെങ്കില്‍, ധാരാളം വെള്ളം, അല്ലെങ്കില്‍ മറ്റ് പഴച്ചാറുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇത് കുറയ്ക്കാന്‍ സഹായിക്കും. ദഹനവ്യവസ്ഥയെ സഹായിക്കുന്നതിന് നടത്തം അല്ലെങ്കില്‍ മൃദുവായ വ്യായാമങ്ങള്‍ ചെയ്യുക. ദഹനം മെച്ചപ്പെടുത്താന്‍ ഒരു സമയത്ത് ധാരാളം ഭക്ഷണം കഴിക്കാതെ ഇടവേളകള്‍ എടുത്ത് കഴിക്കുന്നതും ഗുണം ചെയ്യും.