കാൽപാദങ്ങളിൽ തണുപ്പ് തട്ടിയപ്പോൾ അവൻ പയ്യെ കണ്ണു തുറന്നു ചുറ്റും മേഘങ്ങൾ മാത്രം. വെളിച്ചം കൊണ്ട് അവൻ കണ്ണുകൾ തിരുമി വീണ്ടും നോക്കി അവൻ എഴുന്നേറ്റ് മേഘങ്ങളിലൂടെ നടന്നു . മേഘം തെന്നി മാറുമ്പോൾ, വീണു പോകുമോ എന്നു അവൻ ഭയപ്പെട്ടു.
പെട്ടെന്നു പിന്നിൽ നിന്നും ഒരു കൈ അവന്റെ തോളിൽ വീണു, പേടിച്ചു അവൻ തിരിഞ്ഞു നോക്കി . മേഘങ്ങൾക്കിടയിൽ നിന്ന് ഒരു മാലാഖ. വെള്ള ഉടുപ്പു അണിഞ്ഞു , ചിറകു വിരിച്ച മാലാഖയെ അവൻ അത്ഭുതത്തോടെ നോക്കി. മാലാഖ അവനെ നെഞ്ചോടു ചേർത്തു പിടിച്ചു . അവന്റെ നെറുകയിൽ തലോടി. അപ്പോഴും എവിടെയാണ് എന്താണ് എന്നൊന്നും അറിയാതെ അവൻ ഭയപ്പെട്ടു.
മാലാഖ പയ്യെ കൈകൾ കൊണ്ട് മുന്നിലെ മേഘങ്ങളെ തള്ളി നീക്കി . അവൻ അങ്ങോട്ടു നോക്കി. അവിടെ വെള്ള ഉടുപ്പു അണിഞ്ഞ കുറെ മാലാഖമാർ. അവർ അവനെ നോക്കി ചിരിച്ചു അവൻ വീണ്ടും അത്ഭുതത്തോടെ നോക്കി . മാലാഖമാർക്കു നടുവിൽ വെള്ളി മേഘങ്ങൾ മൂടി നിൽക്കുന്ന സിംഹാസനത്തിൽ ഒരു രൂപം.
മാലാഖ അവനോടു പറഞ്ഞു :
” ദൈവത്തിന്റെ അടുക്കൽ പോയ്‌കൊള്ളൂ ”
അവന് അതു വിശ്വസിക്കാനായില്ല . അവൻ ഭയപ്പെട്ടു പിന്നോട്ടു നീങ്ങി . മാലാഖ പുഞ്ചിരിച്ചുകൊണ്ട് അവനെ കയ്യിൽ എടുത്തു ചിറകുകൾ വിരിച് ദൈവത്തിന്റെ അടുത്തേക്ക് പറന്നു .മാലാഖ അവനെ ദൈവത്തിന്റെ മടിയിൽ ഇരുത്തി . ദൈവം അവന്റെ കുഞ്ഞിക്കവിളിൽ മുത്തം കൊടുത്തു . അരികിൽ നിന്നും വർണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ കൊടുത്തു . അവന്റെ മുഖം സന്തോഷത്താൽ വിടർന്നു .
മാലാഖമാർ ചുറ്റും നൃത്തം വെച്ചു . പാട്ടുകൾ പാടി . ദൈവം അവന്റെ കൈകൾ തലോടിക്കൊണ്ടിരുന്നു .
പെട്ടെന്നു എവിടെ നിന്നോ ഒരു മാലാഖ പറന്നു വന്നു ദൈവത്തിനു മുൻപിൽ നിന്നു . അവൾ അകെ ആകുലപ്പെട്ടിരുന്നു . അവൾ ദൈവത്തോടു പറഞ്ഞു .
“ദൈവമേ , ഇവൻ തെറ്റു ചെയ്തു . ‘അമ്മ അറിയാതെ ഇവൻ അമ്മയുടെ സമ്പാദ്യം മോഷ്ടിച്ചു .”
ഇതുകേട്ട് ആ കുഞ്ഞുമനസ് പേടിച്ചു . ദൈവം അവന്റെ മുഖത്തു നോക്കി , അവൻ അവിടുത്തെ കണ്ണുകളിൽ കണ്ണുനീരു കണ്ടു . ആ കണ്ണീർ അവന്റെ പാദങ്ങളിൽ വീഴുവാൻ തുടങ്ങി .
പെട്ടെന്നു ദൈവത്തിന്റെ സിംഹാസനം അവനിൽ നിന്ന് അകലാൻ തുടങ്ങി . അവൻ നിന്ന മേഘപാളികൾ താഴേക്കു പതിക്കാൻ തുടങ്ങി . അവൻ താഴോട്ടു വീണു . അവൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി . കാലുകൾ അവനു ചൂടുകൊണ്ട് പൊള്ളുവാൻ തുടങ്ങി. താഴേക്കു പതിക്കുംതോറും ചൂടു കൂടി വന്നു.
അവൻ പേടിച്ചു വിയർത്തു . അവൻ താഴെ നോക്കി . എരിഞ്ഞു കത്തുന്ന തീയിലേക്കാണ് അവൻ വീഴാൻ പോകുന്നത് എന്ന് അവനു മനസിലായി . ഒച്ച ഉയർത്തി അവൻ വീണ്ടും കരഞ്ഞു .
മാലാഖമാർ ഇല്ല , ദൈവം ഇല്ല , ചുറ്റും ഇരുട്ടുമാത്രം . ചൂടുകൊണ്ട് അവൻ അലറി വിളിച്ചു .
നിലവിളിച്ചു കൊണ്ട് അവൻ കണ്ണു തുറന്നു. അവന്റെ കിടക്കയിൽ, അവന്റെ സ്വന്തം മുറിയിൽ അവൻ ഉണ്ട് .
അവൻ കണ്ടത് സ്വപ്നം മാത്രം ആണെന് അവനു വിശ്വസിക്കാനായില്ല . അവന്റെ കണ്ണുകൾ നിറഞ്ഞു . അവൻ അരികിൽ വെച്ച അവന്റെ ബാഗിലേക്കു നോക്കി .
അവൻ എഴുന്നേറ്റ് ബാഗ് തുറന്ന് ബുക്കിനിടയിൽ അവൻ ഒളിപ്പിച്ചു വെച്ച പത്തു രൂപ എടുത്തു .
കൂട്ടുകാരന്റെ കയ്യിലെ പേന വാങ്ങാൻ ‘അമ്മ കാണാതെ അടുക്കളയിൽ നിന്ന് എടുത്തതാണ് അവൻ .
അതും കൈയ്യിൽ എടുത്ത് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി . പുറത്ത് മുറ്റം അടിക്കുന്ന അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
ഒന്നും അറിയാതെ ‘അമ്മ അവനെ കൈയിൽ എടുത്തു . പിടി വിടാതെ അമ്മയുടെ നെഞ്ചിൽ ചേർന്നു കിടന്ന് അവൻ കരഞ്ഞു. അവന്റെ കയ്യിൽ നിന്നു ആ രൂപ നിലത്തേക്കു വീണു.
‘അമ്മ അവന്റെ നെറ്റിയിൽ മുത്തം കൊടുത്ത്, അവന്റെ കണ്ണീർ തുടച്ചു.