കിടപ്പറയിൽ നടുംപുറത്ത് ഒട്ടിനിരങ്ങി കിന്നരിക്കാൻ വന്ന അവളെ ഇടംകൈയ്യാൽ തട്ടിമാറ്റിയിട്ട് തെല്ലു ദേഷ്യത്തോടെ ഞാൻ പറഞ്ഞു നേരമില്ലാത്ത നേരത്താ അവൾടെയൊരു ശൃംഗാരം, മാറിക്കിടക്കെടി അസത്തേ” ക്ഷീണത്തോടെ പുതപ്പിനടിയിൽ ചുരുണ്ടുകൂടിയ എന്നിൽ അവളോടുള്ള മടുപ്പ് ഞാൻ നന്നേ പ്രകടമാക്കിയപ്പോഴും ആ മുഖത്തുണ്ടായ വാട്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു എന്നിലെ മാറ്റങ്ങൾ ഞാൻ സ്വയം ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് പണ്ടത്തേ പോലെ ഞാനവളോടധികം സംസാരിക്കാറില്ല എന്ന് മനസ്സിലായത്, അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമെന്നോണം ഒരു മൂളൽ മാത്രം അവശേഷിച്ചപ്പോളും ഒരിറ്റ് പരിഭവം പോലും ഒരു വാക്കു കൊണ്ടു പോലും അറിയിച്ചിട്ടില്ലവൾ വാതോരാതെയുള്ള അവളുടെ സംസാരത്തെ വാനോളം പുകഴ്ത്തിയിരുന്ന എനിക്ക് പിന്നീടത് അരോചകമായി തോന്നിയിട്ടുള്ളതിന്റെ പൊരുൾ അന്നും എനിക്ക് അറിയില്ലായിരുന്നു ഓഫീസിലെ പ്രഷറും ജോലി സമ്പന്ധമായ ടെൻഷനുകളും കാരണം തരിച്ചിറങ്ങുന്ന എന്റെ തലയുടെ പെരുപ്പം മാറ്റാൻ ആ ദേഷ്യമെല്ലാം ഇറക്കി വെക്കാറുള്ളത് കാരണമില്ലാഞ്ഞിട്ടുo കാരണമുണ്ടാക്കിയവളോട് വഴക്കടിച്ചിട്ടായിരുന്നു അന്നും അടുക്കളത്തിണ്ണയിൽ കണ്ണീർ വാർത്ത് സങ്കടങ്ങളെല്ലാം കരഞ്ഞു തീർക്കുമ്പോഴും ഒരു ആശ്വാസവാക്കു കൊണ്ടു പോലും ഞാൻ സാന്ത്വനപ്പെടുത്താൻ മുതിർന്നിട്ടില്ല എന്നതു തന്നെയാണ് സത്യവും അന്നതെല്ലാം മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചത് എന്റെ ആത്മാഭിമാനത്തിനൊരൽപ്പം കോട്ടം തട്ടരുതെന്നെനിക്ക് നിർബന്ധമുണ്ടായിരുന്നത് കൊണ്ടു തന്നെയായിരുന്നു എന്നതാണ് യാഥാർത്യവും മാറി മാറി വരുന്ന സിനിമകൾ കൂട്ടുകാർക്കൊപ്പം തിയ്യേറ്ററിൽ പോയി കാണുമ്പോഴും ഒരിക്കൽ പോലും തിയ്യേറ്ററിൽ പോയി ഒരു സിനിമ കാണണം എന്ന അവളുടെ ആഗ്രഹത്തെ മനപ്പൂർവ്വം തള്ളിക്കളയുകയാണ് ഞാനും ചെയ്തിട്ടുള്ളത് ഓഫീസ് വിട്ട് നേരത്തേ വരണേ എന്നവൾ എന്നൊക്കെ പറഞ്ഞിട്ടുണ്ടോ അന്നെല്ലാം ക്ലബ്ബിൽ പോയി ചീട്ട് കളിക്കുകയോ ബാറിൽ പോയി രണ്ടെണ്ണം വീശുകയോ ചെയ്യാറാണ് പതിവും.
ഒരിക്കൽ പ്രാണനു തുല്യം പ്രണയിച്ചവളോടെനിക്ക് എന്തിനാണിത്രയും ദേഷ്യം തോന്നിയിട്ടുള്ളത് എന്ന കാരണം അപ്പോഴും എനിക്ക് സ്വയം അറിയില്ലായിരുന്നു അല്ല, എന്തുകൊണ്ടാണ് ഞാനിങ്ങനെയെന്ന് സ്വയം ഉള്ളിലേക്ക് നോക്കി ഞാൻ ചോദിച്ചിട്ടില്ല എന്നതാണ് സത്യവുo, അങ്ങനെ ഒരിക്കലെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടെങ്കിൽ അവൾക്കിത്രയുo വേദനിക്കേണ്ടി വരില്ലായിരുന്നു സ്നേഹത്തോടെയവളോടൊന്ന് മിണ്ടിയിട്ട് കാലങ്ങളായി നല്ലൊരു സാരി വാങ്ങിച്ച് കൊടുത്തിട്ട് കാലങ്ങളായി എന്തിനേറെ യാത്രകൾ ഇഷ്ട്ടമായിരുന്നവളെ ഒന്നു പുറം ലോകം കാണിച്ചിട്ട് തന്നെ കാലങ്ങളായി എന്നിട്ടും ഇന്നോളമൊരു പരാതി പോലും പറഞ്ഞിട്ടില്ലവളെന്നോട് , ഞാനെത്രയൊക്കെ ക്രൂശിച്ചിട്ടും ആഴ്ച്ചയിലൊരിക്കലെങ്കിലും അമ്പലത്തിൽ പോയി എന്റെ പേരിൽ പുഷ്പാഞ്ജലി കഴിക്കുന്ന പതിവ് തെറ്റിച്ചിട്ടില്ലവളിന്നോളം സമയത്തിന് സ്വർണ്ണത്തേക്കാൾ വില കൽപ്പിക്കാറുള്ള ഞാൻ അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി നേരം കണ്ടെത്തുമ്പോഴും അവൾക്ക് വേണ്ടി ഒരിത്തിരി സമയം മാറ്റിവെക്കാൻ ശ്രമിച്ചിട്ടില്ല അവളുടെ ആവശ്യങ്ങൾക്ക് നേരെ ഒരൊറ്റ ഉത്തരം കൊണ്ടവളുടെ വായടപ്പിക്കാറുണ്ട് ഞാൻ , നേരമില്ല എന്നയാ ഉത്തരം കൊണ്ട് നേരമില്ലാഞ്ഞിട്ടല്ലയത് നേരം ഞാൻ സ്വയം കണ്ടെത്താഞ്ഞിട്ടാണെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത് അന്ന് ഓഫിസിലേക്ക് പോകും വഴിയെ റോഡ് മുറിഞ്ഞു കടക്കുന്നതിനിടയിലാ കാറു വന്നെന്നെ ഇടിച്ചു തെറിപ്പിച്ചപ്പോൾ വലതുകാലിനേറ്റ ക്ഷതം മൂലം ഒരാഴ്ച്ച ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞു ഊണുo ഉറക്കവുo മലമൂത്ര വിസർജനവും ഒരേ കിടപ്പിൽ തന്നെയായപ്പോൾ, ആർക്ക് വേണ്ടിയാണോ ഞാൻ നേരം കണ്ടെത്തിയിട്ടുള്ളത് അവരാരുമായിരുന്നില്ല എന്നെ പരിപാലിച്ചതും ഞാനൊരിക്കൽ പോലും ഒരിത്തിരി സമയം പോലും മനസ്സറിഞ്ഞു കൊടുത്തിട്ടില്ലാത്തവൾ ആയിരുന്നു ആ നേരത്ത് എനിക്കൊരു കുറവും വരുത്താതിരുന്നത് അവൾ പറഞ്ഞിട്ടില്ല എന്റെ മലവും മൂത്രവും കോരാൻ എനിക്ക് നേരമില്ല എന്ന് അവൾ പറഞ്ഞിട്ടില്ല നേരാ നേരത്തിനെനിക്ക് കഞ്ഞി തരാൻ നേരമില്ല എന്ന് നീരിച്ച കാല് വേദന കൊണ്ട് ഞാൻ കാറുമ്പോൾ അവൾ പറഞ്ഞിട്ടില്ല ആവി പിടിച്ച് തരാൻ അവൾക്ക് നേരം ഇല്ല എന്ന് പലപ്പോഴും അവളെനിക്കു വേണ്ടി കഴിക്കുന്ന പങ്കപ്പാട് കാണുമ്പൊ ഇടയ്ക്കെന്റെ മനസ്സ് വിങ്ങാറുണ്ട്, ഒരു കാരണവുമില്ലാതെ അവളോട് മടുപ്പു തോന്നിയിട്ടുള്ള ഞാൻ അവളോടാ ചോദ്യം ചോദിക്കും ഇത്രയൊക്കെയായിട്ടും എന്നോടൊരിത്തിരി മടുപ്പ് പോലും തോന്നിയിട്ടില്ലേ നിനക്ക് എന്നയാ ചോദ്യം ചോദ്യം മുഴുവിക്കും മുൻപേ അവളെന്റെ ചുണ്ടു പൊത്തിയിരുന്നു ഉത്തരമായത് അവളുടെ നനഞ്ഞ കണ്ണുകളയായിരുന്നു എനിക്ക് കൂടുതലൊന്നും വേണ്ട എന്റെ കണ്ണടയും വരെ ഏട്ടന്റെ മുഖത്തെയീ സന്തോഷം കണ്ടാൽ മതി എന്ന അവളുടെ മറുപടിയിൽ മാറോടവളെ ചേർത്തു പിടിച്ച് ആവർത്തിച്ചാവർത്തിച്ച് മാപ്പു പറയുകയായിരുന്നു ഞാൻ യഥാർത്ഥത്തിൽ അവളെന്നെ പഠിപ്പിക്കുകയായിരുന്നു നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി നേരം കണ്ടെത്താനായില്ലെങ്കിൽ അല്ലാതെ ചിലവഴിക്കുന്ന സമയത്തിന് പുല്ല് വില പോലുമില്ല എന്നുള്ള സത്യം.