മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം-2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ചൈന ഉള്‍പ്പെടെയുള്ളിടത്ത് ആഗോള റിലീസ്. ഇതിന് ഒരാഴ്ച മുമ്ബ് വില്ലനായി കൊറോണയെത്തി. ഇതോടെ ലോക്ഡൗണ്‍ വന്നു. റീലീസ് നീട്ടി. കോവിഡിന്റെ ആദ്യ തരംഗം ശമിച്ചതോടെ വീണ്ടും മരയ്ക്കാര്‍ തിയേറ്റര്‍ റിലീസിന് തീരുമാനിച്ചു. അപ്പോഴേക്കും വീണ്ടും രണ്ടാം തരംഗം എത്തി. വീണ്ടും മരയ്ക്കാര്‍ മാറ്റി. അതുകൊണ്ട് കൂടിയാണ് മരയ്ക്കാറെ ഒടിടിയില്‍ മൂന്നാം ഊഴത്തില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ തീരുമാനിച്ചത്. അപ്പോഴും തിയേറ്ററുകാര്‍ പിണങ്ങി. ഫാന്‍സുകാര്‍ പ്രശ്‌നമുണ്ടാക്കി. അങ്ങനെ പ്രിയദര്‍ശന്റെ കൂടി ആഗ്രഹം മാനിച്ച് ഡിസംബര്‍ രണ്ടിന് റിലീസ് തീരുമാനിച്ചു. അപ്പോഴിതാ വീണ്ടും കോവിഡ് ഭീതി. കോവിഡിന്റെ ആഫ്രിക്കന്‍ വകഭേദം.
ലോകം അതിഭയാനക സ്ഥിതിയെയാണ് നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി കഴിഞ്ഞു. വാക്‌സിനുകളെ മറികടക്കാന്‍ പുതിയ വകഭേദത്തിന് കരുത്തുണ്ട്. അതുകൊണ്ട് മരണത്തിലേക്ക് മനുഷ്യനെ തള്ളിവിടുന്ന മാരക വൈറസാണ് ആഫ്രിക്കയില്‍ തിരിച്ചറിയുന്നത്. വീണ്ടും വ്യോമ പാതകള്‍ അടച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരുതലെടുക്കുന്നു. ഇന്ത്യയും ജാഗ്രതയില്‍. പ്രധാനമന്ത്രി ആരോഗ്യ വിദഗ്ധരുടെ യോഗം ചേരുന്നുണ്ട്. പുതിയ ഒമിക്രോണ്‍ ഭീതിയെ മറികടക്കാന്‍ ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ വീണ്ടും അനിവാര്യതയാണ്. അങ്ങനെ വന്നാല്‍ പൊതുജനങ്ങള്‍ തടിച്ചു കൂടുന്ന കേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാന്‍ ഇടയുണ്ട്.
ഒമിക്രോണ്‍ വൈറസ് ഇന്ത്യയില്‍ എത്തിയെന്ന് വന്നാലും ഈ മുന്‍കുരതലുകള്‍ എടുക്കുക. കേന്ദ്രം സ്ഥിതി ഗതികള്‍ നിരീക്ഷിക്കുകയാണ്. ഇതിനിടെയാണ് വീണ്ടു മരയ്ക്കാറിന്റെ റിലീസ്. മരയ്ക്കാര്‍ തിയേറ്ററില്‍ കൊടുത്തില്ലായിരുന്നുവെങ്കില്‍ ഒടിടിയില്‍ നിന്ന് വന്‍തുക കിട്ടുമായിരുന്നു. ഇതിനൊപ്പം ടിവി അവകാശം കൂടി നല്‍കി ചിത്രത്തെ ലാഭത്തിലാക്കാന്‍ ആന്റണിക്ക് കഴിയുമായിരുന്നു. തിയേറ്ററില്‍ ചിത്രം എത്തുന്ന സാഹചര്യത്തില്‍ ഒടിടി ചര്‍ച്ചകള്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഡിസംബര്‍ രണ്ടിന് സിനിമ റിലീസ് ചെയ്ത ശേഷം വൈറസ് ഭീതി കൂടിയാല്‍ നിര്‍മ്മാതാവിന് അതു വലിയ പ്രതിസന്ധിയാകും.
അതിനിടെ ഒമിക്രോണില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേരളവും തീരുമാനിച്ചിട്ടുണ്ട്. ഇനിയുള്ള ഒരാഴ്ച അതീവ നിര്‍ണ്ണായകമാകും. ഇതിനിടെയില്‍ ഒമിക്രോണ്‍ ഭീതിയില്‍ കേരളവും എത്തിയാല്‍ വീണ്ടും നിയന്ത്രണങ്ങളെത്തും. തിയേറ്ററുകളില്‍ നിലവില്‍ അമ്ബതു ശതമാനം സീറ്റുകളില്‍ മാത്രമേ പ്രവേശനമുള്ളൂ. ഇത് കൂട്ടാമെന്ന ഉറപ്പ് സിനിമാ മന്ത്രിയായ സജി ചെറിയാന്‍ മോഹന്‍ലാലിന് നല്‍കിയിരുന്നു. ഒമിക്രോണ്‍ എത്തിയതോടെ സജി ചെറിയാന്റെ ഈ ഉറപ്പ് സര്‍ക്കാര്‍ പാലിക്കാന്‍ ഇടയില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഒരാഴ്ച കൊണ്ട് 100 കോടിയുടെ മുടക്ക് തിരിച്ചു പിടിക്കുകയെന്നത് മരയ്ക്കാറിന് വെല്ലുവിളിയാകും.
മരയ്ക്കാറിനെ പോലെയാണ് മോഹന്‍ലാലിന്റെ സംവിധാന സംരഭത്തിലുള്ള ബറോസും. കോവിഡിന് മുമ്ബ് ഇത് പ്രഖ്യാപിച്ചു. കോവിഡു കാരണം ഇത് നീണ്ടു പോയി. ആദ്യ തംരഗം തീര്‍ന്ന ശേഷം കൊച്ചിയില്‍ ഷൂട്ടിങ് തുടങ്ങി. അപ്പോഴേക്കും രണ്ടാം തരംഗം ശക്തമായി. ഇതോടെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഡിസംബര്‍ അവസാന വാരം അത് വീണ്ടും തുടങ്ങാനാണ് മോഹന്‍ലാലിന്റെ പദ്ധതി. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീതി. ഒമിക്രോണ്‍ വില്ലനായാല്‍ ബറോസിന്റെ ഷൂട്ടിംഗും ഇനിയും നീളും.
കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോള്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ആവാന്‍ ഒരുങ്ങി നില്‍ക്കവെയാണ് പുതിയ കോവിഡ് ഭീതി. നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ധാരണയായത്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം പൂര്‍ത്തിയായ ശേഷം റിലീസിനും അത്രയേറെ സമയം വേണ്ടി വരുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഒമിക്രോണ്‍ ഭീതിയില്‍ റിലീസ് മാറ്റിവച്ചാല്‍ മരയ്ക്കാര്‍ ഉടന്‍ തന്നെ ഒടിടിയില്‍ എത്താനാണ് സാധ്യത.