Latest News

ഉട്ടോപ്യയിലെ രാജാവ്

Malayalilife
ഉട്ടോപ്യയിലെ രാജാവ്

റുപ്പും വെളുപ്പും ഇടകലര്‍ന്ന കള്ളികള്‍;
കുരുക്ഷേത്രയിലെ കളംപോലെ;
അച്യുതമൈതാനം!

വെളുത്ത നിറമുള്ള മനുഷ്യര്‍;
കറുത്ത നിറമുള്ള മനുഷ്യര്‍;
കറുപ്പിലും വെളുപ്പിലും
കുതിരകള്‍, ആനകള്‍, രഥങ്ങള്‍.

രണ്ടറ്റത്തും
ജാഗരൂകരായ മന്ത്രിമാര്‍;
ശങ്ക തീണ്ടാതെ, ഗര്‍വ്വോടെ  
രാജാക്കന്മാര്‍,
'അദൃശ്യരായ സേനാധിപരി' ലുള്ള
അന്ധമായ വിശ്വാസം!

ചിലപ്പോളയാള്‍,
വെളുത്ത മനുഷ്യനാകും.
ചിലപ്പോള്‍ കറുത്തവനും.
ഏതായാലും
പടതന്നെ കാര്യം!

ചലനാത്മകമാകുന്ന പടക്കളം;
ഒരു സേനാധിപന്‍, 'അയാള്‍';
മറ്റേ ആള്‍, 'ആ... ആരോ...',
അയാള്‍ക്കു നിശ്ചയമുണ്ടാകില്ല;
അയാള്‍ക്കതറിയേണ്ട കാര്യമില്ല.
കരുക്കള്‍
കുതിക്കാനോങ്ങുമ്പോളയാള്‍
പുരയെ മറക്കും;
പിന്നെയല്ലേ, മുന്നിലെ ആളെ!

സൂര്യന്‍
കിഴക്കോ? പടിഞ്ഞാറോ?
കിഴക്കായാലെന്ത്;
പടിഞ്ഞാറായാലെന്ത്,
അയാള്‍ക്കതുമറിയേണ്ടതില്ല.

കുറുകിയ തടി;
കുനുകുനാ നടത്തം.
അയാളൊരിടത്തിരിക്കുമ്പോള്‍
അതാണ്,
ആ നാട്ടിലെ കുരുക്ഷേത്രം!

ചുമലില്‍,
പഴയൊരു തോര്‍ത്ത്.
അഴികളില്‍, 'കറുപ്പും വെളുപ്പും'
തേച്ചതിന്റെ; ചുമരില്‍,
കുമ്മായമിട്ടതിന്റെ
വള്ളികളും പുള്ളികളും ഗന്ധവുമുള്ള,
മുഷിഞ്ഞ തോര്‍ത്ത്!          
അരയ്ക്കുക്കീപ്പോട്ട്,
മുക്കാലിഞ്ചിറക്കത്തില്‍ ലുങ്കി;
അരയ്ക്കു മേലോട്ട്, ശൂന്യത!

മടിക്കുത്തിലൊരുക്കെട്ടു
മഞ്ഞ കാജാ, തീപ്പെട്ടി.
കത്തിച്ചതു കെട്ടതോ;
കത്തിക്കാന്‍ മറന്നതോ,
ഒരു ബീഡിമണം
ചെകിടില്‍ സ്ഥിരതാമസം.
 
ചുണ്ടിലെരിയുന്ന ബീഡിയേക്കാള്‍
ചൂണ്ടാണിക്കടിയില്‍ ഞെരിയുന്ന
ബീഡിക്കുറ്റിയാണ്,
എതിരാളിയെ
ഞെരിപ്പിരിക്കൊള്ളിക്കാറുള്ളത്.

അയാളുടെ സൂര്യന്‍  
ഉദിച്ചിരുന്നതും അസ്തമിച്ചിരുന്നതും
അവിടെയായിരുന്നു;
അയാളുദിച്ചതും അസ്തമിച്ചതും
ആ നാട്ടിലായിരുന്നു,
ശങ്കരയ്യ റോഡില്‍;
ചതുരംഗചേകവരുടെ സ്വപ്നഭൂമിയില്‍!

'ജയം...',
അങ്ങനെയൊന്നൊന്നില്ലായിരുന്നു,
അയാള്‍ക്ക്;
രണ്ടായാലും,
ഒരേ നിറമുള്ള
ഒരു കരുവായിരുന്നു അയാള്‍;
ആരും പഠിച്ചു പോകുന്ന,
ആരെയും പഠിപ്പിക്കാത്ത
ഗുരുവായിരുന്നു!

അയാളുടെയുള്ളില്‍
വരഞ്ഞുക്കിടന്നിരുന്ന
കള്ളികളിലെ പോടുകളിലൂടെ
ഊര്‍ന്നിറങ്ങിയ പടയോട്ടക്കാര്‍ക്കയാള്‍
രാജാവായിരുന്നു;
അവരുടെ രാജാവ്!
'ഉട്ടോപ്യയിലെ രാജാവ്'
കളപ്പുരയ്ക്കല്‍ വാസു!

* കേരളത്തിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന, ശങ്കരയ്യ റോഡിലെ കളപ്പുരയ്ക്കല്‍ വാസുവിനെകുറിച്ചുള്ള കവിത:
************************************

poyam by satheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക