വീഴ്ച താഴ്ചകൾക്കപ്പുറമിപ്പുറം
നേർച്ചകോഴിപോൽ നില്ക്കുന്നു ജീവിതം
കാഴ്ചക്കാരാം സമൂഹ മനസ്സിൻ്റെ മേച്ചിൽപ്പാടത്തിൽ നിന്നു ഞാൻ കൊക്കരോ കൂകിപ്പോയ്.
നേർച്ചകൊടുക്കാൻ തുനിഞ്ഞ കുടുംബത്തകർച്ചക്കുരുക്കിൽ ചിറകിട്ടടിച്ചൊന്നുറക്കെ കരഞ്ഞതുംകൂകലായ് മാറിയോ?
പിടക്കോഴി കൂകിയാലുടനെയറുക്കണം
പഴംഞ്ചൊൽപ്പൊരുളിൻ്റെ വാൾമുനചുറ്റിലും.
പിടയ്ക്കുന്ന ജീവിതപ്പെരുവഴിപ്പാതയിൽ
ഇടക്കൊന്നുറക്കെ കൂകിയാൽ കുറ്റമോ?
ചികഞ്ഞൊക്കെനോക്കി
കഴമ്പൊന്നുമില്ല.
വിശന്നിട്ടുകാലം കഴിക്കാനും വയ്യാ.
വിശുദ്ധിയെ ഭംഗപ്പെടുത്താൻ തുനിഞ്ഞു്
വിശക്കാത്തപൂവന്മാർ ചുറ്റിലുംനിൽക്കെ
ഉടുമുണ്ടഴിച്ചു തലയ്ക്കൊന്നുകെട്ടി
അടിമുണ്ടഴിച്ചുമുലയ്ക്കൊന്നുകെട്ടി
ഇരുകൈമടക്കി തലകുത്തിനിന്നു
ഇരുകാൽവിടർത്തി വിശുദ്ധിയെക്കാട്ടി.
കുറുനരിക്കൂട്ടം കുരവയിട്ടോടി
വിശക്കാത്തപൂവൻ ഭയത്താൽ മറഞ്ഞു.
പകൽമാന്യവർഗ്ഗം ഭയങ്കരം ചൊന്നു.
ഭയംകൊണ്ടവരുംഉള്ള കംപൂകി.
അഭിസാരിക മാരടുത്തേക്കണഞ്ഞു
അകംകൺമുനയാലകറ്റിയവരെ
തലകുത്തിനിൽക്കെ വിഹായസ്സിൽനിന്നും
ഇടിമിന്നലുണ്ടായിടഞ്ഞു പ്രകൃതി.
പെരുമഴക്കൂട്ടം പ്രളയമായ് വന്നു
നദിയായി ഞാനും കടലിലേക്കൊഴുകി.
കടപ്പാട് : പോതുപാറമധുസൂദനൻ