Latest News

ടിനി തന്നെയും കുടുംബത്തെയും വേട്ടയാടുന്നു; സൈബര്‍ അധിക്ഷേപവും വര്‍ഗീയപരാമര്‍ശവും നടത്തുന്നു; നടന്റെത് സ്ത്രിത്വത്തെ അപമാനിക്കുന്ന പെരുമാറ്റം; ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍

Malayalilife
ടിനി തന്നെയും കുടുംബത്തെയും വേട്ടയാടുന്നു; സൈബര്‍ അധിക്ഷേപവും വര്‍ഗീയപരാമര്‍ശവും നടത്തുന്നു; നടന്റെത് സ്ത്രിത്വത്തെ അപമാനിക്കുന്ന പെരുമാറ്റം; ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍

താരസംഘടനയായ അമ്മയിലെ തമ്മിലടി നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കയാണ്. ഇതുവരെ താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായി പ്രശ്നമായി നിന്ന വിഷയം ഇപ്പോള്‍ ലീഗലായി മാറുകയാണ്. താരസംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്‍ ടിനി ടോമിനെതിരെ പരാതി നല്‍കി നടി അന്‍സിബ ഹസന്‍. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസിനാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്.

തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയത പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.

അതേസമയം, പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന, നടി അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ്. ചലച്ചിത്ര സംഘടനാ ഭാരവാഹികളുമായി സിനിമ സാംസ്‌കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും.

കഴിഞ്ഞ ദിവസങ്ങളില്‍ ടിനിക്കെതിരെ വിമര്‍ശനവം ഉയര്‍ത്തി അന്‍സിബ രംഗത്തുവന്നിരുന്നു. നടന്‍ ടിനി ടോം സാമൂഹിക വിപത്താണെന്നാണ് നടി വിമര്‍ശനം ഉന്നയിച്ചത്. ടിനിക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്നും ടിനി ടോമിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അന്‍സിബ പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിച്ച് 'ജിഹാദി' എന്ന് മുദ്രകുത്താന്‍ ശ്രമിച്ചതായും അന്‍സിബ വെളിപ്പെടുത്തി. നീതി ലഭിക്കാത്ത അമ്മ സംഘടനയുടെ കമ്മിറ്റിക്ക് മുന്നില്‍ പോകില്ലെന്നും നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അന്‍സിബയുടെ വാക്കുകള്‍:

'ഇപ്പോള്‍ ലക്ഷ്മി പ്രിയയുടെ കാര്യത്തില്‍ മാത്രമാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്. ഇന്ന് ഞാന്‍ ലക്ഷ്മിപ്രിയ ചേച്ചിക്കും തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്.ഐ രേഷ്മ മാമിനും എതിരെയുള്ള മൊഴിയാണ് നല്‍കാന്‍ പോകുന്നത്. അന്ന് എന്നെ നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും, വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഈ പരാതി നല്‍കുന്നത്.

ടിനിക്കെതിരെയുള്ള പരാതിയെയും മറ്റ് കാര്യങ്ങളെയും കുറിച്ചും, ഇനി അദ്ദേഹത്തോടുള്ള സമീപനം എന്തായിരിക്കുമെന്നും ചോദിച്ചാല്‍, അദ്ദേഹം എന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്, പ്രത്യേകിച്ച് കേരളം പോലെ ഇത്രയും മതേതരത്വമുള്ള ഒരു സംസ്ഥാനത്തില്‍ ജീവിക്കുന്നവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്. അത് വളരെ മോശമായ കാര്യമാണ്. ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി, എനിക്കെതിരെ മറ്റ് തെളിവുകളൊന്നും കിട്ടാതിരുന്നപ്പോള്‍ 'അന്‍സിബ ഹസന്‍' എന്ന പേര് വച്ച് ഇതിനെ വര്‍ഗീയമായി ഉപയോഗിക്കാം എന്ന് അദ്ദേഹം കരുതി. സമൂഹത്തിന് വളരെ തെറ്റായ ഒരു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് മലയാളികള്‍ക്കെല്ലാം കാര്യങ്ങള്‍ കൃത്യമായി മനസ്സിലായിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ.

ഞാന്‍ ഈ പരാതിയുമായി മുന്നോട്ട് പോകും. അതിനൊരു കാരണം കൂടിയുണ്ട്; ഞാന്‍ ഈ വിഷയത്തില്‍ നേരത്തെ തന്നെ 'അമ്മ' സംഘടനയ്ക്ക് പരാതി അയച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പല തവണ പരാതികള്‍ നല്‍കിയിട്ടും ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടും ആരും അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം കാരണം മാത്രമാണ് എന്റെ പരാതി കേള്‍ക്കാം എന്ന് അവര്‍ സമ്മതിച്ചത്. എന്നാല്‍, ഞാന്‍ ഉന്നയിച്ച പരാതികള്‍ ഇതേ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ കേള്‍ക്കാം എന്നാണ് അവര്‍ പറയുന്നത്. ഈ കമ്മിറ്റിയില്‍ 

വിശ്വാസമില്ലാത്തതുകൊണ്ടാണ് ഞാന്‍ അവിടെനിന്ന് രാജിവെച്ചു പുറത്തുവന്നത്. രാജിക്ക് ശേഷമാണ് എനിക്ക് ഈ കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നുപറയാന്‍ സാധിച്ചത്; സംഘടനയില്‍ തുടര്‍ന്നുകൊണ്ട് എനിക്കിത് പറയാന്‍ കഴിയില്ലായിരുന്നു. ഞാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം, ഇതേ കമ്മിറ്റിയുടെ മുമ്പാകെ തന്നെ വീണ്ടും ഹാജരായി ഈ കാര്യങ്ങള്‍ സംസാരിക്കണം എന്ന് പറയുന്നത് എന്നെ പരിഹസിക്കുന്നതിന് തുല്യമല്ലേ? എനിക്ക് ഒരു നീതിയും തരാത്ത ഈ കമ്മിറ്റിയുടെ മുന്നില്‍ പോയിരുന്ന് ഞാന്‍ എന്ത് പറയാനാണ്, അവര്‍ എന്ത് കേള്‍ക്കാനാണ്? അവര്‍ ഒരിക്കലും നീതിയുടെ പക്ഷത്ത് നില്‍ക്കില്ല.

ഞാന്‍ ആരോപണം ഉന്നയിക്കുന്നത് ടിനി ടോം എന്ന വ്യക്തിക്കെതിരെയാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രസിഡന്റും, എനിക്കെതിരെ വ്യാജപരാതി നല്‍കിയ വൈസ് പ്രസിഡന്റും അടങ്ങുന്ന ഇവരുടെ മുമ്പാകെ ഞാന്‍ വീണ്ടും ഹാജരായാല്‍ എനിക്ക് നീതി കിട്ടുമെന്ന് തോന്നുന്നുണ്ടോ? കുറ്റാരോപിതര്‍ തന്നെ വിധികര്‍ത്താക്കളായി ഇരുന്ന് നീതി നടപ്പാക്കുന്നതിനെ കുറിച്ച് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. സാധാരണയായി നീതി നടപ്പാക്കാന്‍ മറ്റാരെങ്കിലും അല്ലേ മധ്യസ്ഥത വഹിക്കേണ്ടത്?


അതുകൊണ്ട്, എനിക്ക് നീതി ലഭിക്കാന്‍ മറ്റൊരു പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ മനസ്സില്‍ തോന്നിയ മൂന്ന് പേരുകളായതുകൊണ്ടാണ് മാലാ പാര്‍വതി ചേച്ചി, രമേഷ് പിഷാരടി ചേട്ടന്‍, ധ്യാന്‍ ചേട്ടന്‍ എന്നിവരുടെ പേരുകള്‍ ഞാന്‍ നിര്‍ദ്ദേശിച്ചത്. ഞാന്‍ അയച്ച ഇമെയിലില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇവര്‍ക്ക് അതിന് സാധ്യമല്ലെങ്കില്‍ പോലും, പക്ഷപാതപരമായി തീരുമാനങ്ങള്‍ എടുക്കാത്ത മറ്റ് അംഗങ്ങള്‍ 'അമ്മ'യില്‍ ഉണ്ടല്ലോ, അവരെ ഉള്‍പ്പെടുത്തി ഒരു സമിതി ഉണ്ടാക്കാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരുടെ മുമ്പാകെ ഹാജരായി സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ, ഇതുവരെ അതിനൊരു മറുപടി പോലും എനിക്ക് ലഭിച്ചിട്ടില്ല. ഇതില്‍ നിന്ന് ഞാന്‍ എന്താണ് മനസ്സിലാക്കേണ്ടത്? ടിനി ചേട്ടന്‍ ഒരു സാമൂഹിക വിപത്താണെന്ന കാര്യം എനിക്ക് വ്യക്തമായി അറിയാം, അതിനെതിരെ ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും.

പരാതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ശ്വേതാ മേനോന്റെ നിലപാടിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നുന്നുണ്ട്. കാരണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നും അദ്ദേഹത്തിന്റെ മകന്‍ കൈലാസും നേരിട്ട് വന്ന് 'അന്‍സിബ അങ്ങനെ പറഞ്ഞിട്ടില്ല' എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അവര്‍ ഒരു നിമിഷം മാറ്റിപ്പറഞ്ഞിരുന്നെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ഞാന്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ഇത്രയും വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യങ്ങള്‍ ഇവര്‍ ചെയ്തുവെച്ചിട്ട് ഞാന്‍ ഇതെല്ലാം സഹിച്ചോളണം എന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്ന ആളുകള്‍ സമൂഹത്തിന് മുന്നില്‍ കപടമുഖം അണിഞ്ഞ് നല്ലവരായി നടക്കാന്‍ പാടില്ല. അവരുടെ ആ കപടമുഖം താഴെ വീഴുക തന്നെ വേണം. പോലീസില്‍ നല്‍കിയ പരാതിക്ക് ഇതുവരെ മറുപടിയൊന്നും വന്നിട്ടില്ലെങ്കിലും ഞാന്‍ പരാതിയുമായി മുന്നോട്ട് പോകും.


ഒപ്പം തന്നെ, മുന്‍പ് ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. കൈലാസ് നടത്തിയ ഒരു മ്യൂസിക് ഷോയ്ക്ക് 11 ലക്ഷം രൂപ നല്‍കിയതിനെക്കുറിച്ചും, സരയുവിന്റെ ഭര്‍ത്താവ് വഴി രണ്ടര ലക്ഷം രൂപ നല്‍കിയതിനെക്കുറിച്ചും ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇത്തരം ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഇതിന്റെ തുടക്കം ജനുവരി 12-നാണ്. ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു ക്ഷേത്രത്തിന്റെ പേര് വരുന്നതിനെക്കുറിച്ചുള്ള തീരുമാനം എന്താണെന്ന് ചോദിച്ച് പ്രസിഡന്റ് അന്ന് നമ്മുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പില്‍ മെസ്സേജ് ഇട്ടിരുന്നു. അതിന് മുന്‍പും ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആ സമയത്താണ് ഒരു ധാര്‍മികതയുടെ പേരില്‍ ഞാന്‍ വ്യക്തിപരമായി എന്റെ വിയോജിപ്പ് അറിയിച്ചത്. 'അമ്മ' എന്നത് വളരെ സെക്യുലര്‍ ആയി നില്‍ക്കുന്ന ഒരു സംഘടനയാണ്. അതുകൊണ്ട് നമുക്ക് ഇതിലേക്ക് ക്ഷേത്രമോ, പള്ളിയോ, രാഷ്ട്രീയ പാര്‍ട്ടികളോ ഒന്നും കൊണ്ടുവരേണ്ടതില്ല. ഇതൊന്നുമില്ലാതെ തന്നെ 32 വര്‍ഷം വിജയകരമായി മുന്നോട്ടുപോയ ഒരു ചരിത്രം ഈ സംഘടനയ്ക്കുണ്ട്. മാത്രവുമല്ല, ഇപ്പോഴും സ്പോണ്‍സേഴ്സിനെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു സംഘടനയൊന്നുമല്ല 'അമ്മ'.

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഈ വിഷയത്തില്‍ എനിക്ക് മാത്രമായിരുന്നു കൃത്യമായ വിയോജിപ്പ് ഉണ്ടായിരുന്നത്. തുടര്‍ന്ന് അവിടെ ഒരു വോട്ടിംഗ് നടന്നു. ഇതിന് മുന്‍പ് വേറെ ഒന്ന് രണ്ട് പേര്‍ ഇത് മതേതര സംഘടനയല്ലേ എന്ന് സംശയം ചോദിച്ചിരുന്നുവെങ്കിലും, ഇത് ചെയ്യരുത് എന്ന് ഉറപ്പിച്ചു പറയാന്‍ ആരും തയ്യാറായില്ല. അതിനുശേഷം ഞാന്‍ ഇമെയില്‍ അയക്കുകയും വാട്സാപ്പില്‍ നോട്ട് ഇടുകയും ചെയ്തു.

ഞാന്‍ ഈ ഇമെയില്‍ അയച്ചതിന്റെ പിറ്റേ ദിവസം 'അമ്മ'യിലെ തന്നെ മറ്റൊരു വനിതാ മെമ്പര്‍ എന്നെ ഫോണില്‍ വിളിച്ചു. 'മോളെ, നീ എന്തിനാണ് മോളെ അമ്പലത്തിനൊക്കെ എതിര് നില്‍ക്കുന്നത്?' എന്നായിരുന്നു അവരുടെ ചോദ്യം. സിനിമകളില്‍ മാത്രം കേട്ടിട്ടുള്ള അത്തരം ഡയലോഗുകള്‍ നേരിട്ട് കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു, 'ചേച്ചി എന്നെ ഭീഷണിപ്പെടുത്തുകയാണോ? ഞാന്‍ അമ്പലത്തിനോ പള്ളിക്കോ ഒന്നിനും എതിരു നില്‍ക്കുന്ന ആളല്ല. എന്നെ അങ്ങനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കരുത്' എന്ന്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് നീ അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍, ഞാന്‍ എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണെന്നും ഈ വിഷയം പറഞ്ഞ് ഇനി എന്നെ വിളിക്കരുതെന്നും ഞാന്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ഞാന്‍ ഇസി വാട്സാപ്പ് ഗ്രൂപ്പില്‍ മെസ്സേജ് അയച്ചു. കമ്മിറ്റിക്കുള്ളില്‍ നടന്ന രഹസ്യമായ ഒരു ചര്‍ച്ച, അതില്‍ അംഗമല്ലാത്ത ഒരു സാധാരണ അംഗം എങ്ങനെ അറിഞ്ഞു എന്നും, അവര്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയത് വളരെ മോശം പ്രവൃത്തിയാണെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ഈ തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇവിടെ ചര്‍ച്ച ചെയ്ത കാര്യം പുറത്തുപോയത് വളരെ മോശമായിപ്പോയി എന്ന് ഒന്ന് രണ്ട് പേര്‍ സമ്മതിച്ചു. ഈ വിഷയം പുറത്തെത്തിച്ച് ഇതിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നു.

അതിനുശേഷമാണ് ഞാന്‍ ഈ ക്രൂരമായ വിവരം അറിയുന്നത്; എന്നെ 'ജിഹാദി' എന്ന് വിളിക്കുകയും ഞാന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് പ്രചരിപ്പിക്കുകയും ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നും അദ്ദേഹത്തിന്റെ മകനും പരസ്യമായി വന്ന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ എന്റെ കൂടെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അയാളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് അയാള്‍ നോമ്പ് നോറ്റത്. നമ്മുടെ ഈ ലോകത്ത് പല മതത്തിലുള്ളവരും പല രീതിയിലുള്ള നോമ്പുകള്‍ എടുക്കാറുണ്ട്. അതില്‍ ഇസ്ലാമിക പ്രകാരമുള്ളവരും, ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ളവരും, ശബരിമലയ്ക്ക് പോകുന്ന ഹിന്ദുക്കളായ ഒട്ടനവധി ആളുകളും ഉണ്ട്. അങ്ങനെയുള്ള ഒരു മതേതര നാട്ടില്‍, ഒരാള്‍ നോമ്പ് എടുത്തു എന്നതിന്റെ പേരില്‍ എന്നെ ഇത്തരത്തില്‍ ചിത്രീകരിക്കാന്‍ പാടുണ്ടോ? ആ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മകനും സത്യം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് രക്ഷപെട്ടത്, ഇല്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ.' അന്‍സിബ പറയുന്നു. അതേസമയം അന്‍സിബ ഹസന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച നടന്‍ ടിനി ടോം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കാമെന്നാണ് പറഞ്ഞത്.

ansiba complaint against tini tom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES