മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ ദിലീഷ് പോത്തന്റെ നാലാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അദ്ദേഹം സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ജോജി' എന്നീ മൂന്ന് ചിത്രങ്ങള്‍ വലിയ പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മുന്‍പ് ചെയ്ത മൂന്ന് ചിത്രങ്ങളിലും ഫഹദ് ഫാസില്‍ ആയിരുന്നു നായകനെങ്കില്‍, പുതിയ ചിത്രത്തില്‍ ഫഹദല്ല മറിച്ച് മോഹന്‍ലാലാണ് നായകനാകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'ജോജി' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് ദിലീഷ് പുതിയ ചിത്രവുമായി എത്തുന്നത്.
ഏറെക്കാലമായി ചര്‍ച്ചകളില്‍ നില്‍ക്കുന്ന ഈ പ്രോജക്റ്റ് ഉറപ്പായെന്ന് ആദ്യമായി വ്യക്തമാക്കിയത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. 'ദൃശ്യം 3' റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ ആരാധകരുമായി എക്‌സ് സ്‌പേസില്‍ നടത്തിയ സംവാദത്തിലാണ് ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്. ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഷിബു ബേബി ജോണും ഈ പ്രോജക്റ്റ് സ്ഥിരീകരിക്കുകയും വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ബാബു രാമചന്ദ്രന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തന്‍ മനസ്സ് തുറന്നത്. നിലവില്‍ ഒരു പുതിയ ഐഡിയയിലാണ് താന്‍ വര്‍ക്ക് ചെയ്യുന്നതെന്നും അതിന്റെ പ്ലോട്ട് കേട്ടപ്പോള്‍ ഏറെ ആവേശം തോന്നിയതായും ദിലീഷ് പറഞ്ഞു. 'ഞാന്‍ എടുത്തിട്ടുള്ള എല്ലാ കഥകളിലും പ്ലോട്ട് ഭയങ്കര എക്‌സൈറ്റിങ്ങും എന്നാല്‍ അതില്‍ ഒരുപാട് വെല്ലുവിളികളും ഉണ്ടായിരിക്കും. ഇതും എനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നത്. ആ വെല്ലുവിളികളെ പതുക്കെ തരണം ചെയ്യാനുള്ള റൈറ്റിങ് പ്രോസസിലും പ്രീ പ്രൊഡക്ഷന്‍ പരിപാടികളിലുമാണ് ഇപ്പോള്‍. പോള്‍സണും ശ്യാമും കൂടിയാണ് തിരക്കഥ എഴുതുന്നത്. അതൊരു ഡെവലപ്മെന്റല്‍ സ്റ്റേജിലാണ്, ഉടന്‍ തന്നെ ഒരു തീരുമാനത്തില്‍ എത്തുമെന്ന് കരുതുന്നു,' ദിലീഷ് പോത്തന്‍ വ്യക്തമാക്കി.
ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും ഇതൊരു 'ഡ്രാമ' വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ പ്രോസസിലാണ് ജോണറും മറ്റ് കാര്യങ്ങളും കൃത്യമായി കണ്ടെത്തുക. എങ്കിലും മുന്‍പത്തെ സിനിമകളില്‍ നിന്ന് കുറച്ചുകൂടി മാറി നില്‍ക്കുന്ന, കൂടുതല്‍ ഡ്രാമയുള്ളതും എന്നാല്‍ എന്‍ഗേജിങ് ഒരു കഥയായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞു.
അഭിമുഖത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആണെന്ന് ദിലീഷ് പോത്തന്‍ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, ചിത്രം മോഹന്‍ലാലിനൊപ്പമുള്ളത് തന്നെയാണെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള വിശ്വസനീയമായ വിവരങ്ങള്‍. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.