Latest News

രണ്ടു പതിറ്റാണ്ടിനപ്പുറം ദീര്‍ഘ വീക്ഷണത്തോടെ പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച്‌ മുരളി തുമ്മാരുകുടി എഴുതുന്നു

Malayalilife
രണ്ടു പതിറ്റാണ്ടിനപ്പുറം ദീര്‍ഘ വീക്ഷണത്തോടെ പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച്‌ മുരളി തുമ്മാരുകുടി എഴുതുന്നു

പ്രമോദ് കുമാറിന്റെ വീട്

പ്രമോദ് കുമാറിനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ഞാന്‍ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബീഹാറിലെ ഷൈഖ്‌പുര ജില്ലയില്‍ നിന്നും കേരളത്തില്‍ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാര്‍. ഇന്നിപ്പോള്‍ കേരളത്തില്‍ ഇത്തരത്തില്‍ മുപ്പത് ലക്ഷം പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഒരാള്‍. അവരില്‍ പലരും നമ്മുടെ വീടുകളില്‍ ജോലിക്ക് വന്നാല്‍ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.
പക്ഷെ പ്രമോദ് കുമാറിനെ നമ്മള്‍ അറിയാന്‍ വേറൊരു കാരണം ഉണ്ട്. അദ്ദേഹം പായല്‍ കുമാരിയുടെ അച്ഛനാണ്. പായല്‍ കുമാരിക്കാണ് കഴിഞ്ഞ വര്‍ഷം എം ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി എ (ആര്‍ക്കിയോളജി & ഹിസ്റ്ററി) ഒന്നാം റാങ്ക് കിട്ടിയത്.
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ പോയി മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും റാങ്ക് നേടുന്നതും ഒക്കെ അപൂര്‍വ്വമല്ലെങ്കിലും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മകള്‍ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക് നേടുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ അന്നത് വാര്‍ത്തയായിരുന്നു.

നാട്ടില്‍ എത്തിയപ്പോള്‍ പായല്‍ കുമാരിയെ കാണണം എന്ന് എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു. കൊറോണ ആയതിനാല്‍ വാര്‍ത്ത വന്ന സമയത്തൊന്നും അത് നടന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ എറണാകുളത്ത് കങ്ങരപ്പടിയിലുള്ള പായലിന്റെ വീട്ടില്‍ എത്തി. പെരുമ്ബാവൂരില്‍ Center for Migration and Inclusive Development എന്ന സ്ഥാപനം നടത്തുന്ന ബിനോയിയോടും അവിടുത്തെ പ്രോഗ്രാം ഓഫീസര്‍ ആയാസ് അന്‍വറോടും ഒപ്പം ആണ് അവിടെ എത്തിയത്.

പായല്‍ കുമാരിയോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറില്‍ ഏറെ ചിലവഴിച്ചു.
"എന്നാണ് താങ്കള്‍ കേരളത്തില്‍ എത്തിയത് ?" ഞാന്‍ പ്രമോദ് കുമാറിനോട് ചോദിച്ചു.
"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍. അന്ന് കേരളത്തില്‍ ബിഹാറില്‍ നിന്നും അധികം ആളുകള്‍ ഒന്നുമില്ല."
അതിന് മുന്‍പ് എവിടെയാണ് ജോലി ചെയ്തിരുന്നത് ?
ഡല്‍ഹിയിലാണ്.
എന്തുകൊണ്ടാണ് കേരളത്തിലേക്ക് വന്നത് ?
"ഡല്‍ഹിയില്‍ ജോലി ചെയ്യുമ്ബോള്‍ ബിഹാറില്‍ നിന്ന് തന്നെ ബിന്ദു ദേവിയെ വിവാഹം കഴിച്ചു. കുട്ടികള്‍ ഒക്കെയായി. ഞാന്‍ എട്ടാം ക്‌ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. എന്റെ ഭാര്യ പത്തു വരെയും. പക്ഷെ കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കണം എന്നതാണ് പ്രധാന ലക്‌ഷ്യം. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പടെ ഏറെ കുറഞ്ഞ ചെലവില്‍ നല്ല വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് കേരളത്തില്‍ എത്തിയത്."
രണ്ടായിരത്തി ഒന്നില്‍ ഭാര്യയും പായല്‍ ഉള്‍പ്പടെ മൂന്നു കുട്ടികളുമായി അദ്ദേഹവും ഭാര്യയും കേരളത്തിലെത്തി. പായലിന്റെ ചേട്ടന്‍ ആകാശ് കുമാര്‍, അനിയത്തി പല്ലവി കുമാരി. പാലാരിവട്ടത്ത് ഒരു വാടക വീടെടുത്ത് താമസമായി. പിന്നീട് കങ്ങരപ്പടിയിലെ വാടക വീട്ടിലേക്ക് മാറി.

"ഇടക്ക് നാട്ടില്‍ പോകാറുണ്ടോ ?"
"അഞ്ചു പേരുമായി ടിക്കറ്റ് എടുത്ത് നാട്ടില്‍ പോവുക എന്നത് ഏറെ ചിലവുള്ള കാര്യമാണ്. വാടകയും മറ്റു ചിലവുകളും കഴിഞ്ഞതിന് ശേഷം അതിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കുട്ടികള്‍ നാട്ടില്‍ വന്നതിന് ശേഷം ഞാനും കുട്ടികളും നാട്ടില്‍ പോയിട്ടില്ല. ഭാര്യ വല്ലപ്പോഴും പോകും. രണ്ടു വര്‍ഷം മുന്‍പാണ് അവസാനം പോയത്."

പായല്‍ രണ്ടായിരത്തി ഒന്നുമുതല്‍ കേരളത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം നമ്മളെപ്പോലെ എളുപ്പത്തിലും കൃത്യമായും പറയാന്‍ പറ്റും. പല്ലവിയുടെയും ആകാശിന്റെയും കാര്യവും വ്യത്യസ്തമല്ല. പ്രമോദ് കുമാറിനും ബിന്ദു ദേവിക്കും മലയാളം അത്യാവശ്യം മനസ്സിലാകും, പക്ഷെ സംസാരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

പായല്‍ ഇപ്പോള്‍ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജില്‍ എം എ ഹിസ്റ്ററി പഠിക്കുകയാണ്. അടുത്ത വര്‍ഷം നെറ്റ് പരീക്ഷ എഴുതണം. എം എ കഴിഞ്ഞാല്‍ സിവില്‍ സര്‍വ്വീസ് എഴുതി നോക്കണം. അതിനുള്ള ഓണ്‍ലൈന്‍ പരിശീലനം ഉണ്ട്. അതൊക്കെയാണ് പ്ലാന്‍.

പല്ലവിക്ക് ആര്‍മിയില്‍ പോകാനാണ് താല്പര്യം. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ ബി എസ് സി ഫിസിക്സ് പഠിക്കുകയാണ്. എന്‍ സി സി യില്‍ സജീവമാണ്. ഡിഗ്രി കഴിഞ്ഞാല്‍ ആര്‍മിയില്‍ എത്തുക എന്നതാണ് ലക്‌ഷ്യം.

ആകാശ് ഭാരത് മാതാ കോളേജില്‍ നിന്നും ബി കോം പാസ്സായി. ഇപ്പോള്‍ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഓണ്‍ലൈനായി എം ബി എ ചെയ്യുന്നുണ്ട്. മൂന്നു പേരും ഇടപ്പള്ളി ഗവര്‍മെന്റ് ഹൈ സ്‌കൂളില്‍ നിന്നാണ് പത്തും പ്ലസ് ടു വും പാസായത്.

രണ്ടു പതിറ്റാണ്ടിനപ്പുറം ദീര്‍ഘ വീക്ഷണത്തോടെ പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി. ഒരു കടയില്‍ സാധനം എടുത്തു കൊടുക്കാന്‍ നില്‍ക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ ഒക്കെ നന്നായി പഠിപ്പിക്കാന്‍ കഴിയുന്നു. കുട്ടികള്‍ നന്നായി പഠിക്കുന്നു.

ഇരുപത്തി രണ്ടു ലക്ഷം മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കേരള മൈഗ്രെഷന്‍ സര്‍വ്വേ പറയുന്നത്. ഗള്‍ഫിലാണെങ്കിലും യൂറോപ്പിലാണെങ്കിലും അമേരിക്കയിലാണെങ്കിലും പുറത്തു പോകുന്ന മലയാളിയുടേയും ഏറ്റവും വലിയ ലക്ഷ്യം സ്വന്തം മക്കള്‍ക്ക് കുറച്ചു കൂടി മെച്ചമായ അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ്.

പ്രമോദ് കുമാര്‍ ഉള്‍പ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്ബാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല. നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുമ്ബോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്. അതുകൊണ്ട് തന്നെ പ്രമോദ് കുമാറിന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു.
മുരളി തുമ്മാരുകുടി

murali thummarukudi note about pramod kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക