നിന്‍റെ മിഴികളില്‍ നോക്കി ഞാന്‍ മെല്ലെയോതി
എന്‍ പോന്നോമാനക്കുരുന്നെ, നീ കണ്‍ തുറക്കൂ
നിന്‍റെ മൃദുലമാം പാണികള്‍ തലോടി മെല്ലെ
എന്‍ ഹൃതടമിന്നിതാ തകര്‍ന്നു പോയി..
മരവിച്ച മനസ്സുമായി നിന്‍ ചാരെ നില്പൂ ഞാന്‍
വാക്കുകള്‍ തെല്ലും ആശ്വാസം പകര്‍ന്നില്ല, പൊന്നെ
നിന്‍റെ മേനിയിലെറ്റൊരാ മുറിവുകളെല്ലാമൊരായിരം
മടങ്ങ് നോവായെന്‍ മാനസത്തില്‍.....
എന്നെ ഭ്രമിപ്പിക്കും പ്രകൃതി പോലുമിന്നു
യൗവനം പോയൊരാ വൃദ്ധയെ പോല്‍
ശോഭയാര്‍ന്നോരാ സൂര്യന് പോലും
തെല്ലും തെളിച്ചമിന്നു ഞാന്‍ കണ്ടതില്ല
എന്‍ മനം കവരുമാ താരവൃന്ദവു
മിന്നെങ്ങൊ മറഞ്ഞു പോയൊളിച്ചുവല്ലോ
കാരിരുള്‍ പൂണ്ട കാര്‍മേഘ കൂട്ടങ്ങള്‍
മുഖം മൂടി അണിയിചോരാകാശനീലിമയും
ഇലകള്‍ കൊഴിഞ്ഞൊരാ വൃക്ഷനിരയു-
മതില്‍ നിന്ന് പൊഴിഞ്ഞൊരാ വര്‍ണ്ണാഭമാമിലകളും
എന്‍ നഷ്ടസ്വപ്നങ്ങള്‍ തന്നോര്‍മ്മ പോലെ...
പൊയ്പ്പോയ നിമിഷങ്ങള്‍ വീണ്ടും വരികില്ലെന്നറിവൂ
യെങ്കിലും കാലത്തിന്‍ സൂചികയെ
തിരിക്കുവാനാണിന്നെന്‍ വ്യഗ്രത
ഭൂതകാലത്തിന്‍ പുസ്തക താളിലെ
രചനകളെല്ലാം മായ്ചീടുവാന്‍
അതിലെന്‍ പ്രാണെന്റെ തൂലികയാല്‍
കുരുന്നെ, നിന്‍ ജീവകഥ തിരുത്തി
എഴുതുവാനാണിന്നെന്‍ തീവ്രമോഹം..
നിന്നെയെന്‍ കൈകളാല്‍ വാരിപ്പുണരുമ്പോള്‍
നിന്‍റെ കുഞ്ഞിളം മേനി പകരുമൊരുഗ്ര
താപത്താല്‍ വെന്തുരുകുന്നെന്‍ മനം ..
എന്‍റെയും നിന്‍റെയും ഹൃദയ സ്പന്ധനമൊന്നായി
ചേരുമ്പോള്‍ ഉണരും രാഗത്തിന്‍ ധ്രുത താളത്തെ
മായ്ക്കുവാനെന്‍ സ്പന്ദനങ്ങള്‍ക്കായെങ്കില്‍....
എന്‍ ജീവന്‍ നിനക്കായ് ഞാന്‍ നല്‍കിടാ-
മത് നിന്‍ പ്രാണനെ കനിഞ്ഞു നല്‍കുകില്‍..
നിന്‍റെ പുഞ്ചിരി തൂകുമാ സുന്ദര വദനവും
പട്ടു പോല്‍ മൃദുലമാ പൊന്‍ മേനിയും
എന്നുമെന്‍ നയനങ്ങള്‍ കാണുമാറാകണം
കൊതി തീരെ അറിഞ്ഞു ഞാന്‍ സാഫല്യം അണിയേണം .
നിന്‍റെ കിളിക്കൊഞ്ചലും, കളിചിരികളും
കണ്ടു ഞാന്‍ നിര്‍വൃതി അടയേണം...
ഈ ഏകാന്ത രാത്രിയിലെന്‍ തേങ്ങലുകള്‍
പ്രാര്‍ഥനാ ശരങ്ങള്‍ ആയി ഉതിരുമ്പോള്‍
കണ്ണിമ പൂട്ടാതെ നിനക്കായ് ഞാന്‍ കാത്തിരിക്കാം
ശുഭ പ്രതീക്ഷ തന്‍ എണ്ണയില്‍ ജ്വലിക്കും
എന്‍ ജീവന്‍റെ തിരിനാളം അണയും വരെയും...