നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ ഒരുക്കുന്ന സിനിമയാണ് സര്‍വ്വം മായ. ഒരു ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 ന് പുറത്തിറങ്ങും. ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനെക്കുറിച്ച് അഖില്‍ സത്യന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
അച്ഛന്റെ ആദ്യകാല മോഹന്‍ലാല്‍ സിനിമകള്‍ ഒന്നിനു പുറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനൊപ്പം സര്‍വ്വം മായ പൂര്‍ത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസിലായത്. സന്മനസ്സുള്ളവര്‍ക്ക് സമാധാനവും, ഗാന്ധിനഗറും,നാടോടിക്കാറ്റും, വരവേല്‍പ്പും എല്ലാം ഒരു സംവിധായകനും നടനും ചേര്‍ന്നുണ്ടാക്കിയത് മാത്രമായിരുന്നില്ല. രണ്ട് സുഹൃത്തുക്കള്‍ അവര്‍ക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്- അഖില്‍ സത്യന്‍', എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
നേരത്തെ നിവിന്റെ പിറന്നാള്‍ ദിനത്തില്‍ അഖില്‍ സത്യന്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. എന്റെ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ എന്നാണ് അഖില്‍ നിവിനെക്കുറിച്ച് പറഞ്ഞത്. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന് എങ്ങനെയാണോ മോഹന്‍ലാല്‍ അതുപോലെയാണ് അഖില്‍ സത്യന് നിവിന്‍ പോളി എന്ന തരത്തിലാണ് ഈ പിറന്നാളാശംസയെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. നിവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സര്‍വ്വം മായയുടെ ടീസര്‍ ടീം പുറത്തുവിട്ടിരുന്നു. തുടക്കം തന്നെ എന്തോ പന്തികേട് തോന്നിപ്പിക്കുന്ന ടീസര്‍ അവസാനിക്കുന്നത് നല്ല നാടന്‍ വൈബിലാണ്. വളരെ സുന്ദരനായിട്ടാണ് നിവി പോളിയെ ടീസറില്‍ കാണുന്നത്. ഒരു ഹൊറര്‍ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.