പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയ്ക്ക് എതിരെ നടന്‍ ഹരീഷ് കണാരന്റെ വിമര്‍ശനം വലിയ ചര്‍ച്ചയായിരുന്നു. കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ഹരീഷ് കണാരന്റെ ആരോപണം.
ഇപ്പോഴിതാ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്ന് പറഞ്ഞ് ഹരീഷ് കണാരന്‍ പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടിയെന്നോണം ബാദുഷ നല്‍കിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം മധുരകണക്ക് എന്ന സിനിമയുടെ തിയേറ്റര്‍ വിസിറ്റിനിടെ യൂട്യൂബര്‍മാരോട് സംസാരിക്കവെ ഹരീഷ് കണാരന്‍ ബാദുഷ തന്നെ വിളിച്ച് സംസാരിച്ചുവെന്നും എല്ലാം സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഹരീഷ് കണാരനെ വിളിച്ച് സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബാദുഷ. ഹരീഷിനേയും ഭാര്യയെയും വിളിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ഫോണെടുത്തില്ലെന്നുമാണ് ബാദുഷ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാന്‍ വിളിച്ചിരുന്നു. അവര്‍ ഫോണ്‍ എടുത്തില്ല. അന്നു തന്നെ നിര്‍മ്മലിനെ വിളിച്ചു ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നില്‍ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീര്‍പ്പ്? എനിക്ക് പറയാനുള്ളതെല്ലാം എന്റെ റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയും. അത് വരെ എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയില്‍ എന്നോടൊപ്പം കൂടെ നില്‍ക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി'' എന്നാണ് ബാദുഷയുടെ വാക്കുകള്‍.
ബാദുക്കയുമായിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റില്‍ ചെയ്തോളാമെന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര് ചെറിയൊരു വിഷയത്തിലാണ്. അത് കഴിഞ്ഞിട്ട് സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം ഒരു സമയം ദോഷം'' എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം.