ഒറ്റത്തള്ള് അതോടെ തീരണം എല്ലാം...
നാളുകളായി വല്ലാത്ത ശല്ല്യമായിത്തീർന്നിരിക്കുന്നു..
വൈഫ് അന്ത്യശാസനം തന്നു കഴിഞ്ഞു 'ഇതിനെ എവിടെയെങ്കിലും കൊണ്ട് കളയാൻ..
എന്റെ ഏഴു വയസ്സുകാരി മകളും പറഞ്ഞു ഈ ഗ്രാന്മയെ വേണ്ട ഡാഡി, ഫ്രണ്ട്‌സിന്റെ മുന്നിലൊന്നും കാണിക്കാൻ കൊള്ളില്ല 'വൃത്തികെട്ടവളാ.,
സ്വാധീനം കുറഞ്ഞ ശരീരവുമായി വേണ്ടിടത്തും വേണ്ടാത്തിടത്തും ഇഴഞ്ഞൈത്തും,
അവിടെയും ഇവിടെയും തട്ടിത്തടഞ്ഞ് വീണ് വലിയ പൊല്ലാപ്പാകും..
മാത്രമല്ല തൈലത്തിന്റെയും കുഴമ്പിന്റെയും വയ്യാത്ത 'വാട' വീടുമുഴുവൻ, ഗസ്റ്റ് വരുമ്പോൾ നാണക്കേടാവുന്നു..
പരാതികളുടെ നീണ്ട നിരയാണ് എല്ലായ്‌പ്പോളും..
'ഇന്നത്തോടെ എല്ലാത്തിനും തീരുമാനമാകണം'
- -
കാറ്റു കൊള്ളാനെന്ന വ്യാജേന 'അമ്മയെ' ടെറസ്സിലേക്ക് ഏറെക്കുറെ വലിച്ചിഴച്ച് കോണിപ്പടി കയറ്റുമ്പോൾ എന്റെ മകൾ താഴെ നിസ്സംഗതയോടെ നോക്കി നിൽപ്പുണ്ടായിരുന്നു..
- -
'പിന്നിലൂടെ ചെന്ന് ഒറ്റത്തള്ള് '
ലക്ഷ്യം നേടാനുള്ള ധൃതിയിൽ ടെറസ്സിൽ കിടന്ന എന്തിലോ കാലടക്കിയെന്ന് തോന്നുന്നു..
'കൈകളിൽ മുറുക്കെയൊരു പിടുത്തം വീണു..
പണ്ടും;
'ഉറക്കാത്ത കാലടികളിൽ ഓടിനടക്കുന്ന പ്രായത്തിലും ,തട്ടിത്തടഞ്ഞ് വീഴാനൊരുങ്ങുമ്പോളെല്ലാം എങ്ങു നിന്നെന്നറിയാതെ വീഴുന്ന ഉരുക്കിനേക്കാൾ ബലമുള്ള ആ കൈകളുടെ 'പിടുത്തം'
അന്നത്തെപ്പോലെ ഇപ്പോളും, ടെറസ്സിൽ നിന്നു താഴേക്ക് പതിക്കുമ്പോളും അൽപ്പമ്പോലും അയവില്ലാതെ 'മുറുക്കെ'...
- -
തൊണ്ടക്കുഴിയോളമെത്തിയ ആർത്ത നാളത്തോടെ ഞെട്ടി എഴുന്നേറ്റു..
'ഹോ..! വയ്യാത്ത പരവേശം..
ഓടുകൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെട്ടത്തിൽ പുറം തിരിഞ്ഞുറങ്ങുന്ന ഭാര്യയെയും തൊട്ടപ്പുറത്തായി മകളെയും കണ്ടപ്പോൾ ഉള്ളൊന്നു തണുത്തു..
ശബ്ദമുണ്ടാക്കാതെ മുറിവിട്ടിറങ്ങി..
അമ്മ കിടക്കുന്ന മുറിയുടെ വാതിലിൽ മെല്ലെ തള്ളി നോക്കി..
'സമാധാനം ...
'അമ്മ ശാന്തമായി കട്ടിലിൽ കിടന്നുറങ്ങുന്നുണ്ട്..
'ഇനി ഇന്നുറക്കം വരുമെന്ന് തോന്നുന്നില്ല..
ഉമ്മറ വതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി..
'നല്ല നിലാവുണ്ട് പുറത്ത് ..
പണ്ട്, നിത്യ ദീനക്കാരനായ എന്നെ തോളത്തേറ്റി പകലന്തിയോളം എടുത്ത കൂലിപ്പണിയുടെ തളർച്ച വകവെക്കാതെ 'അമ്മ' ഈ നിലാവത്തു കൂടെ അങ്ങനെ നടക്കു മായിരുന്നു..
' ഇന്നും അതേ നറുനിലാവാണ് ഒഴുകിപ്പരക്കുന്നത്'.....