Latest News

അവസാനത്തെ ഇല-ചെറുകഥ

സുനിൽ എം എസ്‌
അവസാനത്തെ ഇല-ചെറുകഥ

വാഷിങ്ടൺ സ്‌ക്വയറിനു പടിഞ്ഞാറു വശത്തെ ഗ്രീൻവിച്ച് വില്ലേജിൽ, തെരുവുകൾ ലക്കും ലഗാനുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നിരവധി തവണ പരസ്പരം ഖണ്ഡിക്കുകയും ചെയ്തിരിക്കുന്നതു മൂലം 'താവളങ്ങൾ' എന്നു നർമ്മരൂപേണ അറിയപ്പെടുന്ന കുറേ ചെറു ഖണ്ഡങ്ങൾ രൂപം കൊണ്ടിട്ടുണ്ട്. ഈ 'താവളങ്ങൾ' വിചിത്രമായ കോണുകളും വളവുകളും ഉണ്ടാക്കുന്നു. ഒരേ തെരുവു തന്നെ ഒന്നിലേറെത്തവണ സ്വയം ഖണ്ഡിക്കുന്നു. ഒരു കലാകാരൻ ഈ തെരുക്കൂട്ടത്തിൽ വിലപ്പെട്ട സുരക്ഷ കണ്ടെത്തി. ചിത്രകാരന്മാർക്കു കടം കൊടുത്തിരുന്ന പെയിന്റിന്റേയും പേപ്പറിന്റേയും കാൻവാസിന്റേയും വില പിരിച്ചെടുക്കാൻ വേണ്ടി ബില്ലുമായി ഈ തെരുവുകളിലൂടെ നടന്നു വരുന്നൊരു പിരിവുകാരൻ ആരിൽ നിന്നും ഒരു രൂപ പോലും പിരിച്ചെടുക്കുന്നതിനു മുൻപു തന്നെ തെരുവുകളുടെ വലയ്ക്കകത്ത് അകപ്പെട്ട്, സ്വയം മടക്കയാത്ര തുടങ്ങിപ്പോയിരിക്കുന്നതായി ഏറെ വൈകിയാണു മനസ്സിലാക്കുക!

ഈ താവളങ്ങളിലുണ്ടായിരുന്ന ഡച്ചു രീതിയിലുള്ള കെട്ടിടങ്ങളുടെ മുകൾനിലമുഖപ്പിന്റെ പിന്നിലുള്ളതും വടക്കോട്ടു തുറക്കുന്ന ജനലോടു കൂടിയതുമായ ഇടുങ്ങിയ മുറികൾ തേടി ദരിദ്രരായ ചിത്രകാരന്മാരും ചിത്രകാരികളും പതുങ്ങിപ്പതുങ്ങിയെത്തി. ഇത്തരം മുറികൾക്ക് വാടക തീരെക്കുറവായിരുന്നു. അവർ സിക്‌സ്ത് അവന്യുവിൽ നിന്ന് വില കുറഞ്ഞ ലോട്ടകളും ചെറുചൂടിൽ പാചകം ചെയ്യാനുള്ള പാത്രങ്ങളും വാങ്ങിക്കൊണ്ടു വന്നു. ക്രമേണ അവിടം മുഴുവനും അവർ തങ്ങളുടെ കോളനിയാക്കി.

ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഒരു മൂന്നു നിലക്കെട്ടിടത്തിന്റെ മുകളിലായിരുന്നു, സ്യൂവിന്റേയും ജോൺസിയുടേയും മുറി. 'ജോവന്ന'യുടെ ചുരുക്കെഴുത്തായിരുന്നു, ജോൺസി. മെയിൻ എന്ന സംസ്ഥാനത്തു നിന്നായിരുന്നു സ്യൂ വന്നത്. ജോൺസി കാലിഫോർണിയയിൽ നിന്നും. എട്ടാം തെരുവിലെ ഡെൽമോണിക്കോസ് എന്നൊരു ചെറു ഹോട്ടലിൽ വച്ചാണ് അവർ കണ്ടുമുട്ടിയിരുന്നത്. പെയിന്റിങ്, ചിക്കറി സാലഡ്, ബിഷപ്പിന്റെ കൈകളുള്ള ഷർട്ട്, എന്നിങ്ങനെ തങ്ങളുടെ വിവിധ താത്പര്യങ്ങൾ ഒന്നായിരുന്നെന്ന് അവർ കണ്ടു. അവരുടെ സഹവാസം അങ്ങനെയാണുണ്ടായത്.

അവർ കണ്ടുമുട്ടിയത് മെയ്‌ മാസത്തിലായിരുന്നു. പക്ഷേ, ഡോക്ടർമാർ ന്യൂമോണിയ എന്നു വിളിച്ച, വികാരശൂന്യനായ ഒരപരിചിതൻ നവംബറിൽ കോളണിയിൽ ഓടിനടന്ന് തന്റെ മഞ്ഞുപോലെ മരവിച്ച വിരലുകൾ കൊണ്ട് അവിടേയും ഇവിടേയും പലരേയും സ്പർശിച്ചു. കിഴക്കൻ തീരത്ത് ഈ ഭസ്മാസുരൻ കൂസാതെ നടന്ന് ഡസൻ കണക്കിന് ഇരകളെ സ്പർശിച്ചു ഭസ്മമാക്കി. 'താവളങ്ങൾ' എന്നറിയപ്പെട്ടിരുന്ന ഇടുങ്ങിയ, പായൽ പിടിച്ച ഇടങ്ങളിൽ അവന്റെ പ്രവർത്തനം വളരെപ്പതുക്കെയായിരുന്നു.

വീരസേനാനി എന്നു വിളിക്കാവുന്നയാളായിരുന്നില്ല മിസ്റ്റർ ന്യൂമോണിയ. ചുവന്ന മുഷ്ടിയും കുറഞ്ഞ ശ്വാസവുമുള്ള ന്യൂമോണിയയെന്ന റൗഡിക്ക് കാലിഫോർണിയ സെഫർ എന്ന തീവണ്ടിയിൽ അമേരിക്കയ്ക്കു കുറുകെ നാലായിരം കിലോമീറ്റർ സഞ്ചരിച്ചു തളർന്നിരുന്ന ഒരു യുവതിയെ നിലം പരിശാക്കുന്ന കാര്യം നിസ്സാരമായിരുന്നു. ന്യൂമോണിയ ജോൺസിയെ അനായാസേന ആക്രമിച്ചു കീഴ്‌പ്പെടുത്തി. ചെറിയ ഡച്ച് ജനൽപ്പാളികളിലൂടെ അടുത്ത കെട്ടിടത്തിന്റെ ശൂന്യമായ ഇഷ്ടികച്ചുവരിലേയ്ക്കു നോക്കിക്കൊണ്ട്, ചായം തേച്ച ഇരുമ്പുസ്പ്രിങ്ങ് കട്ടിലിൽ കാര്യമായ അനക്കങ്ങളൊന്നുമില്ലാതെ അവൾ കിടന്നു.

ഒരു ദിവസം രാവിലെ, ഡോക്ടർ, തന്റെ തിരക്കിനിടയിൽ, സ്യൂവിനെ മുറിക്കു പുറത്തേയ്ക്കു വിളിച്ചു. തെർമ്മോമീറ്ററിലെ പനി നോക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു, 'അവൾക്കു രക്ഷപ്പെടാൻ ഒരു വഴി മാത്രമേയുള്ളു. ജീവിക്കണം എന്ന് അവൾ സ്വയം ആഗ്രഹിക്കണം. താൻ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നിന്റെ കൊച്ചുകൂട്ടുകാരി സ്വയം തീരുമാനമെടുത്തു കഴിഞ്ഞതു പോലെയാണു തോന്നുന്നത്. 'ഡോക്ടർ തന്റെ കട്ടിയുള്ള, നരച്ച പുരികങ്ങൾ ഉയർത്തി. 'അവളുടെ മനസ്സിൽ എന്തെങ്കിലുമുണ്ടോ?'

'അവൾക്ക് നേപ്പിൾസ് ഉൾക്കടലിന്റെ ചിത്രം വരയ്ക്കാനാഗ്രഹമുണ്ട്' സ്യൂ പറഞ്ഞു.

'ചിത്രം വരയ്ക്കാനോ! ജീവിതത്തോടു നിരാശ തോന്നിപ്പിക്കുന്ന എന്തെങ്കിലും അവളുടെ മനസ്സിലുണ്ടോ എന്നാണു ചോദിച്ചത്. ഉദാഹരണത്തിന്, ഒരു പുരുഷനെപ്പറ്റിയുള്ള ദുഃഖം?'

'ഒരു പുരുഷനെപ്പറ്റിയുള്ള ദുഃഖമോ?' സ്യൂ ആശ്ചര്യപ്പെട്ടു. 'ഓ, ഇല്ല, ഡോക്ടർ. അങ്ങനെയുള്ളതൊന്നും അവളുടെ മനസ്സിലുള്ളതായി സൂചനയില്ല.'

'നന്നായി. എങ്കിൽ ക്ഷീണം തന്നെയായിരിക്കണം നിരാശയ്ക്കുള്ള കാരണം.' ഡോക്ടർ തുടർന്നു. 'ശാസ്ത്രത്തിനു കഴിയുന്നതെല്ലാം ഞാൻ ചെയ്യാം. പക്ഷേ, എന്റെ രോഗികൾ തങ്ങളുടെ ശവസംസ്‌കാരഘോഷയാത്രയിൽ പങ്കെടുത്തേയ്ക്കാവുന്ന വാഹനങ്ങളുടെ കണക്കെടുക്കാൻ തുടങ്ങിയിരിക്കുമ്പോൾ ഔഷധങ്ങളുടെ ചികിത്സാശക്തിയിൽ നിന്ന് അൻപതു ശതമാനം കുറയ്ക്കുകയല്ലാതെ മറ്റെന്താണു ഞാൻ ചെയ്യുക? ഈ ശീതകാലത്തിറങ്ങിയിരിക്കുന്ന പുതിയതരം വസ്ത്രങ്ങളെക്കുറിച്ച് അവളെക്കൊണ്ട് താത്പര്യത്തോടെ ചോദിപ്പിച്ചാൽ അവൾ രക്ഷപ്പെടാനുള്ള സാദ്ധ്യത പത്തിലൊന്നിൽ നിന്ന് അഞ്ചിലൊന്നാക്കി ഞാൻ മെച്ചപ്പെടുത്തിത്തരാം.'

ഡോക്ടർ പോയതിനു ശേഷം സ്യൂ തന്റെ പണിപ്പുരയിൽ കയറിയിരുന്ന് ആരും കാണാതെ കുറേ നേരം കണ്ണീർ വാർത്തു. അനന്തരം തന്റെ ചിത്രരചനാബോർഡെടുത്ത് ധൈര്യമവലംബിച്ച് ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ജോൺസിയുടെ മുറിയിലേയ്ക്കു ചെന്നു.

ജോൺസി പുതപ്പിനടിയിൽ അനക്കങ്ങളൊന്നുമില്ലാതെ കിടക്കുകയായിരുന്നു. അവളുടെ മുഖം ജനലിന്റെ നേർക്കു തിരിഞ്ഞിരുന്നു. ജോൺസി ഉറക്കമാണെന്നു കരുതി സ്യൂ മൂളിപ്പാട്ടു നിർത്തി, ബോർഡിൽ ഒരു മാസികക്കഥയ്ക്കു വേണ്ടിയുള്ളൊരു ചിത്രം പേനയും മഷിയുമുപയോഗിച്ചു വരയ്ക്കാൻ തുടങ്ങി. യുവസാഹിത്യകാരന്മാർ മാസികക്കഥകളെഴുതി സാഹിത്യത്തിൽ മുന്നോട്ടുള്ള ചുവടുകൾ വയ്ക്കുമ്പോൾ അവരുടെ കഥകൾക്കു വേണ്ട ചിത്രങ്ങൾ വരച്ചു നൽകി യുവകലാകാരന്മാരും കലാകാരികളും കലയിൽ മുന്നോട്ടുള്ള ചുവടുകൾ വയ്ക്കുന്നു. ഒരു കുതിരപ്രദർശനത്തിൽ കുതിരപ്പുറത്തിരിക്കുന്ന സുന്ദരനായൊരു ഐഡഹോ കൗബോയുടെ ചിത്രം വരച്ചുകൊണ്ടിരിയ്‌ക്കെ, സ്യൂ മൃദുവായൊരു ശബ്ദം കേട്ടു. പല തവണ ആ ശബ്ദം ആവർത്തിക്കുകയും ചെയ്തു. അവൾ വേഗം ജോൺസിയുടെ കിടക്കയ്ക്കരികിലേയ്ക്കു ചെന്നു.

ജോൺസി ജനലിലൂടെ പുറത്തേയ്ക്കു നോക്കിക്കൊണ്ട് പുറകോട്ട് എണ്ണിക്കൊണ്ടിരുന്നു. 'പന്ത്രണ്ട്'. അവൾ പറഞ്ഞു. അല്പസമയം കഴിഞ്ഞപ്പോൾ 'പതിനൊന്ന്' എന്നു പറഞ്ഞു. പിന്നീട്, ഇടവിട്ടിടവിട്ട് പത്തും ഒൻപതും എണ്ണി. എട്ടിനു പിന്നാലെ, അധികം കഴിയും മുൻപേ ഏഴും വന്നു.

സ്യൂ ആകാംക്ഷയോടെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി. എണ്ണാൻ പറ്റിയ എന്താണ് അവിടെയുണ്ടായിരുന്നത്? അൽപ്പമകലെ, അടുത്ത കെട്ടിടത്തിന്റെ ഇഷ്ടികകൊണ്ടുള്ള വിരസമായ ഭിത്തി മാത്രമാണ് ആകെക്കൂടി കാണാനുണ്ടായിരുന്നത്. ശുഷ്‌കിച്ച ഒരു വള്ളിച്ചെടിമാത്രം ആ ഇഷ്ടികഭിത്തിയിൽ പൊത്തിപ്പിടിച്ചു കയറിയിരുന്നു. ശരത്കാലക്കാറ്റ് അതിന്റെ ഇലകളെ അടർത്തിക്കളഞ്ഞിരുന്നു. അതിന്റെ ഏതാനും ശാഖകൾ ഇഷ്ടികഭിത്തിയിൽ അസ്ഥികൂടം പോലെ പറ്റിപ്പിടിച്ചിരുന്നു.

'എന്താണവിടെ, ജോൺസീ?' സ്യൂ ചോദിച്ചു.

'ആറ്.' ജോൺസി മന്ത്രിച്ചു. 'അവ കൂടുതൽ വേഗത്തിൽ വീഴാൻ തുടങ്ങിയിരിക്കുന്നു. മൂന്നു ദിവസം മുൻപ് നൂറോളമുണ്ടായിരുന്നു. അവ എണ്ണിയെണ്ണി എന്റെ തല വേദനിച്ചിരുന്നു. ഇപ്പോൾ എണ്ണൽ എളുപ്പമായി. ദാ, ഒരെണ്ണം കൂടി വീണു. ഇനി അഞ്ചെണ്ണമേ ബാക്കിയുള്ളു.'

'അഞ്ചെണ്ണമെന്ത്? എന്നോടു പറയ്, ജോൺസീ.'

'ഇലകൾ. ആ വള്ളിച്ചെടിമേൽ. അവയിലെ അവസാനത്തെ ഇല കൂടി വീണു കഴിയുമ്പോൾ ഞാനും പോകും. എനിക്കതു മനസ്സിലായിട്ട് മൂന്നു ദിവസമായി. ഡോക്ടർ നിന്നോടതു പറഞ്ഞില്ലേ?'

'ഓ! ഇത്തരം മണ്ടത്തരങ്ങൾ ഞാനൊരിക്കലും കേട്ടിട്ടില്ല.' സ്യൂ അവൾ പറഞ്ഞത് കളിയായി തള്ളിക്കളയാൻ ശ്രമിച്ചു. 'നിന്റെ രോഗവും ആ വള്ളിച്ചെടിയുടെ ഇലകളും തമ്മിൽ എന്തു ബന്ധം? നീ ആ വള്ളിച്ചെടിയെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വിഡ്ഢിത്താറാവേ, നീ തോന്ന്യാസങ്ങളൊന്നും പറയണ്ട. തന്നെയുമല്ല, നിന്റെ രോഗം ഉടൻ തന്നെ ഭേദമാകാനുള്ള സാദ്ധ്യതയെപ്പറ്റി ഡോക്ടർ ഇന്നു രാവിലേയും പറഞ്ഞിരുന്നു. എന്താണു ഡോക്ടർ പറഞ്ഞത്? ഉം...ഞാനോർത്തു നോക്കട്ടെ. ങാ, ഡോക്ടർ പറഞ്ഞത് പത്തിനൊന്ന് എന്നാണ്. ന്യൂയോർക്കിലെ തെരുവുകളിലൂടെയും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ സമീപത്തുകൂടിയും മറ്റും നടക്കുമ്പോഴൊക്കെ ഉണ്ടാകാവുന്ന നിരവധി ആപത്തുകളിൽ നിന്നു രക്ഷപ്പെടാൻ നമുക്കുള്ള സാദ്ധ്യതയേക്കാൾ മികച്ചതാണത്. ദാ, നീയിത്തിരി സൂപ്പു കുടിക്ക്. ഞാനെന്റെ ചിത്രവര നടത്തട്ടെ. ചിത്രത്തിന് പത്രാധിപർ തരാൻ പോകുന്ന പണം കൊണ്ടു വേണം എന്റെ ജോൺസിക്കുട്ടിയ്‌ക്കൊരു കുപ്പി വൈനും എന്റെ ആർത്തിയടക്കാൻ ഇത്തിരി പോർക്കിറച്ചിക്കഷ്ണങ്ങളും വാങ്ങാൻ.'

'വൈനൊന്നും എനിക്കുവേണ്ടി ഇനി വാങ്ങണ്ട.' ജനലിനു പുറത്തു ദൃഷ്ടിയൂന്നിക്കൊണ്ട് ജോൺസി പറഞ്ഞു. 'ദാ വീഴുന്നു ഒരില കൂടി. എനിക്കിനി ബ്രോത്തും വേണ്ട. ഇനിയാകെ നാലെണ്ണമേ ബാക്കിയുള്ളു. നേരം ഇരുട്ടുന്നതിനു മുൻപ് അവസാനത്തെ ഇല കൂടി വീഴുന്നത് എനിക്കു കാണണം. അതോടെ ഞാനും പോകും.' അവളുടെ തൊണ്ട ഇടറി.

'എന്റെ പൊന്നു ജോൺസീ,' അവളുടെ നെറ്റിയിൽ മെല്ലെ തലോടിക്കൊണ്ട് സ്യൂ പറഞ്ഞു. 'എന്റെ ജോലി തീരുന്നതു വരെ നീ കണ്ണടച്ചു കിടക്കുമെന്നും, പുറത്തേയ്ക്കു നോക്കില്ലെന്നും നീയെനിക്കു വാക്കു തരണം. നാളെത്തന്നെ കൊടുക്കാനുള്ളതാണ് ഈ ചിത്രങ്ങളൊക്കെ. എനിക്കിത്തിരി വെളിച്ചം വേണം. ഇല്ലായിരുന്നെങ്കിൽ ഞാൻ ആ ജനൽ അടച്ചു കളഞ്ഞേനേ.'

'നീ മറ്റേ മുറിയിലിരുന്നു വരയ്ക്കുമോ?' ജോൺസി ആരാഞ്ഞു.

'എനിക്ക് നിന്റെ അടുത്തു തന്നെയിരിക്കണം', സ്യൂ പറഞ്ഞു. 'മാത്രമല്ല, നീ ആ ഇലകളേയും നോക്കി വേണ്ടാത്തതൊന്നും ആലോചിക്കണ്ട.'

'നിന്റെ വരയ്ക്കൽ തീരുമ്പോൾ പറയുക.' ജോൺസി കണ്ണുകളടച്ചു. നിലത്തു വീണുടഞ്ഞുപോയൊരു പ്രതിമയെപ്പോലെ അവൾ വെളുത്തു വിളറി നിശ്ചലയായിക്കിടന്നു. 'കാരണം, അവസാനത്തെ ഇല വീഴുന്നത് എനിക്കു കാണണം. കാത്തിരുന്നു ഞാൻ തളർന്നു. ആലോചിക്കാനും വയ്യാതെയായി. കൊഴിഞ്ഞു വീണ ആ പാവം ഇലകളെപ്പോലെ, എല്ലാ പിടികളും വിട്ടു താഴേയ്ക്കു പതിക്കാനാണ് എന്റേയും ആഗ്രഹം.'

'നീ ഉറങ്ങാൻ ശ്രമിക്ക്,' സ്യൂ സ്‌നേഹം നിറഞ്ഞ ശാസനാസ്വരത്തിൽ പറഞ്ഞു. 'എനിക്ക് ബെഹർമാനെ വിളിച്ചുകൊണ്ടു വന്ന് വയോധികനായ ഒരു ഖനിത്തൊഴിലാളിയായി പോസു ചെയ്യിക്കാനുണ്ട്. ഒരൊറ്റ മിനിറ്റുകൊണ്ടു ഞാൻ മടങ്ങിവരും. ഞാൻ മടങ്ങിവരുന്നതുവരെ നീ അനങ്ങിപ്പോകരുത്.'

കെട്ടിടത്തിന്റെ ഏറ്റവുമടിയിൽ താമസിച്ചിരുന്ന വയോധികനായ ബെഹർമാൻ ഒരു ചിത്രകാരനായിരുന്നു. പ്രായം അറുപതു കടന്നിരുന്നു. മൈക്കലാഞ്ചലോച്ചിത്രത്തിലെ മോസസ്സിനുള്ളതു പോലെ, ശിരസ്സിൽ നിന്നിറങ്ങി വന്നിരുന്ന നീണ്ടൊരു താടിയുണ്ടായിരുന്നു അയാൾക്ക്. ഒരു കുട്ടിച്ചാത്തന്റെ ശരീരവും. ചിത്രകലയിൽ തികഞ്ഞ പരാജയമായിരുന്നു ബെഹർമാൻ. നാല്പതു വർഷത്തോളം ബ്രഷുപയോഗിച്ചിട്ടും കലാദേവതയുടെ പുടവയുടെ തൊങ്ങലിലൊന്നു തൊടാവുന്നത്ര സമീപത്തു പോലും അയാൾക്കെത്താനായിരുന്നില്ല. എന്നെങ്കിലും ഒരുൽകൃഷ്ടചിത്രം മാസ്റ്റർപീസ് തനിക്കു വരയ്ക്കാനാകും എന്നയാൾ വിശ്വസിച്ചിരുന്നെങ്കിലും അതിന് ഒരു തുടക്കമിടാൻ അയാൾക്കു കഴിഞ്ഞിരുന്നില്ല. വാണിജ്യാവശ്യങ്ങൾക്കും പരസ്യങ്ങൾക്കും വേണ്ടി ചെറിയ ചില ചിത്രങ്ങൾ വരച്ചതൊഴിച്ചാൽ, കാര്യമായ മറ്റു ചിത്രങ്ങളൊന്നും അയാൾ വരച്ചിരുന്നില്ല.

ആ കോളണിയിലെ നിർദ്ധനരായ യുവകലാകാരന്മാർക്കു വരയ്ക്കാനുള്ളൊരു മോഡലായി നിന്നുകൊടുത്തുകൊണ്ട് വല്ലപ്പോഴുമൊക്കെ ചെറിയ ചില തുകകൾ അയാൾ നേടിയിരുന്നു. അമിതമദ്യപാനം അയാളുടെ ശീലമായിത്തീർന്നിരുന്നു. മഹത്തായൊരു ചിത്രരചന താനുടനെ നടത്തുമെന്ന് മദ്യലഹരിക്കിടയിലും അയാൾ പുലമ്പാറുണ്ടായിരുന്നു. മൃദുലചിത്തരെ അയാൾ പുച്ഛിച്ചിരുന്നു. ഒറ്റനോട്ടത്തിൽ ഒരു ക്രൂരനെപ്പോലെ തോന്നിപ്പിച്ചിരുന്നെങ്കിലും, മുകളിൽ താമസിച്ചിരുന്ന രണ്ടു യുവചിത്രകാരികളെ സംരക്ഷിക്കാൻ ഒരു വിശ്വസ്ത നായയെപ്പോലെ അയാൾ പ്രതിജ്ഞാബദ്ധനായിരുന്നു.

ബെഹർമാന്റെ ഇരുളടഞ്ഞ മുറിയിൽ സ്യൂ കടന്നു ചെന്നു. ബെഹർമാന് ജൂനിപ്പർപ്പഴത്തിന്റെ ശക്തിയായ മണമുണ്ടായിരുന്നു. ഒരു മൂലയ്ക്ക് ഒരു മുക്കാലിയിൽ ചിത്രം വരയ്ക്കാനുള്ളൊരു ക്യാൻവാസുണ്ടായിരുന്നു. ആ ക്യാൻവാസ് ഒരു ഉത്തമകലാസൃഷ്ടിയുടെ തുടക്കവും പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചു വർഷത്തോളമായിരുന്നു. ജോൺസിയുടെ ഭീതിയെപ്പറ്റി സ്യൂ ബെഹർമാനോടു പറഞ്ഞു. ഉണങ്ങിക്കരിഞ്ഞ ഒരിലയെപ്പോലെ ജോൺസി ക്ഷീണിച്ചുമെലിഞ്ഞിരിക്കുന്നു. ജീവിതത്തിന്മേൽ അവശേഷിക്കുന്ന ദുർബ്ബലമായ പിടി വിട്ട്, ഒരിലയെപ്പോലെ താനും കൊഴിഞ്ഞു വീഴുമെന്നാണ് അവൾ വിശ്വസിക്കുന്നത്, സ്യൂ വിശദീകരിച്ചു.

ജോൺസിയുടെ ബുദ്ധിശൂന്യമായ സങ്കൽപ്പങ്ങളെ ബെഹർമാൻ ചുവന്ന കണ്ണുകളുരുട്ടിക്കൊണ്ട് രൂക്ഷമായി പരിഹസിച്ചു. 'എന്ത്! ശപിക്കപ്പെട്ടൊരു വള്ളിച്ചെടിയിൽ നിന്ന് ഇലകൾ കൊഴിഞ്ഞു പോകുന്നതുകൊണ്ട് തങ്ങളും മരിക്കും എന്നു വിശ്വസിക്കുന്ന മണ്ടികൾ ഈ ലോകത്തിലുണ്ടെന്നോ! ഇത്തരം വിഡ്ഢിത്തങ്ങൾ ഞാനിതേവരെ കേട്ടിട്ടില്ല. അവളെപ്പോലുള്ള മണ്ടശിരോമണികൾക്കു വേണ്ടി ഞാനൊരിക്കലും മോഡലായി നിന്നു തരുകയില്ല. ഇത്തരം അബദ്ധധാരണകൾ അവളുടെ ശിരസ്സിൽ കടക്കാൻ നീ അനുവദിക്കുന്നതെന്തുകൊണ്ട്? പാവം ജോൺസി.'

'അവൾക്ക് തീരെ സുഖമില്ല. വളരെ തളർന്നിരിക്കുന്നു.' സ്യൂ പറഞ്ഞു. 'രോഗം അവളുടെ മനസ്സിനേയും ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവൾക്ക് ഇത്തരം തോന്നലുകളുണ്ടാകുന്നത്. അപ്പോ ശരി. നിങ്ങൾ എനിക്കു വേണ്ടി മോഡലായി പോസു ചെയ്തുതരില്ലെങ്കിൽ വേണ്ട. പക്ഷേ, അപ്പോൾ യാതൊരു ഉത്തരവാദിത്വവുമില്ലാതെ ചപ്പടാച്ചി അടിക്കുന്നയാളാണു നിങ്ങൾ എന്നു ഞാൻ പറയും.'

'നീ തനി പെണ്ണു തന്നെ.' ബെഹർമാനു ശുണ്ഠി കയറി. 'പോസു ചെയ്തു തരില്ലെന്ന് ആരു പറഞ്ഞു? പോസു ചെയ്തു തരാൻ തയ്യാറാണെന്ന് അര മണിക്കൂറായി ഞാൻ പറയാൻ ശ്രമിക്കുന്നു. നടക്ക്. ഞാനും നിന്റെ കൂടെ വരാം. ദൈവമേ! ജോൺസിക്ക് രോഗിണിയായി കിടക്കാൻ പറ്റിയ സ്ഥലമല്ല അത്. എന്നെങ്കിലും ഞാനെന്റെ മാസ്റ്റർപീസ് പെയിന്റു ചെയ്യും. അന്നെനിക്ക് ഒരുപാടു പണം കിട്ടും. ആ പണവും കൊണ്ട് നാമെല്ലാവരും ഇവിടം വിട്ട് ഏതെങ്കിലും നല്ല സ്ഥലത്തേയ്ക്കു പോകും. അതെ. തീർച്ചയായും അതു നടക്കും.'

അവർ മുകളിലേയ്ക്കു ചെന്നപ്പോൾ ജോൺസി ഉറങ്ങുകയായിരുന്നു. സ്യൂ ജനൽ അടച്ചു കൊളുത്തിട്ടു. ബെഹർമാനെ അടുത്ത മുറിയിലേയ്ക്കു വിളിച്ചുകൊണ്ടു പോയി. അവിടുത്തെ ജനലിലൂടെ അവർ പുറത്തെ വള്ളിച്ചെടിയിലേയ്ക്ക് ഭീതിയോടെ, നിശ്ശബ്ദരായി നോക്കി നിന്നു. മഞ്ഞു കലർന്ന, തണുത്ത മഴ തുടർച്ചയായി പെയ്തുകൊണ്ടിരുന്നു.

കമഴ്‌ത്തിവച്ചൊരു കെറ്റിലിന്മേലിരുന്നു കൊണ്ട് ഒരു പഴഞ്ചൻ നീലഷർട്ടിട്ട ബെഹർമാൻ പാറപ്പുറത്തിരിക്കുന്ന വയോധികനായൊരു ഖനിത്തൊഴിലാളിയായി സ്യൂവിനു വേണ്ടി പോസു ചെയ്തു.

പിറ്റേന്നു രാവിലെ സ്യൂ ഉണർന്നപ്പോൾ ജോൺസി അടഞ്ഞു കിടക്കുന്ന ജനലിന്റെ നേരേ ഉദാസീനതയോടെ നോക്കിക്കിടക്കുകയായിരുന്നു. 'ജനൽ തുറക്ക്. എനിക്കു കാണണം.' ജോൺസി ഉത്കണ്ഠയോടെ മന്ത്രിച്ചു. തളർച്ചയോടെ സ്യൂ അനുസരിച്ചു.

പക്ഷേ, അതാ! രാത്രി മുഴുവനും പെയ്ത മഴയേയും അതോടൊപ്പം വീശിയ ശക്തിയായ കാറ്റിനേയുമെല്ലാം അതിജീവിച്ചുകൊണ്ട് വള്ളിച്ചെടിയുടെ ഒരില മാത്രം കൊഴിഞ്ഞു പോകാതെ പിടിച്ചു നിൽക്കുന്നു. തണ്ടിനടുത്തുള്ള ഇരുണ്ട നിറവും അരികുകളിലെ മഞ്ഞ നിറവും ഇല പഴുത്തു കഴിഞ്ഞതിന്റെ ലക്ഷണങ്ങളായിരുന്നു. പഴുത്തു കഴിഞ്ഞിരുന്നെങ്കിലും ആ ഇല നിലത്തു നിന്ന് ഇരുപതടിയോളം ഉയരത്തിൽ, വള്ളിച്ചെടിയുടെ ശാഖയിൽ ഇഷ്ടികച്ചുവരിനോടു പറ്റിച്ചേർന്നിരുന്നു.

'അതാണ് അവസാനത്തെ ഇല.' ജോൺസി പറഞ്ഞു. 'രാത്രി അതു തീർച്ചയായും വീഴുമെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ശക്തിയായ കാറ്റു വീശുന്ന ശബ്ദം ഞാൻ കേട്ടിരുന്നു. എന്തായാലും അത് ഇന്നു വീഴും, അപ്പോൾ ഞാൻ മരിക്കുകയും ചെയ്യും.'

'എന്റെ പൊന്നു ജോൺസീ,' ജോൺസിയുടെ ശിരസ്സിൽ ചുംബിച്ചുകൊണ്ടു സ്യൂ ചോദിച്ചു, 'നീ നിന്നെപ്പറ്റി ചിന്തിക്കുന്നില്ലെങ്കിൽ എന്നെപ്പറ്റിയെങ്കിലും ഓർക്ക്. ദൈവമേ, ഞാനെന്താണു ചെയ്യുക!'

പക്ഷേ ജോൺസി നിശ്ശബ്ദയായി കിടന്നു. നിഗൂഢമായൊരു ദീർഘയാത്രയ്ക്കായി തയ്യാറെടുക്കുന്ന ആത്മാവാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായത്. വള്ളിച്ചെടിയുടെ ഇലയെപ്പോലെ തന്റെ അന്ത്യവും അടുത്തു കഴിഞ്ഞെന്ന അവളുടെ വിശ്വാസം ദൃഢമായിക്കൊണ്ടിരുന്നു. അവളെ സൗഹൃദങ്ങളുമായും ഭൂമിയുമായും ബന്ധിച്ചു നിർത്തിയിരുന്ന കെട്ടുകളെല്ലാം ഓരോന്നായി അഴിഞ്ഞു തുടങ്ങി.

പകൽ പതുക്കെപ്പതുക്കെ പോയ്മറഞ്ഞു കൊണ്ടിരുന്നു. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽപ്പോലും പുറത്തെ ഇഷ്ടികച്ചുമരിലെ വള്ളിച്ചെടിയോടു പറ്റിച്ചേർന്നു നിൽക്കുന്ന ഒറ്റയില ദൃശ്യമായിരുന്നു. സ്യൂ ജനലടച്ചു. അധികം താമസിയാതെ വടക്കുനിന്നു കാറ്റു വീശാ!ൻ തുടങ്ങി. രാത്രി മുഴുവൻ മഴ ജനൽപ്പാളികളിൽ ശക്തിയായി വന്നലച്ചുകൊണ്ടിരുന്നു.

നേരം പുലർന്നു തുടങ്ങിതേയുള്ളു, അപ്പോഴേയ്ക്ക് ജോൺസി ജനൽ തുറക്കാൻ കൽപ്പിച്ചു.

ആ ഇല അപ്പോഴും കൊഴിഞ്ഞു വീണിരുന്നില്ല.

ജോൺസി ആ ഇലയെത്തന്നെ നോക്കിക്കൊണ്ടു കിടന്നു. ഏറെ സമയം കഴിഞ്ഞപ്പോൾ അവൾ സ്യൂവിനെ വിളിച്ചു. സ്യൂ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിൽ ജോൺസിക്കു വേണ്ടി ചിക്കൻ ബ്രോത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

'ഇതുവരെ ഞാനൊരു ചീത്തക്കുട്ടിയായിരുന്നു, സ്യൂഡീ,' ജോൺസി പറഞ്ഞു. 'ഞാനെത്ര ചീത്തക്കുട്ടിയായിരുന്നെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി എന്തോ ഒന്ന് ആ ഇലയെ കൊഴിഞ്ഞു പോകാതെ പിടിച്ചു നിർത്തി. മരണം ആഗ്രഹിക്കുന്നത് പാപമാണെന്ന് ആ ഇലയിൽ നിന്ന് എനിക്കു മനസ്സിലായി.' ജോൺസിയുടെ ചുണ്ടുകളിൽ നേരിയൊരു മന്ദഹാസം മിന്നി മറഞ്ഞു. 'നീയെനിക്ക് ഇത്തിരി സൂപ്പു കൊണ്ടുവാ, സ്യൂഡീ. പോർട്ടൊഴിച്ച കുറച്ചു പാലും. അല്ല, ആദ്യം തന്നെ നീയൊരു കണ്ണാടി കൊണ്ടുവാ. എന്നിട്ട് ഇവിടെ രണ്ടു മൂന്നു തലയിണകൾ ചാരി വയ്ക്ക്. നീ പാചകം ചെയ്യുന്നത് ഞാൻ എഴുന്നേറ്റിരുന്നൊന്നു കാണട്ടെ.'

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ജോൺസി പറഞ്ഞു, 'ഞാനെന്നെങ്കിലും നേപ്പിൾസ് ഉൾക്കടലിന്റെ ചിത്രം വരയ്ക്കും, സ്യൂഡീ.'

വൈകുന്നേരം ഡോക്ടർ വന്നു. അദ്ദേഹം മടങ്ങിപ്പോകുമ്പോൾ സ്യൂ അദ്ദേഹത്തിന്റെ കൂടെ ഇടനാഴിയിലേയ്ക്കു ചെന്നു.

'ഇനി ശരിക്കു പരിചരിച്ചാൽ രക്ഷപ്പെട്ടുപോരും എന്ന നിലയിലേയ്ക്ക് അവളെത്തിയിട്ടുണ്ട്.' ഡോക്ടർ സ്യൂവിന്റെ മെലിഞ്ഞ കരം ഗ്രഹിച്ചുകൊണ്ട് ആഹ്ലാദത്തോടെ പറഞ്ഞു. 'ശരിക്കു പരിചരിച്ചാൽ നീ വിജയം നേടും. അതിനിടയിൽ ഞാൻ വേഗം പോകട്ടെ. ഇപ്പോൾത്തന്നെ മറ്റൊരു കേസും കൂടി നോക്കാനുണ്ട്. ബെഹർമാൻ എന്നാണ് രോഗിയുടെ പേര്. ചിത്രകാരനാണെന്നു തോന്നുന്നു. ന്യൂമോണിയ പിടിച്ചിരിക്കുന്നു. വാർദ്ധക്യമായി, ക്ഷീണിച്ചിട്ടുമുണ്ട്. രോഗമാണെങ്കിൽ കടുത്തതും. ആശയ്ക്കു വഴിയില്ല. പക്ഷേ അല്പമെങ്കിലും ആശ്വാസം നൽകാൻ വേണ്ടി അയാളെ ഇപ്പോൾത്തന്നെ ആശുപത്രിയിലേയ്ക്കു മാറ്റുന്നുണ്ട്.'

അടുത്ത ദിവസം ജോൺസിയെ പരിശോധിച്ച ശേഷം ഡോക്ടർ സ്യൂവിനോടു പറഞ്ഞു, 'നീ വിജയിച്ചിരിക്കുന്നു. അവൾ ആപത്തു തരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. പോഷകാഹാരവും ശ്രദ്ധയും, അത്രയേ ഇനി വേണ്ടൂ.'

അന്നു സായാഹ്നത്തിൽ സ്യൂ ജോൺസിയുടെ കിടക്കയ്ക്കരികിലേയ്ക്കു ചെന്നു. തലയിണകളിൽ ചാരിയിരുന്നുകൊണ്ട് ജോൺസി കടും നീലനിറമുള്ളൊരു രോമക്കുപ്പായം തയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു.

സ്യൂ ജോൺസിയെ ആശ്ലേഷിച്ചു. 'എന്റെ വെള്ളെലിക്കുഞ്ഞേ, നിന്നോടൊരു കാര്യം പറയാനുണ്ട്.' സ്യൂ പറഞ്ഞു. 'ബെഹർമാൻ ന്യൂമോണിയ പിടിച്ച് ഇന്ന് ആശുപത്രിയിൽ വച്ചു മരിച്ചു. രണ്ടു ദിവസം മാത്രമേ അയാൾ സുഖമില്ലാതെ കിടന്നുള്ളു. ആദ്യദിവസം രാവിലെ അയാൾ വേദനകൊണ്ടു പുളയുന്നത് വാച്ച്മാൻ കണ്ടിരുന്നു. അയാളുടെ വസ്ത്രവും ഷൂസുമെല്ലാം നനഞ്ഞു കുതിർന്നിരുന്നു. കാറ്റും മഴയും നിറഞ്ഞ രാത്രിയിൽ അയാൾ എവിടെപ്പോയിരുന്നു എന്ന് അവരത്ഭുതപ്പെട്ടു. അപ്പോഴും അണഞ്ഞിട്ടില്ലാത്ത ഒരു വിളക്കും അവരവിടെ കണ്ടു. നീളമുള്ള ഏണി വച്ചിരുന്ന ഇടത്തു നിന്നു വലിച്ചിഴച്ചു കൊണ്ടു വന്നിരുന്നു. ബ്രഷുകൾ ചിതറിക്കിടന്നിരുന്നു. വിവിധ നിറങ്ങൾ ചാലിച്ച ഒരു ചായപ്പലകയും അടുത്തു തന്നെയുണ്ടായിരുന്നു.'

സ്യൂ ജനലിലൂടെ പുറത്തേയ്ക്കു ചൂണ്ടി. 'അവിടെ അവശേഷിച്ച ആ ഇലയെ നീയൊന്നു സൂക്ഷിച്ചു നോക്ക്. കാറ്റു വീശിയപ്പോൾ ഒരു തവണ പോലും അത് ഒന്നിളകുകപോലും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് നീ അത്ഭുതപ്പെട്ടോ? അവസാനത്തെ ഇല കൊഴിഞ്ഞുവീണ ആ രാത്രിയിൽ കാറ്റും മഴയും അവഗണിച്ച് അയാൾ ആ ഭിത്തിയിൽ പെയിന്റു ചെയ്തു ചേർത്തതാണ് ആ ഇല. ആ ഇലയാണ് ബെഹർമാൻ വരച്ചതിൽ വച്ച് ഏറ്റവും മഹത്തായത്. അതാണ് അയാളുടെ മാസ്റ്റർ പീസ്.'

(വിഖ്യാത ചെറുകഥാകൃത്ത് ഓ ഹെൻട്രി എഴുതിയ 'ദ ലാസ്റ്റ് ലീഫ്' എന്ന പ്രസിദ്ധ കഥയുടെ സ്വതന്ത്രവിവർത്തനമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ ഉത്തര കരലൈനയിൽ 1862ൽ ജനിച്ച ഓ ഹെൻട്രിയുടെ യഥാർത്ഥനാമം വില്യം സിഡ്‌നി പോർട്ടർ എന്നായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നാനൂറോളം ചെറുകഥകൾ രചിച്ചു. 'അമേരിക്കയിലെ മോപ്പസാങ്ങ്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ലാളിത്യവും നർമ്മവും ഓ ഹെൻട്രിക്കഥകളുടെ മുഖമുദ്രകളായിരുന്നു. 1910ൽ, തന്റെ നാൽപ്പത്തേഴാം വയസ്സിൽ ഓ ഹെൻട്രി നിര്യാതനായി.)

Read more topics: # literature,# short story,# avasanathe ila
literature,short story,avasanathe ila

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES