അമളി-ചെറുകഥ

ശ്രീദേവി കെ ലാല്‍ 
 അമളി-ചെറുകഥ

ജിത്തുവും സുക്കുവും ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളായിരുന്നു. ജിത്തു വലിയ സൂത്രക്കാരനും മഹാ അഹങ്കാരിയുമായിരുന്നു. സുക്കുവാകട്ടേ ഒരു പാവം . സുക്കുവിന് ജിത്തുവിനെ വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം ജിത്തു തന്റെ വലിയ വീട്ടിലേക്ക് സുക്കുവിനെ കൂട്ടിക്കൊണ്ടു പോയി . വീട്ടുമുറ്റത്ത് ഒരു വിശാലമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. 

പൂന്തോട്ടത്തില്‍ ചുറ്റിനടന്ന് ഓരോരോ കാഴ്ചകള്‍ കാണുകയായിരുന്നു സുക്കു. അപ്പോഴാണ് ഒരു മനോഹരമായ പൂവ് സുക്കുവിന്റെ കണ്ണില്‍ പെട്ടത് .അവനത് വളരെ ഇഷ്ടമായി. ആ ചെടിയുടെ ഒരു കമ്പ് മുറിച്ചു തരാമോ?എന്ന് സുക്കു ചോദിച്ചു. സുക്കുവിന്റെ ചോദ്യം ജിത്തുവിന് ഇഷ്ടമായില്ല. എന്നാലും അവനത് പുറമേ കാണിച്ചില്ല. 

സുക്കു വീട്ടിലേക്ക് പോകാന്‍ നേരം മനസ്സില്ലാമനസ്സോടെ ജിത്തു ആ ചെടിയുടെ ചെറിയൊരു കമ്പ് മുറിച്ചെടുത്തു അവനു നല്‍കി . എന്നിട്ടു പറഞ്ഞു.' ഇതു നട്ട് ദിവസവും വെള്ളമൊഴിക്കണം. എല്ലാദിവസവും രാവിലെത്തന്നെ വേരു പിടിച്ചോ എന്ന് പൊക്കി നോക്കണം. '

അങ്ങനെത്തന്നെ ചെയ്യാമെന്ന് പറഞ്ഞ് സുക്കു കമ്പുമായി വീട്ടിലേക്കു പോയി. 
സുക്കുവിനെ പറ്റിച്ച മഹാബുദ്ധിയില്‍ അഭിമാനം കൊണ്ട് ജിത്തു തുള്ളിച്ചാടി. 
തന്റെ കൊച്ചു വീടിന്റെ മുറ്രത്ത് സുക്കു ആ കൊമ്പ് നട്ടുവെള്ളം ഒഴിച്ചു. ജിത്തു പറഞ്ഞതു പോലെ ഒരിക്കലും അത് പൊക്കി നോക്കിയതേയില്ല. കുറച്ചു ദിവസം കഴിഞ്ഞ് ജിത്തു ആ ചെടിക്ക് വേരുപിടിച്ചോയെന്ന് സുക്കുവിനോടു ചോദിച്ചു. 
ജിത്തു പറഞ്ഞതു പോലെ ചെയ്തെന്നും വേരു വന്നോയെന്ന് പതിവായി പൊക്കിനോക്കാറുണ്ടെന്നും സുക്കു ജിത്തുവിനോടു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഇവനെന്തൊരു മണ്ടന്‍ എന്നോര്‍ത്ത് ജിത്തു ഉള്ളില്‍ ചിരിച്ചു. 

കുറച്ചുനാള്‍ കഴിഞ്ഞു ഒരു ദിവസം ജിത്തു സുത്തുവിനോട് ആ ചെടിയിന്‍ പൂവിട്ടോ എന്ന് അന്വേഷിച്ചു. 
അന്നേരം സുക്കു ജിത്തുവിനോട് പറഞ്ഞു. 'ഓ... ഞാനത് പറയാന്‍ മറന്നു. നീ തന്ന കമ്പ് ദിവസവും പൊക്കി നോക്കുമ്പോള്‍അത്ഭുതമെന്നു പറയട്ടേ,അതിനടിയില്‍ നിന്ന് ഓരോ സ്വര്‍ണ്ണനാണയം വീതം കിട്ടാറുണ്ട്. '
കീശയില്‍ നിന്ന് ഒരു സ്വര്‍ണ്ണ നാണയം എടുത്തു ജിത്തുവിനെക്കാട്ടി സുക്കു പറഞ്ഞു.'ഇതാ അതില്‍ നിന്നും ഒരു സ്വര്‍ണ്ണ നാണയം ഞാന്‍ കൊണ്ടു വന്നിട്ടുണ്ട് .'

കാഴ്ചയില്‍ സ്വര്‍ണ്ണംം എന്നു തോന്നിക്കുന്ന ആ നാണയം സുക്കുവിന് വഴിയില്‍ നിന്നു കിട്ടിയതായിരുന്നു. 
അതിബുദ്ധിമാനെന്ന് നടിച്ചിരുന്ന ജിത്തു ആകെ ആശയക്കുഴപ്പത്തിലായി . അവന്‍ ആലോചിച്ചു. 
ഒരു ചെറിയ കമ്പിനടിയില്‍ നിന്നും ദിവസവും ഒരു സ്വര്‍ണ്ണ നാണയം വീതം കിട്ടുകയാണെങ്കില്‍ തന്റെ വീട്ടിലെ ആ വലിയ ചെടിക്കടിയില്‍ എത്രയേറെ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടാകും ?
എങ്ങനെയെങ്കിലും സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ മതിയെന്നായി അവന്റെ ചിന്ത. അന്നു വൈകുന്നേരം വീട്ടില്‍ ചെന്നതും ആരു കാണാതെ അവന്‍ തോട്ടത്തിലെത്തി. കഷ്ടപ്പെട്ട് മനോഹരമായ പൂക്കള്‍ നിറഞ്ഞ ആ ചെടി അവന്‍ പിഴുതെടുത്തു. 

അവന്‍ ഞെട്ടിപ്പോയി. ചെടിക്കടിയില്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടായിരുന്നില്ല. സൂത്രക്കാരനായ ജിത്തുവിനു തനിക്കു പറ്റിയ അമളി മനസ്സിലായി.

നല്ലവനായ തന്റെ കൂട്ടുകാരനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷ തനിക്കു കിട്ടി. ഇനി ആരേയും പറ്റിക്കില്ലെന്ന് അവന്‍ മനസ്സിലുറച്ചു. 
അപ്പോള്‍ സുക്കുവിന്റെ കൊച്ചു വീടിനു മുന്നില്‍ ജിത്തു നല്‍കിയ ചെടിയില്‍ നിറയെ മനോഹരമായ പൂക്കള്‍ വിരിഞ്ഞു നിന്നു.

Read more topics: # literature,# short story,# amali
literature,short story,amali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES