Latest News

മുഴുമിപ്പിക്കും മുമ്പേ-ചെറുകഥ

കുസുംഷലാല്‍ ചെറായി 
മുഴുമിപ്പിക്കും മുമ്പേ-ചെറുകഥ

കണ്ണാ നിനക്ക് എന്താണ് സംഭവിച്ചത് ? ഇന്നും നിന്നെയോര്‍ത്ത് മാത്രം തീ തിന്ന് കഴിയുകയല്ലേ ഞാന്‍.
എനിക്കും കാലത്തിനും നിന്നിലാരോപിക്കാന്‍ ഒരു തിന്മ പോലുമില്ലല്ലോ. ഈ മുരുത്ത കാലത്തും വാക്കിലും പ്രവര്‍ത്തിയിലും നന്മയല്ലാതെ ഒന്നുമില്ലെന്നതു മാത്രമാണ് നിനക്കൊരു കുറവ് !
എങ്കിലും ഈ ദശാസന്ധിയില്‍ നിന്റെ സാന്നിധ്യം , അതെ, അതു മാത്രമാണ് എനിക്കു ജന്മസാഫല്യം. എന്ന്ിട്ടും നീ എവിടെ മറഞ്ഞിരിക്കുന്നൂ?
ഇരിട്ടു തറഞ്ഞു കയറിയ കണ്ണുകളില്‍,മൂകത ഉറഞ്ഞുകൂടിയ കര്‍ണ്ണങ്ങളില്‍ ...ഭ്രാന്തമാകുന്ന ചിന്തകളില്‍ നിന്റെ സാന്നിധ്യം വെളിച്ചമായ്,നിറസംഗീതമായ്,സമചിത്തതയായ്,തീരുന്ന ഒരു ദിവസം ...ഒരു ഒടുങ്ങാപ്പൂരത്തിന്റെ പൂര്‍ണ്ണലഹരി!
ഇനിയും നീ വൈകിക്കൂടാ,കണ്ണാ! കാത്തിരിപ്പിന്റെ ആലസ്യത്തില്‍ വിവശമാകുന്ന ഇന്ദ്രിയങ്ങള്‍. അന്തിത്തിരി വെട്ടത്ത് നിഴലാടുമ്പോള്‍ അതു നിന്റെ വരവായിരിക്കും ...
കൂരിരുട്ടത്ത് പൂച്ചക്കണ്ണുകള്‍ വജ്രമായ് തിളങ്ങുമ്പോള്‍.എന്‍െ കണ്ണാ, അതു നീയായിരിക്കുമെന്നോര്‍ത്ത് എത്രവട്ടം ഞാന്‍ ഹൃദയ വേദനയോടെ ആര്‍ത്തു വിളിച്ചിട്ടുണ്ട് ! നീ എന്തിനാണിത്ര ക്രൂരനാകുന്നത ്?കാലം നിന്നെ അടര്‍ത്തിയെടുത്തത് എങ്ങോട്ടാണ്? എവിടെയാകിലെന്ത് ..ചിന്തയുടെ വലകണ്ണികളിലൂടെ ഊര്‍ന്നു പോകുന്നതാണോ നമ്മുടെ ജന്മ ബന്ധം! ഇതു ഞാനിവിടെ കുറിച്ചു വയ്ക്കുകയാണ് . ഒരിക്കല്‍ നീ വരുമെങ്കില്‍,അന്നു ഞാനില്ലെങ്കില്‍ ഇതു പറയും നിന്നോട് എന്റെ ജീവിതകഥ.
എത്ര കഷ്ടപ്പെട്ടാണ് നമ്മുടെ അച്ഛന്‍ നിന്നെ പഠിപ്പിച്ചത് .അന്ന് ഒരു മത്സ്യതൊഴിലാളിക്ക് പകുതിപട്ടിണിയില്ലാത്ത ദിവസങ്ങളുണ്ടോ? കുടുംബത്തിന്റെ അരപ്പട്ടിണിയുടെ മൂല്യമാണ് നിന്റെ ഒരു ദിവസത്തെ പഠനച്ചിലവ്... ഉടുപ്പ് , പുസ്തകം .യാത്ര...അന്ന് ,എല്ലാവരുടെയും സ്വപ്നങ്ങളില്‍ നീയൊരു തീണ്ടാപ്പാടകലത്തില്‍നില്‍ക്കുന്ന ഉന്നതോദ്യോഗസ്ഥന്‍!
നമ്മുടെ നാട്ടില്‍ , ഒരു ദരിദ്രകുടുംബത്തില്‍നിന്നും ഈ ഉയര്‍ന്ന പഠിത്തത്തിന് മഹാരാജ കലാലയത്തില്‍ പോകുന്ന ഒരേയൊരാള്‍ ,അത് നീമാത്രമായിരുന്നല്ലോ.
വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രം. പിന്നെ ബോട്ടു യാത്ര... എത്ര ക്ലേശിച്ചാണ് നീ ഓരോ ദിവസവും യാത്ര ചെയ്ത് പഠിച്ചിരുന്നത് . നിന്റെ തൂവെള്ള മുണ്ടും ഷര്‍ട്ടും ഒരിക്കല്‍പോലും നിറം മങ്ങിയതായി തോന്നിയിട്ടുണ്ടോ?
വടിവുലയാത്ത നിന്റെ വസ്ത്രധാരണം തന്നെ അന്ന് ചെറുപ്പക്കാര്‍ക്ക് മാതൃകയായിരുന്നില്ലേ?
നമ്മുടെ അമ്മ രോഗിയായി കിടന്നിരുന്നിട്ടും നിന്റെ മനസ്സിന് നാരസം തോന്നുന്നതൊന്നും ആരും ചെയ്തിട്ടില്ലല്ലോ! നിനക്ക് അറിയാമായിരുന്നു അടുക്കളയിലെ വറുതി . എല്ലാം ഉണ്ടെന്നു വരുത്തി നിന്നെ ക്ലേശിപ്പിക്കാതെ ,ഒരു നിലയിലെത്തിക്കാനായിരുന്നല്ലോ അച്ഛനുമമ്മയും ഞാനും കന്ല്‍ തിന്നുകാത്തത് . നിന്റെ പഠനത്തിനു പലിശയായി പോയത് നമ്മുടെ കിടപ്പാടം .മുതലോ..അത് നീ തന്നെ. നിനക്കൊരു ജോലിയൊത്താല്‍ ..പിന്നെന്തു കഷ്ടത? നിന്റെ മനസ്സ് വ്യാകുലമാകുന്നത് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പോള്‍ നീ തന്നെ സ്വയം ആശ്വസിക്കുന്നത് ഞങ്ങളെ ആശ്വസിപ്പിച്ചു കൊണ്ടായിരുന്നല്ലോ.ഉന്നതന്മാര്‍ക്ക് കയറിയിറങ്ങി പോകേണ്ടിവരുന്ന ചിരിക്കുന്ന മുഖമുള്ള ഒരു വീട് . ഫലവൃക്ഷങ്ങള്‍ തണല്‍വിരിക്കുന്ന ഇത്തിരി സ്ഥലം . എന്നും വസന്തം നിറയുന്ന പൂമുഖം .അന്തിയില്‍ വൈദ്യുതി വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന പരിസരം . കടങ്ങളില്ലാത്ത നാളുകള്‍.തിരച്ചാര്‍ത്തുകളെ മുറിച്ചുകടക്കാന്‍ നടു കഴച്ച് ത്ണ്ടു വലിച്ച് ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഹോമിച്ച കഠിനാധ്വാനിയായ അച്ഛന്‍. എങ്കിലും ദരിദ്രബാധയുടെ തിരക്കുത്തുകളെ തരണം ചെയ്ത് ഇവിടെ ,പൂമുഖത്ത് അച്ഛന്‍ ഇരിക്കുന്നത്, വാല്യക്കാരില്ലാത്ത അടുക്കള. ..
ഒരു ജന്മം അമ്മയായി സ്നേഹിച്ച ചേച്ചിയെ നല്ലനിലയില്‍ കെട്ടിച്ചയക്കണം . ഇനി തനിക്കെന്നും കാണാവുന്ന അകലത്തില്‍.
അച്ഛന്റെ വിയര്‍പ്പിനു പകരം വയ്ക്കാന്‍ തനിക്കീ ജന്മം പോരെന്നു പോലും നീ ഒരിക്കല്‍ പറഞ്ഞില്ലേ..
നിന്റെ മനോഗുണം ഏതു മകനുണ്ടാകുമെന്നു അച്ഛന്‍ അന്നു സന്തോഷിച്ച് കരഞ്ഞില്ലേ ! അമ്മ ഒരു വേദനയും യാഥാര്‍ത്ഥ്യവുമായി അപ്പോഴും കട്ടിലിലുണ്ടായിരുന്നില്ലേ! വിധിയെ പഴിചാരി നമ്മളന്ന് എന്നും ഉരുകിയില്ലേ!
കണ്ണാ ,ഇതെല്ലാം മറക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു?
ഇന്നും നാട്ടു മാവു പൂത്തുലയുമ്പോള്‍... ഉണ്ണികള്‍ പെറുക്കി ചിരട്ടയിലാക്കി ഞാന്‍ ഇവിടെ സൂക്ഷിക്കും ; നിനക്ക് ഉപ്പും ചേര്‍ത്ത് തിന്നാന്‍ ! അന്നൊരിക്കല്‍ നമ്മള്‍ തല്ലു കൂടിയത് ഒരു കണ്ണിമാങ്ങക്കായിരുന്നില്ലേ?ഗൃഹാതുരമാകുന്ന ആ വസന്താനുഭവം നീ കൂടെയുണ്ടെങ്കില്‍ എത്ര ഹൃദ്യമായേനേ. നിന്റെ പുസ്തക ശേഖരത്തില്‍ നിന്റെ പത്രത്തില്‍ വന്ന പടം ഞാന്‍ കണ്ടു. ബി .എ ഒന്നാം റാങ്കുകാരന്‍ ! പടത്തിലും നീ ഇരു നിറം തന്നെയാണല്ലോ. നിന്റെ പുഞ്ചിരിയില്‍ അവിടെയെങ്ങും എന്തൊരു ചന്ദന ഗന്ധം !
നിന്നെ ഞാന്‍ അവസാനമായികണ്ടത് അമ്മ മരിച്ചപ്പോഴോ, അച്ഛന്‍ മരിച്ചപ്പോഴോ! എനിക്കു തിട്ടം പോര. അമ്മ മരിക്കുമ്പോള്‍ നീ കവലയില്‍ ട്യൂഷന്‍ സെന്റര്‍നടത്തുകയായിരുന്നോ?അതോ എം.എ റാങ്കു പ്രതീക്ഷിച്ച് ഐ.എ.എസ്സിനു അപേക്ഷിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നോ ആ ആഘാതം !

എം. എയ്ക്ക് നിനക്ക് ഒരു വിഷയം കിട്ടിയില്ല എന്നത്. ഒരിക്കലും അങ്ങനെ വരില്ലെന്ന് നിനക്ക് കണിശമുണ്ടായിരുന്നതിനാലാണല്ലോ അച്ഛന്‍ നമ്മുടെ കുടി കിടപ്പ് കടത്തില്‍ നിന്നും പെരും കടത്തിലാക്കി അച്യുതന്‍മാഷെ തിരുവനന്തപുരത്തേക്കയച്ചത് ! ഒരാഴ്ചക്കുള്ളില്‍ വരുമെന്നു പറഞ്ഞുപുറപ്പെട്ട മാഷ് പിന്നെ വന്നില്ലല്ലോ! നിന്റെ ഒരു മാര്‍ക്കു പോലും പുനഃപരിശോധനയില്‍ നമുക്കറിയാന്‍ കഴിഞ്ഞില്ല. അതല്ലേ നമ്മുടെ ആഘാതത്തിനുമേല്‍ ഏറ്റ കഠിനാഘാതം ! അതിനു ശേമാണല്ലോ നീ നിഷ്‌ക്രിയനും മൗനിയുമായിതീര്‍ന്നത്. അടിച്ചിടത്തടിച്ചാല്‍് അമ്മിയും പരക്കുമെന്നാണല്ലോ. 

പിന്നെയും എത്രകാലം .. കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന് എന്നോടു പറഞ്ഞത് നീയല്ലേ? കാലം എല്ലാ വേദനകളും ആറ്റുമെന്ന് ആരും പറഞ്ഞിട്ടില്ല.
വേദനകളുടെ ആഴവും പരപ്പും ഓര്‍മ്മകളുടെ തിരോഭാവത്തിലാണ് . 
മരവിയുടെ മറവിയില്‍ നീ നിന്നെത്തന്നെ മറന്നു. ആഹാരം അനാവശ്യമാണെന്നു കരുതി ഒരു ഗ്ലാസ്സ് കട്ടന്‍ ഒരു നേരത്തേക്ക് ! വീടിനു വെളിയില്‍ ഇറങ്ങാതായി . ബീഡി വലിക്കണം എന്ന ചെറിയൊരു തിന്മ നിന്നിലേക്കു കടന്നു വന്നത് അന്നാണല്ലോ. എന്നും ഞാനതു നിനക്കു വാങ്ങിത്തന്നിരുന്നല്ലോ...പതുക്കെ പതുക്കെ നിന്റെ ശരീരം ശുഷ്‌കിച്ചു. ആ ബീഡിയില്‍ നിന്നും എരിഞ്ഞു പറന്നത് നിന്റെ ആത്മാവായിരുന്നോ? പുകഞ്ഞു പുകഞ്ഞു പതിയേ പതിയേ അതു കെട്ടു പോയില്ലേ?
അന്നൊരിക്കല്‍ നീ മരിച്ചെന്നു എല്ലാവരും പറഞ്ഞു. എന്തുമാത്രം ആളുകളായിരുന്നു നമ്മുടെ വീട്ടില്‍ ഉടുത്തൊരുങ്ങി എത്തിയത് . അച്ഛന്‍ ഇറയത്ത് വിഷമിച്ചിരിക്കുന്നത് ഞാന്‍ കണ്ടതാണ് . അമ്മ കട്ടിലില്‍ തന്നെ ,ഒന്നുമറിയാതെ പകുതി മയക്കത്തില്‍.പിന്നെ ഞാന്‍ ഓര്‍ക്കുന്നത് നീ അകലേ ഉദ്യോഗത്തിനു പോയിട്ട് വരാത്തകാര്യമാണ് .നിനക്കവിടെ സര്‍ക്കാരിന്റെ വക വലിയ ബംഗ്ലാവും ഒക്കെ കിട്ടിയിട്ട് ഞങ്ങളെ അങ്ങോട്ടു കൊണ്ടു പോകും എന്നാണ്. എന്നാലും ഇത്രയും കാലം കഴിഞ്ഞിട്ടും നീ വരാത്തതെന്തേ? നീ മരിച്ചെന്നു വിശ്്്്്്്്്്്വസിക്കാന്‍ ഞാന്‍ വിഡ്ഢിയാണോ?അതോ ആളുകള്‍ കരുതും പോലെ എനിക്കു ഭ്രാന്താണോ?
അമ്മ മരിച്ചപ്പോള്‍ നീ ഇവിടെ വന്നിരുന്നത് ആരും കണ്ടു കാണില്ല,. ഞാന്‍ എന്റെ കണ്ണനെ തിരിച്ചറിയാതെ വരുമോ?
നീയന്ന് രഹസ്യമായി അമ്മയെ കൊണ്ടു പോകുന്നു വെന്ന് പറഞ്ഞില്ലേ,അതല്ലേ ഞാനന്ന് കരയാഞ്ഞത് . അങ്ങനെ ഓരോരുത്തരേയും നിന്റെയടുക്കല്‍ എത്തിച്ച് നമുക്ക് എല്ലാം മറന്ന് ജീവിക്കാമെന്ന് നീ വാക്കു തന്നില്ലേ.പറഞ്ഞതു ഞരിയല്ലേ.. പിന്നെ അച്ഛന്‍ മരിച്ചപ്പോള്‍ നീ വന്നതും ഞാന്‍ മാത്രമേ കണ്ടുള്ളൂ...
അച്ഛന്‍ മരിച്ചതന്ന നീ കൊണ്ടുപോവുകയാണെന്നല്ലേ അന്നും നീ എന്റെ മുന്നില്‍വന്ന് പതിയേ പറഞ്ഞത് . എനിക്കു നിന്നിലുള്ള വിശ്വാസം മറ്റൊന്നുമില്ല. നീ സത്യമാണെന്നെനിക്കറിയാം . നീ ഒരിക്കല്‍ വരുമെന്നും ഓരോരുത്തരെയായി നീ കൊണ്ടുപോയിക്കൊള്ളുമെന്നും എനിക്ക് ഉറപ്പാണ് . അതോടെ എല്ലാ കഷ്ടതകളും തീരുമെന്ന് എനിക്കറിയാം .
എന്റെ കണ്ണാ , ഈ പേരുപോലും നിനക്കിട്ടത് ഞാനാണ്. നിന്റെ പേര് മറ്റെന്തോ ആയിരുന്നു. പേരെന്തായാലും ആളുകള്‍ക്ക് നിന്നെ അറിയാം... നീ ഒരിക്കല്‍ ഇവിടെ വരുമ്പോള്‍ ഞാന്‍ ഇല്ലായിരിക്കാം. ഈ കത്ത് നീ വായിക്കുമ്പോള്‍ നിനക്കു മനസ്സലാകും :ഇവിടെ ഈ കഷ്ടപ്പെട്ട് എല്ലാവരും ജീവിക്കുന്നത് കഷ്ടപ്പാടുകളില്ലാത്ത നല്ലനാളേയ്ക്കു വേണ്ടിയാണെന്ന്! മിക്കവരും ഇവിടെ ആര്‍ഭാടജീവിതം തുടരുകയാമ് .എന്നാലും അവരാരും നിന്നോളം ഉന്നതരല്ല.നീ എന്നെ ക്കൂടി അധികം കഷ്ടപ്പെടുത്താതെ കൂട്ടിക്കൊണ്ടു പോകൂ കണ്ണാ! 
അവിടെ ഒരു പാഠശാലയുണ്ടെന്നു ഒരിക്കല്‍ ആരോ പറഞ്ഞിട്ടുണ്ടല്ലോ. സ്ഥാനഭേദങ്ങളോ സമ്പന്നതയോ ജാതിവംശങ്ങളോ രൂപമഹിമയോ നോക്കാത്ത ഇടെ... നീ അവിടത്തെ പഴമക്കാരനല്ലേ... കണ്ണാ ! തൂണും തണ്ടെല്ലുമൊടിഞ്ഞ ഈ കൂരയിലൂടെ ഒരു കൈ നീണ്ടു നീണ്ടു വരുന്നു ...ഹാ! ആദ്യസ്പര്‍ശനത്തില്‍തന്നെ കൊടും തണുപ്പ്! എന്റെ ശരീരം കോച്ചി മരവിക്കുന്നൂ... കണ്ണില്‍ ഇരുട്ടു നിറയുന്നു...ബോധ.....

literature,short story, muzhumipikkum munbe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES