മലയാള നോവല്‍ സാഹിത്യശാഖ മറ്റേതു ലോകഭാഷകളിലെ നോവല്‍ ശാഖയോടും കിടപിടിക്കുന്ന വിധത്തില്‍ നവീനവും ആധുനികവുമാണ്. ഏറ്റവും പുതിയ കാലത്തിന്റെ പ്രശ്നസങ്കീര്‍ണതകളെ ആവിഷ്കരിക്കാന്‍ തക്ക കരുത്തും സൗന്ദര്യവും മലയാളനോവലിനുണ്ട്. പ്രതിഭാശാലികളായ ഒട്ടേറെ പേര്‍ നോവല്‍ ശാഖയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി വരുന്നു. സഹൃദയരായ വായനക്കാര്‍ നോവലുകളെ നെഞ്ചേറ്റി ലാളിക്കുന്നു എന്നതിനു തെളിവാണ് നോവല്‍ പ്രസാധനത്തിലും വില്‍പനയിലും ഉണ്ടാവുന്ന മുന്നേറ്റം. ശരാശരി മലയാളിവായനക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് നോവലുകളെയാണ്. വിമര്‍ശകരും നോവലുകളെ ഗണ്യമായ തോതില്‍ പരിഗണിക്കുന്നു. കേരളത്തില്‍ ജനകീയ വായനയുടെ അടിത്തറയും ആകാശവും ഒരുക്കിയത് നോവലുകളാണ്.
നോവലുകളിലൂടെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഒരു പടയോട്ടം തന്നെ കേരളത്തില്‍ അരങ്ങേറി. പരിഷ്കൃതിയുടെയും പുരോഗമനത്തിന്റെയും ആദ്യത്തെ പതാകവാഹകരായിരുന്നു നോവലിസ്റ്റുകള്‍. നോവലുകള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ജീര്‍ണ്ണതകളെ ചോദ്യം ചെയ്തു. യാഥാസ്ഥിതിക നിയമസംഹിതകളെ മാറ്റിപ്പണിയുകയും ചെയ്തു. പ്രബുദ്ധമായ ഒരു ജനത എന്ന നിലയില്‍ ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കേരളീയര്‍ക്ക് ഉള്‍ക്കരുത്ത് പകര്‍ന്നത് നോവലുകളാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ ഗദ്യഭാഷാശൈലിയുടെയും പത്രമാസികകളുടെ ആവിര്‍ഭാവത്തിന്റെയും ഫലമായാണ് നോവല്‍ എന്ന സാഹിത്യവിഭാഗം നിലവില്‍ വന്നത്. 1847-1887 കാലഘട്ടത്തില്‍ 12 കഥാഖ്യാനകൃതികള്‍ മലയാളത്തില്‍ ഉണ്ടായി എങ്കിലും ഇവയൊന്നും നോവല്‍ എന്ന ഗണത്തില്‍പ്പെടുന്നില്ല. ആര്‍ച്ച് ഡിക്കന്‍കോശി എഴുതിയ പരദേശി മോക്ഷയാത്ര (1847), കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ ആള്‍മാറാട്ടം (1860), മിസിസ്സ് കോളിന്‍സിന്റെ ഘാതകവധം (1872), ആര്‍ച്ച് ഡിക്കന്‍കോശിയുടെ പുല്ലേലികുഞ്ചു (1822), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) എന്നീ കൃതികളാണവ.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലാണ് ഒ. ചന്തുമേനോന്‍ എഴുതിയ ഇന്ദുലേഖ. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1920) എന്നീ ചരിത്രനോവലുകളെ തുടര്‍ന്ന് അപ്പന്‍തമ്പുരാന്‍, കെ. നാരായണഗുരുക്കള്‍, കാരാട്ട് അച്ചുതമേനോന്‍, അമ്പാടി നാരായണ പൊതുവാള്‍, മുന്തിരങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് എന്നിവരും നോവല്‍ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കി.
1940-കളില്‍ തുടക്കം കുറിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്ത റിയലിസത്തിന്റെ കടന്നുവരവോടെയാണ് സാഹിത്യരംഗത്തെ പ്രധാനവിഭാഗമായി നോവല്‍ മാറിയത്. പി. കേശവദേവ്, തകഴി ശിവശങ്കരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങിയവരിലൂടെ മലയാളനോവല്‍ സൃഷ്ടിക്കപ്പെട്ടു. 1960-കള്‍ മുതല്‍ നോവല്‍ രചനയില്‍ വലിയ മാറ്റം സൃഷ്ടിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. പ്രത്യാശശൂന്യമായ കാലത്തിന്റെ വിഷാദവും അന്തര്‍മുഖത്വവും ഒപ്പിയെടുത്ത എം.ടി.യുടെ നോവലുകള്‍ വലിയ ജനപ്രീതിയും നിരൂപകപ്രശംസയും നേടിയെടുത്തു.
1960-കളില്‍ ആരംഭിച്ച ആധുനികതാപ്രസ്ഥാനത്തില്‍പ്പെട്ട മുന്‍നിര എഴുത്തുകാരാണ് ഒ.വി.വിജയന്‍, കാക്കനാടന്‍, കോവിലന്‍, വി.കെ. എന്‍., ടി.വി. കൊച്ചുബാവ, എന്‍.പി. മുഹമ്മദ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, വിലാസിനി, മാധവിക്കുട്ടി, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ് തുടങ്ങിയവര്‍. ശിഥിലമായ സമൂഹത്തില്‍ മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണവും വ്യക്തിയുടെ അസ്തിത്വത്തെക്കുറിച്ചുള്ള സംഘര്‍ഷങ്ങളും സ്വത്വപ്രതിസന്ധിയും നിഷേധാത്മകതയും ആധുനികതയുടെ മുഖമുദ്രയായിരുന്നു. ആധുനികതാപ്രസ്ഥാനത്തിന്റെ നിറഞ്ഞാട്ടത്തിനുശേഷം 1980-കളുടെ മധ്യത്തോടെ ഉത്തരാധുനികതാപ്രസ്ഥാനം നോവല്‍ രചനാ രംഗത്ത് സജീവമായ ചലനങ്ങള്‍ സൃഷ്ടിച്ചു. പുതിയ സഹസ്രാബ്ദത്തിന്റെ തീക്ഷ്ണമായ അനുഭവയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്കരിക്കാന്‍ നോവല്‍സാഹിത്യം പക്വതയും പ്രബുദ്ധതയും നേടിക്കഴിഞ്ഞിട്ടുണ്ട്.