Latest News

താരങ്ങളിലെ സീനിയർ ആയി ഗണേശ് വീണ്ടും സഭയിലേക്ക്; കൊല്ലത്ത് വീണ്ടും മുകേഷ് ഹിറ്റായി; ധർമ്മജന്റേത് ട്രാജഡി; സുരേഷ് ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ഫ്ളോപ്പ്; പാട്ടും പാടി ജയിച്ച് ദലീമയും; പ്രിയങ്കയ്ക്കും അടിമുടി പിഴച്ചു; ജനവിധിക്ക് ഇറങ്ങിയ താരങ്ങൾക്ക് സംഭവിച്ചത്

Malayalilife
  താരങ്ങളിലെ സീനിയർ ആയി ഗണേശ് വീണ്ടും സഭയിലേക്ക്; കൊല്ലത്ത് വീണ്ടും മുകേഷ് ഹിറ്റായി; ധർമ്മജന്റേത് ട്രാജഡി; സുരേഷ് ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ഫ്ളോപ്പ്; പാട്ടും പാടി ജയിച്ച് ദലീമയും; പ്രിയങ്കയ്ക്കും അടിമുടി പിഴച്ചു; ജനവിധിക്ക് ഇറങ്ങിയ താരങ്ങൾക്ക് സംഭവിച്ചത്

പിണറായി വിജയന്റെ 'തുടർഭരണം' ബോക്‌സ് ഓഫീസ് ഹിറ്റായി 100 കോടി ക്ലബിനരികെ എത്തിയപ്പോൾ ചലച്ചിത്രലോകത്ത് നിന്നും ഉയർന്ന വിജയചിരി മുകേഷിന്റെയും ഗണേശിന്റെയുമാണ്. അതിൽ ഏറ്റവും സീനിയോരിറ്റി പത്തനാപുരത്ത് നിന്നും തുടർച്ചയായ അഞ്ചാം തവണ ജയിച്ചുവന്ന ഗണേശ് കുമാറിന് തന്നെ. അടുത്തകാലത്ത് ഗണേശ് നേരിട്ട ശക്തമായ മൽസരമായിരുന്നു ഇത്തവണത്തേത്. എന്നാൽ ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ 14,674 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്താൻ ഗണേശിന് കഴിഞ്ഞു. കഴിഞ്ഞ തവണ 24,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

കടുത്ത മത്സരം കാഴ്ചവച്ച എതിരാളി കോൺഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഎം രണ്ടാമതും തന്നിലർപ്പിച്ച വിശ്വാസം മുകേഷ് കാത്തത്. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം ഉൾപ്പെടെ സർക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ് അദ്ദേഹം തോൽപിച്ചത്. കഴിഞ്ഞ തവണത്തെതിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയത്തിന്റെ മാറ്റിന് കുറവൊന്നുമില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ സൂരജ് രവിയെ 17,611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് തോൽപ്പിച്ചത്.

ശക്തമായ പെൺപോരാട്ടം നടന്ന അരൂർ മണ്ഡലത്തിൽ നിന്നും ചുണ്ടിലൊരു മൂളിപ്പാട്ടുമായാണ് പിന്നണി ഗായിക കൂടിയായ ദലീമ നിയമസഭയുടെ പടികൾ ചവിട്ടുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എംഎൽഎയായി സ്ഥാനക്കയറ്റം കിട്ടുമ്പോൾ ദലീമയ്ക്ക് അത് ഇന്റെർവെല്ലുകളില്ലാത്ത പൊതുപ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ്. നാട് നെഞ്ചേറ്റിയ മനോഹര ഗാനമായി ദലീമ ഇനി തലസ്ഥാനത്തേയ്ക്ക് വണ്ടി കയറും.

എന്നാൽ ഒരുപാട് സ്വപ്‌നങ്ങളുമായി എത്തിയ കോമഡിതാരം ധർമജൻ ബോൽഗാട്ടി ട്രാജഡിയാകുന്ന ഫലമായിരുന്നു ബാലുശേരിയിലേത്. യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയ ധർമജൻ കനത്ത മൽസരമാണ് കാഴ്‌ച്ചവച്ചതെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഫലം വന്നപ്പോൾ എതിർ സ്ഥാനാർത്ഥിയായ സിപിഎമ്മിന്റെ സച്ചിൻദേവിന് ലഭിച്ചത് 20372 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷമാണ്.

ഇത്തവണ ബിജെപിക്ക് വേണ്ടി മൽസരിക്കാനിറങ്ങിയത് മൂന്ന് താരങ്ങളായിരുന്നു. സുരേഷ് ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും. എന്നാൽ മൂന്ന് പേരും ഫ്‌ളോപ്പാകുന്നതാണ് ഫലം വന്നപ്പോൾ കണ്ടത്. അക്കൂട്ടത്തിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിക്ക് മാത്രമാണ്. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും വിജയിച്ച പി. ബാലചന്ദ്രനിൽ നിന്നും നാലായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശ്രീശാന്ത് നേടിയതിനെക്കാൾ ഒരടിപോലും മുന്നോട്ടുപോകാൻ അവിടെ ഇത്തവണ മൽസരിച്ച കൃഷ്ണകുമാറിന് കഴിഞ്ഞിട്ടില്ല. അവതാരക കൂടിയായിരുന്ന വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായർ, അരൂരിലെ സിനിമ താരം ഡിജെഎസ്‌പി സ്ഥാനാർത്ഥി പ്രിയങ്ക അനൂപ് എന്നിവരും നിലംതൊട്ടില്ല.

cinema stars election report special

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക